Connect with us

Kerala

241 സ്വകാര്യ റൂട്ടുകളിലെ താത്കാലിക പെര്‍മിറ്റുകള്‍ സര്‍ക്കാര്‍ റദ്ദാക്കി

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ 241 സ്വകാര്യ റൂട്ടുകളില്‍ പെര്‍മിറ്റുകള്‍ താല്‍ക്കാലികമായി അനുവദിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ജൂലൈ 17ലെ ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ അറിയിച്ചു. കെ എസ് ആര്‍ടി സിയെ സ്വകാര്യമേഖലക്ക് തീറെഴുതാന്‍ ശ്രമം നടക്കുന്നുവെന്ന കോടതിയുടെ വിമര്‍ശനത്തെതുടര്‍ന്നാണ് വെള്ളിയാഴ്ച സര്‍ക്കാര്‍ നിലപാട് മാറ്റിയത്. ഈ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ കെ എസ് ആര്‍ ടി സിക്ക് ഇതോടെ അനുമതി ലഭിക്കും. ഈ സര്‍വീസുകള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടറും മുഴുവന്‍ ജീവനക്കാരും ഉറപ്പ് വരുത്തണമെന്നും ഇതില്‍ വീഴ്ചയുണ്ടായാല്‍ ജീവനക്കാരുടെ കൃത്യവിലോപമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ബാബു മാത്യൂ പി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് മുന്നറിയിപ്പ് നല്‍കി. കെ എസ് ആര്‍ ടി സിയുടെ സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനെ കോടതി വിമര്‍ശിച്ചിരുന്നു. ശബരിമല സീസണ്‍ അടക്കമുള്ള ഈ കാലയളവില്‍ സര്‍ക്കാറിന്റെ നിലപാട് സ്വകാര്യ ബസ് ഉടമകളെ സഹായിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി വിലയിരുത്തിയിരുന്നു. സുപ്പര്‍ ക്ലാസ് റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ച് കെ എസ് ആര്‍ ടി സി സര്‍ക്കാറിന് കത്തയച്ചെങ്കിലും പുതിയ രൂപരേഖ നല്‍കാന്‍ ആവശ്യപ്പെട്ട് മടക്കിയയക്കുകയായിരുന്നു. തുടര്‍ന്ന് പെര്‍മിറ്റ് അനുവവദിക്കുന്ന കാര്യത്തില്‍ കൂടുതല്‍ സാവകാശം തേടി സര്‍ക്കാര്‍ പ്രത്യേക ഹരജി നല്‍കിയതോടെയാണ് സര്‍ക്കാറിന്റെ നടപടിയെ കോടതി വിമര്‍ശിച്ചത്. സര്‍ക്കാര്‍ നിലപാട് ശനിയാഴ്ച വ്യക്തമാക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയും കോടതി നടപടിയെ പ്രഹസനമാക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേതെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിച്ചത്.
സ്വകാര്യ സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുകള്‍ക്കെതിരെ കെ എസ് ആര്‍ ടി സി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി കെ കൃഷ്ണനും മറ്റും സമര്‍പ്പിച്ച ഹരജിയാണ് കോടതി തീര്‍പ്പാക്കിയത്.

Latest