Connect with us

International

ഗാസക്ക് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം വീണ്ടും

Published

|

Last Updated

വെസ്റ്റ്ബാങ്ക്: 50 ദിവസം നീണ്ടുനിന്ന ഗാസ ആക്രമണത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പ് ഇസ്‌റാഈല്‍ സൈന്യം വീണ്ടും ഗാസയില്‍ ആക്രമണം നടത്തി. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രത്തെ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് ഗാസയില്‍ നിന്ന് ഫലസ്തീന്‍ വക്താവ് പറഞ്ഞു. ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ ഇസ്‌റാഈല്‍ വിമാനങ്ങള്‍ താഴ്ന്നുപറന്നതായി ഗാസ സ്വദേശി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഗാസയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് റോക്കറ്റ് പതിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്‌റാഈല്‍ പറയുന്നു. ഈ സംഭവത്തിലും ഇസ്‌റാഈലില്‍ നിന്നുള്ള ആര്‍ക്കും പരുക്കേറ്റിട്ടില്ല. റോക്കറ്റ് ആക്രമണം നടത്തിയത് ഹമാസ് എന്നാണ് ഇസ്‌റാഈല്‍ കുറ്റപ്പെടുത്തുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 26നാണ് ഇസ്‌റാഈലും ഹമാസും വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയിരുന്നത്. ഈജിപ്തായിരുന്നു സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചിരുന്നത്. ഇസ്‌റാഈല്‍ ഗാസയില്‍ നടത്തിയ 50 ദിവസം നീണ്ടുനിന്ന വ്യോമാക്രമണത്തില്‍ രണ്ടായിരത്തിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. യുദ്ധത്തിനിടെ യു എന്നിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയരാര്‍ഥി ക്യാമ്പിന് നേരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നു. ലോക രാഷ്ട്രങ്ങള്‍ മുഴുവനും ഇസ്‌റാഈലിന്റെ ഈ നടപടിയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനിടെ ഗാസയിലെ ആയിരക്കണക്കിന് പേരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. ഗാസ പുനുരദ്ധാരണത്തിന് ലോക രാഷ്ട്രങ്ങള്‍ അകമഴിഞ്ഞ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.

Latest