ഉണ്ട്, ഈ കൊലയാളികള്‍ക്ക് പ്രത്യയശാസ്ത്രമുണ്ട്

Posted on: December 21, 2014 12:10 am | Last updated: December 21, 2014 at 2:27 pm

peshawar attack 3പെഷാവറില്‍ പിടഞ്ഞു വീണ കുഞ്ഞുങ്ങളുടെ ചോരപ്പുഴയാണ് മുന്നില്‍. ഇവിടെ വിശകലനങ്ങള്‍ അസാധ്യമാകുന്നു. കാര്യകാരണങ്ങള്‍ കുഴഞ്ഞ് മറിഞ്ഞു പോകുന്നു. ചരിത്രത്തിന്റെ വിശാല നിലങ്ങളില്‍ സമാനതകള്‍ തേടിയുള്ള മുങ്ങിത്തപ്പലുകള്‍ നിസ്സഹായമാകുന്നു. ചെച്‌നിയയിലെ ആയുധധാരികളെ പോരാളികള്‍ എന്ന് വിളിച്ച കാലമുണ്ടായിരുന്നു. ബേസ്‌ലാനിലെ നൂറിലധികം കുട്ടികളുടെ ചോര ആ വിളിപ്പേര് അശ്ലീലമാക്കി. താലിബാനെ അല്‍ഖാഇദയില്‍ നിന്ന് വേര്‍തിരിച്ച് മനസ്സിലാക്കിയ കാലവുമുണ്ടായിരുന്നു. കാരണം അതിന് രാഷ്ട്രീയ പദ്ധതികളുണ്ടായിരുന്നു. അഫ്ഗാന്റെ ഭരണചക്രം തിരിച്ചതിന്റെ പ്രായോഗികതയുണ്ടായിരുന്നു. സ്വയം മരിക്കാന്‍ തീരുമാനിച്ച ഭ്രാന്തന്‍മാരുടെ കൂട്ടം മാത്രമല്ല അതെന്ന് സൂക്ഷ്മവിശകലനത്തിന് മുതിര്‍ന്നിരുന്നു. ആ വ്യവച്ഛേദങ്ങള്‍ക്ക് തങ്ങള്‍ അര്‍ഹരല്ലെന്ന് അവര്‍ എന്നേ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ സൈനിക സ്‌കൂളിലെ പാഠനമുറിയില്‍ ഒന്നുമറിയാത്ത കുട്ടികളെ കൊന്ന് തള്ളുമ്പോള്‍ മനുഷ്യകുലത്തെയാകെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയാണ് പാക് താലിബാന്‍ വിഭാഗമെന്ന് വിളിക്കപ്പെടുന്ന തഹ്‌രീകെ താലിബാന്‍ ചെയ്തത്. അത്‌കൊണ്ട് പെഷാവറിലെ കുഞ്ഞുങ്ങളുടെ രക്തസാക്ഷിത്വം പാഴായി പോകാതെ നോക്കേണ്ടത് മാനവ കുലത്തിന്റെ ഉത്തരവാദിത്വമാണ്. ഒന്നുകില്‍ അന്താരാഷ്ട്ര സമൂഹമെന്ന സോകോള്‍ഡ് സാമ്രാജ്യത്വ സാങ്കല്‍പ്പിക സംവിധാനത്തെ എല്ലാ ഉത്തരവാദിത്വവും ഏല്‍പ്പിച്ച് ചാരു കസേരയില്‍ ഉറക്കം തൂങ്ങാം. അല്ലെങ്കില്‍ എല്ലാ തരം തീവ്രവാദ പ്രവണതകളേയും അതിന്റെ ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ പശ്ചാത്തലങ്ങളും അവ ഉരുവം കൊള്ളുകയും മാരകമാവുകയും ചെയ്യുന്ന സാഹചര്യങ്ങളും തിരിച്ചറിയാം. അവബോധത്തിന്റെ പ്രതിരോധമൊരുക്കാം. ഇതില്‍ ജനസാമാന്യം ഏത് തിരഞ്ഞെടുക്കുന്നവെന്നതിനെ ആശ്രയിച്ചിരിക്കും മാനവരാശിയുടെ തന്നെ ഭാവി. തിരിച്ചറിവ് ഉഗ്രന്‍ പ്രഹര ശേഷിയുള്ള ആയുധമാണ്. പൗരന്‍മാരുടെ തിരിച്ചറിവ് ഭരണകൂടങ്ങളുടെ അജന്‍ഡകളെ നേരായി നിര്‍ണയിക്കും. അവരുടെ ബോധ്യങ്ങളെ എക്കാലവും കബളിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കില്ല. അമേരിക്കന്‍ ജനതയില്‍ ഈ തിരിച്ചറിവ് ശരിയായ തോതില്‍ ഉണരാത്തതിനാലാണ് അവിടുത്തെ ഭരണകൂടം ഇപ്പോഴും അരക്ഷിതവും അക്രമോത്സുകവുമാകുന്നത്. അത്‌കൊണ്ട് പെഷാവറിലെ കുട്ടികള്‍ക്ക് വേണ്ടി വിലപിക്കുന്ന എത്ര പേര്‍ക്ക് അതിന് അവകാശമുണ്ടെന്ന് വിശകലനം ചെയ്യേണ്ടതുണ്ട്.
