Connect with us

Malappuram

താനൂര്‍ മിനിസിവില്‍ സ്റ്റേഷന് മുഖ്യമന്ത്രി ശിലയിട്ടു

Published

|

Last Updated

താനൂര്‍: വികസനവും കരുതലും അടിസ്ഥാനമാക്കി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും പശ്ചാത്തല വികസം സജ്ജമാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നര കോടി ചെലവില്‍ താനൂര്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന താനൂര്‍ മിനി സ്റ്റേഷന്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. താനൂര്‍ ഉള്‍പ്പെടെ 22 നിയോജക മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ മേഖലയില്‍ കോളജുകള്‍ ആരംഭിക്കും. താനൂര്‍ ഗവ. കോളജിന് ഫിഷറീസ് വകുപ്പിന്റെ മൂന്നര ഏക്കര്‍ സ്ഥലം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഇ ടി മുഹമ്മദ് ബശീര്‍ എം പി അധ്യക്ഷനായി. ഫിഷറീസ്- തുറമുഖ മന്ത്രി കെ ബാബു, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുനീറ അടയാട്ടില്‍, എ ഡി എം എം ടി ജോസഫ്, ആര്‍ ഡി ഒ കെ ഗോപാലന്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
താനൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിനായി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ സര്‍ക്കാര്‍ 20 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. മൂന്ന്‌നില കെട്ടിടത്തിന് 1391.14 ച.മീറ്റര്‍ വിസ്തൃതിയുണ്ടാവും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിലവില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫിഷറീസ് വകുപ്പിന്റെ വിവിധ ഓഫീസുകളും തുറമുഖ എന്‍ജിനീയറിംഗ് വില്ലേജ്, എ ഇ ഒ, പട്ടികജാതി വികസനം, മേജര്‍ ഇറിഗേഷന്‍, ലിറ്റററി മിഷന്‍, ക്ഷീരവികസനം തുടങ്ങി 26 സര്‍ക്കാര്‍ ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് മാറും.