അഫ്-പാക് എന്നാണ് അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും ചേര്‍ത്ത് അമേരിക്കയും കൂട്ടാളികളും വിളിക്കാറുള്ളത്. ഈ രണ്ട് പരമാധികാര രാഷ്ട്രങ്ങള്‍ക്ക് ഇവരുടെ കണ്ണില്‍ വ്യക്തിത്വമേ ഇല്ല. തങ്ങളുടെ ഉറക്കം കെടുത്തുന്ന ആരൊക്കെയോ ഒളിച്ച് താമസിക്കുന്ന ഇടങ്ങള്‍ മാത്രമാണ് വന്‍ ശക്തികള്‍ക്ക് ഈ ഭൂവിഭാഗം. സോവിയറ്റ് യൂനിയന്‍ ഇവിടെ ആധിപത്യമുറപ്പിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ ചേരി പുറത്തെടുത്ത കുതന്ത്രങ്ങളാണ് ഇന്നും ഈ മേഖലയെ അശാന്തമാക്കി നിര്‍ത്തുന്നത്. അന്ന് വിതറിയ ആയുധങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ രൂപം കൊണ്ട തീവ്രവാദ ഗ്രൂപ്പുകളുമാണ് പല പേരുകളില്‍ പല നേതാക്കളുടെ പിന്നില്‍ ഇന്നും നിലനില്‍ക്കുന്നത്. ശീതസമരം പോയി. സാമ്പത്തിക താത്പര്യങ്ങള്‍ രാഷ്ട്രീയ ചേരികളെ അപ്രസക്തമാക്കി. പുതിയ കൂട്ടുകള്‍ കെട്ടുകള്‍ വന്നു. വന്നു കൊണ്ടിരിക്കുന്നു. പക്ഷേ, കൊളോണിയലിസവും ശീതസമരവും തുറന്നിട്ട പണ്ടോരയുടെ പെട്ടിയില്‍ നിന്ന് പിശാചുക്കള്‍ അലറി വിളിച്ച് പുറത്ത് വന്നു കൊണ്ടേയിരിക്കുന്നു. എത്ര ഉസാമ ബിന്‍ ലാദന്‍മാരെ കൊന്നു തള്ളിയാലും എത്ര കണ്ട് ചിതറിയാലും തീവ്രവാദ ഗ്രൂപ്പകള്‍ പുനരാവിഷ്‌കരിക്കപ്പെടുന്നത് ഈ മേഖലയുടെ രാഷ്ട്രീയ രക്തത്തില്‍ അവ അധികാരം സ്ഥാപിച്ചിരിക്കുന്നത് കൊണ്ടാണ്. നജീബുല്ലയെ കൊന്ന് വിളക്ക് കാലില്‍ തൂക്കിയ ശേഷം ‘ഇനിയെല്ലാവരും ആയുധം താഴെ വെച്ച് കൃഷിയിലേക്കും കാലി വളര്‍ത്തലിലേക്കും നീങ്ങണ’മെന്ന് അമേരിക്ക ആഹ്വാനം ചെയ്താല്‍ കേള്‍ക്കാവുന്ന നിലയിലായിരുന്നില്ല കാര്യങ്ങള്‍.
ചില കാര്യങ്ങളുണ്ട്. അത് എല്ലാവര്‍ക്കുമറിയാം. എന്നാലും ചരിത്രത്തിന്റെ സവിശേഷമായ സന്ധികളില്‍ അവ ആവര്‍ത്തിച്ചു കൊണ്ടിരിക്കണം. മതത്തിന്റെ രാഷ്ട്രീയ പ്രയോഗം സംബന്ധിച്ച് അപകടകരമായ ധാരണകള്‍ പരത്തിയ അബുല്‍ അഅ്‌ലാ മൗദൂദി അടക്കമുള്ള മതരാഷ്ട്രവാദികളാണ് മുസ്‌ലിം നാമധേയം ആരോപിക്കപ്പെടുന്ന എല്ലാ തീവ്രവാദ ഗ്രൂപ്പുകള്‍ക്കും പ്രത്യയ ശാസ്ത്ര അടിത്തറ ഒരുക്കിക്കൊടുത്തതെന്ന വസ്തുത അത്തരത്തില്‍ ആവര്‍ത്തിക്കപ്പെടേണ്ട ഒന്നാണ്. പരമ്പാരഗതവും നിഷ്‌കളങ്കവുമായ മതവിശ്വാസികളില്‍ അവര്‍ വിമോചനവ്യാമോഹത്തിന്റെ വിഷം കുത്തിവെച്ചു. യഥാര്‍ഥ മതവിശ്വാസികള്‍ സാമ്രാജ്യത്വവിരുദ്ധരായിരുന്നു. അനുഷ്ഠാനപരവും ജീവിതക്രമവുമായി ബന്ധപ്പെട്ടതും വിശ്വാസപരവുമായ നിലപാടുകളിലാണ് അവര്‍ അത് പ്രകടിപ്പിച്ചത്. എല്ലാ തരം വിയോജിപ്പുകളെയും ആയുധത്തിന്റെ ഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്തതില്‍ മതരാഷ്ട്രവാദത്തിന്റെ പങ്ക് മറ്റെന്തിനേക്കാളും മേലെയായിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയെ അത് ശത്രു സ്ഥാനത്ത് നിര്‍ത്തി. മതത്തിലെ തന്നെ അവാന്തരങ്ങളെ കൊന്ന് തീര്‍ക്കാന്‍ തുടങ്ങി. (അഹ്മദിയാ, ശിയാ കൂട്ടക്കൊലകള്‍). സ്വാതന്ത്ര്യ മുന്നേറ്റങ്ങള്‍ക്ക് നേര ആയുധമെടുത്തു(ബംഗ്ലാദേശ്). അങ്ങനെയങ്ങനെയാണ് മുസ്‌ലിം/ അറബി പേരുകളുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ഉദയം ചെയ്തത്.
പ്രത്യയ ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാതെ ഒരു സംഘവും രൂപപ്പെടില്ല, നിലനില്‍ക്കില്ല. അത്‌കൊണ്ട് മതരാഷ്ട്രവാദത്തിന്റെ ചരിത്രത്തില്‍ നിന്നാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തീവ്രവാദ ഗ്രൂപ്പുകളുടെ ചരിത്രം തുടങ്ങുന്നത്. 2007ല്‍ പര്‍വേശ് മുശര്‍റഫ് പാക് ഭരണത്തലവന്‍ ആയിരുന്നപ്പോള്‍ ഇസ്‌ലാമാബാദിലെ മദ്‌റസയില്‍ നടന്ന ആക്രമണത്തിന് ശേഷമായിരിക്കാം തഹ്‌രീക്കെ താലിബാന്‍ എന്ന സംഘടനയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയത്. ബയ്ത്തുല്ല മഹ്‌സൂദിനെയായിരിക്കാം അതിന്റെ സ്ഥാപകനായി നെറ്റില്‍ തിരഞ്ഞാല്‍ കാണുന്നത്. നൂറു കണക്കായ മനുഷ്യരെ കൊന്നു തള്ളുന്ന ചാവേര്‍ ആക്രമണങ്ങളിലൂടെ ആയിരിക്കാം അതിന്റെ സാന്നിധ്യം പുറം ലോകം അറിയുന്നത്. ഈ വിവരങ്ങളെല്ലാം തഹ്‌രീകെ താലിബാന്‍ എന്ന ഒരു സംഘടനയുടെ കാര്യം മാത്രമാണ്. മേഖലയിലെ എല്ലാ തീവ്രവാദ ഗ്രൂപ്പുകളും പരസ്പരം പ്രത്യയശാസ്ത്രപരമായ ഐക്യം കാത്ത് സൂക്ഷിക്കുകയും ഒരേ സ്വഭാവം പുലര്‍ത്തുകയും ചെയ്യുന്നതിനാല്‍ തഹ്‌രീകെ താലിബാനെ വേര്‍തിരിച്ച് വിശകലനം ചെയ്യുന്നതില്‍ അര്‍ഥമില്ല. അത്തരമൊരു വിശകലനം അടര്‍ത്തി മാറ്റലും അത്‌കൊണ്ട് തന്നെ അപൂര്‍ണവുമായിരിക്കും. പെഷാവര്‍ ആക്രമണത്തെ തഹ്‌രീക്കെ താലിബാന്റെ സഹോദര സംഘടന അപലപിച്ചുവെന്ന തലക്കെട്ടിന് ഒരു പ്രധാന്യവുമില്ല. അഫ്ഗാന്‍ താലിബാന്‍ ത്ഹരീക്കിനെ അറിയില്ലെന്ന് തള്ളിപ്പറഞ്ഞിട്ടും കാര്യമില്ല. ഇവയെ ആകെ ഒറ്റ യൂനിറ്റായി എടുക്കണം. ആ ഒറ്റത്തടിക്ക് വിത്തിട്ടത് ആര്? വെള്ളമൊഴിച്ചത് ആരൊക്കെ? വളം വെച്ച് കൊടുക്കുന്നത് ആരൊക്കെ എന്നതാണ് ചോദ്യം. ആദ്യത്തെ ഉത്തരം മതരാഷ്ട്രവാദ പ്രത്യയശാസ്ത്രം തന്നെ. അത്‌കൊണ്ട് ഈ പ്രത്യയ ശാസ്ത്രവുമായി ബന്ധമുള്ള എല്ലാവര്‍ക്കും രാഷ്ട്ര, ദേശ, കാല ഭേദമന്യേ പെഷാവറിലെ ചോരയില്‍ പങ്കുണ്ട്.
അപ്പോള്‍ സാമ്രാജ്യത്വമോ? അവര്‍ തന്നെയാണ് ഈ നശീകരണ ശക്തികളെ പടച്ച് വിട്ടത്. ഇന്ന് ഇറാഖിലും സിറിയയിലും മരണം വിതക്കുന്ന ഇസിലടക്കമുള്ള എല്ലാ അക്രമി സംഘങ്ങള്‍ക്കും പിന്നില്‍ സി ഐ എയാണ്. അതത് കാലത്തെ അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ തന്നെയാണ് ആയുധവും പരിശീലനവും പണവും നല്‍കി ഇത്തരം സംഘങ്ങളെ സൃഷ്ടിച്ചെടുക്കുന്നത്. പക്ഷേ, അത്തരമൊരു സൃഷ്ടിപ്പിന് പാകമായ ഒരു പ്രത്യയയാസ്ത്ര പരിസരം ആവശ്യമാണ്. അതിന് ഏറ്റവും നല്ലത് മതമാണ്. യഥാര്‍ഥ മതം പക്ഷേ, അക്രമത്തിന്റെ എതിര്‍ ചേരിയിലാണ്. അപ്പോള്‍ പരിഷ്‌കരിച്ച മതം വേണം. വക്രീകരിച്ച മതം വേണം. ഈ ദൗത്യമാണ് മൗദൂദിസം ഇവിടെ ചെയ്തത്. ‘മതത്തില്‍ യാതൊരു ബലാത്ക്കാരവും ഇല്ല. തീര്‍ച്ചയായും സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിരിക്തമാ’ണെന്ന് ഖുര്‍ആന്‍ വാക്യത്തിന്റെ സാരാംശം. ‘ദീന്‍ (രാഷ്ട്രം) സത്യമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ സര്‍വശക്തിയുമപയോഗിച്ച് അതിനെ ഭൂമുഖത്ത് സുസ്ഥാപിക്കുകയോ അല്ലാത്ത പക്ഷം അതേ പരിശ്രമത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കുകയോ അല്ലാതെ നിങ്ങള്‍ക്ക് ഗത്യന്തരമില്ല’ എന്ന് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഖുത്തുബാത്ത്. അങ്ങനെ മതത്തിന്റെ മാനുഷിക മുഖം വികൃതമാക്കുന്നതില്‍ സാമ്രാജ്യത്വവും മതപരിഷ്‌കരണ പ്രത്യയശാസ്ത്രങ്ങളും ഗാഢമായ സഖ്യം പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഈ അവബോധങ്ങളാണ് ജിഹാദിന്റെ മതബാഹ്യമായ തലം സൃഷ്ടിച്ചത്. പുതുതായി മുളച്ച് പൊങ്ങുന്നതും പടര്‍ന്ന് പന്തലിച്ചതുമായ എല്ലാ ഭീകര ഗ്രൂപ്പുകളും ആത്യന്തികമായി മൗദൂദിസത്തില്‍ വേരാഴ്ത്തി നില്‍ക്കുന്നു. ചാവേറുകളുടെ ജീവാര്‍പ്പണത്തിന്റെ പശ്ചാത്തലം മാത്രം നോക്കിയാല്‍ ഇത് മനസ്സിലാകും.
ഇനി പാക് രാഷ്ട്രീയ, സൈനിക നേതൃത്വലേക്ക് വരാം. നവാസ് ശരീഫ് ഭരണകൂടം പെഷാവര്‍ കൂട്ടക്കൊലയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. സര്‍വ കക്ഷി യോഗം വിളിച്ചു. സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തി ഉപരോധ സമരം നടത്തുന്ന പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍ യോഗത്തിനെത്തി. ശരീഫിന് ഹസ്തദാനം ചെയ്തു. ആ ആലിംഗനത്തിന്റെ ചിത്രം പാക് മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം പുറത്ത് വിട്ടു. ജനങ്ങള്‍ ആശ്വസിക്കുന്നുണ്ടാകണം. തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായ നടപടികളിലേക്ക് രാഷ്ട്രീയ നേതൃത്വം ഉണരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാകണം. പക്ഷേ ഡോണ്‍ പത്രം അതിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞത് പോലെ ഈ നേതാക്കള്‍ ഹസ്തദാനം ചെയ്യുമ്പോള്‍ അവരുടെ മനസ്സില്‍ എന്താണ് ഉണ്ടായിരുന്നത് എന്ന് നോക്കേണ്ടിയിരിക്കുന്നു. ‘എന്റെ ഉപരോധ സമരം വെള്ളത്തിലായല്ലോ’ എന്നാകും ഇമ്രാന്‍ ഖാന്‍ ചിന്തിച്ചത്. ‘ഹൊ രക്ഷപ്പെട്ടു, സമര ശല്യം തീര്‍ന്നല്ലോ’ എന്നാകും ശരീഫ് ചിന്തിച്ചത്. പാക് രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് സാമാന്യ ജ്ഞാനമുള്ളവര്‍ക്ക് ആ മനസ്സിലിരിപ്പുകളെ ഇങ്ങനെയേ വായിക്കാനൊക്കൂ. 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കറാച്ചിയില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇതിന് സമാനമായ സാഹചര്യം തന്നെയായിരുന്നു. അന്ന് പി പി പി സര്‍ക്കാറിനെതിരെ ഇന്നത്തെ നവാസ് ശരീഫിന്റെ സഹോദരന്‍ ശഹബാസ് ശരീഫ് പട നയിക്കുകയായിരുന്നു. പഞ്ചാബ് പ്രവിശ്യാ സര്‍ക്കാറിന്റെ തലപ്പത്ത് നിന്ന് ശഹബാസിനെ പിരിച്ചു വിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു സര്‍ദാരി സര്‍ക്കാര്‍. ഇതിനെതിരായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെ സമരത്തെ ക്രിക്കറ്റ് ടീം ആക്രമണത്തില്‍ മുക്കിക്കൊല്ലാന്‍ പി പി പി സര്‍ക്കാറിന് സാധിച്ചു. ഇന്ന് ചരിത്രം ഒന്ന് കറങ്ങിത്തിരിഞ്ഞ് ഇമ്രാനിലും ശരീഫിലും എത്തുമ്പോള്‍ അതേ രംഗങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഭരണത്തലവന്‍മാരെ പച്ചക്ക് കൊന്നതിന്റെ വിശാലമായ ചരിത്രമുള്ള പാക്കിസ്ഥാനില്‍ എക്കാലത്തും തീവ്രവാദ ഗ്രൂപ്പുകളെ രാഷ്ട്രീയ നേതൃത്വം പല തരത്തില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ക്രൂരമായ പക്ഷം പിടിക്കലുകള്‍ നടത്തും. ആക്രമണങ്ങള്‍ സംഘടിപ്പിക്കും. തങ്ങള്‍ക്ക് ഇഷ്ടില്ലാത്ത സിവിലിയന്‍ സര്‍ക്കാറുകളെ നിലക്ക് നിര്‍ത്താന്‍ ഐ എസ് ഐയും സൈന്യവും ഇത് തന്നെ ചെയ്യും. അബത്താബാദില്‍ കടന്ന് കയറി അമേരിക്കന്‍ നേവി സീല്‍ കമാന്‍ഡര്‍മാര്‍ ഉസാമ ബിന്‍ലാദനെ വകവരുത്തിയിട്ട് ഞങ്ങളറിഞ്ഞില്ലെന്ന് സൈന്യം പറയുന്ന നാടല്ലേ. തീവ്രവാദികളെ സ്വന്തം ശക്തിയുപയോഗിച്ച് ബുദ്ധിപരമായി നേരിടാനും ഒറ്റപ്പെടുത്താനും സാധിക്കാത്ത പാക് രാഷ്ട്രീയ, സൈനിക നേതൃത്വം ഇപ്പോള്‍ പൊഴിക്കുന്ന കണ്ണീരിന് ഉപ്പുരസമില്ല. കണ്ണീരിലും ഉപ്പുരസമില്ല. കുതന്ത്രങ്ങളുടെ കയ്‌പ്പേ ഉള്ളൂ. മുതലക്കണ്ണീരെന്ന് പറഞ്ഞ് മുതലയുടെ പേര് ചീത്തയാക്കേണ്ട.
പെഷവാറിലെ അയല്‍ക്കാരുടെ കണ്ണീരോ? വിഭജനത്തോളം നീളുന്ന അവിശ്വാസത്തിന്റെയും ശത്രുതയുടെയും ചരിത്രമല്ലേ തീവ്രവാദികളുടെ ഇഷ്ട താവളമായി മേഖലയെ മാറ്റിയത്? ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംശയത്തിന്റെ കാര്‍മേഘങ്ങള്‍ പെയ്‌തൊഴിഞ്ഞ് സൗഹൃദം തെളിഞ്ഞ് നിന്നിരുന്നുവെങ്കില്‍ മേഖല എത്രമാത്രം സമാധാനപൂര്‍ണമാകുമായിരുന്നു? പകരം സാമ്രാജ്യത്വ ശക്തികള്‍ക്കിടയില്‍ കുട്ടനും മുട്ടനുമായി ഏറ്റുമുട്ടകയല്ലേ ഈ അയല്‍ക്കാര്‍. ഈ ശത്രുത ആരുടെ താത്പര്യത്തിലാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തിടത്തോളം എന്ത് അര്‍ഥമാണ് ഇവിടെ ഒഴുകുന്ന കണ്ണീരിനുളളത്? രാഷ്ട്രീയ നക്കാപിച്ചകള്‍ക്കുള്ള ഭിക്ഷയായിരുന്നില്ലേ യുദ്ധങ്ങള്‍?
ഈ കുട്ടികളുടെ ചോരയില്‍ നിന്നു കൊണ്ട് ഇനിയുമുണ്ട് ചോദ്യങ്ങള്‍. പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ മേഖലയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് യഥാര്‍ഥത്തില്‍ ആരാണ്? എന്ത്‌കൊണ്ടാണ് അവരുടെ പേര് വിവരങ്ങള്‍ പുറത്ത് വരാത്തത്? അവര്‍ക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം കൃത്യമായി പുറത്ത് വിടേണ്ടതല്ലേ? പാക് ചാരസംഘടനയായ ഐ എസ് എയുടെ സ്വന്തം തീവ്രവാദ സംഘടനകളും അല്ലാത്ത തീവ്രവാദ സംഘടനകളും തമ്മില്‍ എങ്ങനെ വേര്‍തിരിച്ച് മനസ്സിലാക്കാനാകും? മേഖലയിലെ ഗ്രാമീണര്‍ തീവ്രവാദികള്‍ക്ക് സംരക്ഷണം ഒരുക്കുന്നുണ്ടെങ്കില്‍ അത് അവരെ പേടിയുള്ളത് കൊണ്ട് മാത്രമാണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സ്വന്തം പൗരന്‍മാരോട് ഭരണകൂടത്തിനുള്ള ബാധ്യതകളുമായി ബന്ധപ്പെട്ടതാണ്.