വെളുക്കാന്‍ തേച്ചത് പാണ്ടായി

Posted on: December 21, 2014 12:08 am | Last updated: December 21, 2014 at 12:08 am

‘കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിതന്നെ ഇല്ലാതായെന്ന’ ചൊല്ലിനെ ഓര്‍മിപ്പിക്കുന്നതാണ് യു ഡി എഫ് സര്‍ക്കാറിന്റെ പുതിയ മദ്യനയവും അതിന്റെ പരിണിതികളും. യു ഡി എഫ് ഒറ്റക്കെട്ടായി തീരുമാനിച്ചതും ഭൂരിപക്ഷം ജനങ്ങള്‍ അംഗീകരിച്ചതുമായ മദ്യനയം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചത് പോലെ ‘പ്രായോഗികമായ’ ചില മാറ്റങ്ങള്‍ക്ക് വിധേയമാക്കിയപ്പോള്‍ സ്ഥിതിയാകെ മാറി. ഇക്കാര്യത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന് പൂര്‍ണ യോജിപ്പില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ടൂറിസം, തൊഴില്‍ രംഗങ്ങളില്‍ പുതിയ നയം ഉണ്ടാക്കാനിടയുള്ള ആഘാത പഠനങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. നയം പ്രഖ്യാപിക്കുന്നത് മുഖ്യമന്ത്രിയാണെങ്കിലും അത് നടപ്പാക്കുന്നത് സെക്രട്ടറിമാരാണല്ലോ? മദ്യനയത്തില്‍ പ്രായോഗികമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന മുഖ്യമന്ത്രിയുടേയും എക്‌സൈസ് മന്ത്രിയുടേയും നിലപാട് അംഗീകരിക്കാതിരിക്കാന്‍ ആര്‍ക്ക് കഴിയും? നിലവാരം പുലര്‍ത്താത്ത 418 ബാറുകള്‍ അടച്ചപ്പോള്‍, ഇനി ഇവ തുറക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നിലപാടെടുത്തത് തികഞ്ഞ ആത്മാര്‍ഥതയോടെ തന്നെയായിരുന്നു. ജനം അത് അംഗീകരിച്ചതുമാണ്. അപ്പോള്‍പ്പിന്നെ യു ഡി എഫിനും മറിച്ചൊരു നിലപാടില്ല. അങ്ങനെ ആഗസ്റ്റ് 21ന് മുഖ്യമന്ത്രി മദ്യനയം പ്രഖ്യാപിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം മതി ബാറുകള്‍ എന്നതായിരുന്നു നയത്തിന്റെ കാതല്‍. സുധീരന്റെ ‘ധീരമായ’ നിലപാടിന് ഒരു കാതം മുന്നിലെറിയുകയായിരുന്നു മുഖ്യമന്ത്രി. പിന്നെ, നയം നടപ്പാക്കുമ്പോഴത്തെ പ്രായോഗിക വശങ്ങള്‍. അക്കാര്യത്തില്‍ രണ്ട് വകുപ്പ് സെക്രട്ടറിമാര്‍ ആലോചിച്ച് 48 മണിക്കൂറുകള്‍കൊണ്ട് ‘ഇന്‍സ്റ്റന്റ്’ റിപ്പോര്‍ട്ട് നല്‍കി. അതോടെ മദ്യനയം ശരിക്കും നുരഞ്ഞ് പൊങ്ങി. ഇത് ചൂടുപിടിച്ച വാദവിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്.
മദ്യനയം ‘പ്രായോഗിക’തയുടെ പേരില്‍ ഫലത്തില്‍ അട്ടിമറിക്കപ്പെട്ടുവെന്ന് ആദ്യം പരസ്യമായി പ്രതികരിച്ചത് കെ പി സി സി പ്രസിഡന്റ് സുധീരനാണ്. ജന താത്പര്യത്തിന് മേല്‍ മദ്യലോബിയുടെ താത്പര്യം അടിച്ചേല്‍പ്പിച്ചു എന്ന്കൂടി പറയുമ്പോള്‍ സുധീരന്‍ തന്റെ കടുത്ത എതിര്‍പ്പ് വ്യക്തമാക്കുകയായിരുന്നു. മാധ്യമ പ്രതിനിധികളെ നേരില്‍കണ്ട് നിലപാട് വ്യക്തമാക്കാന്‍ മുതിരാതെ സുധീരന്‍ പത്രക്കുറിപ്പ് ഇറക്കിയതും ബോധപൂര്‍വമാകാം. നേരില്‍ പറയുമ്പോള്‍, മാധ്യമപ്രതിനിധികള്‍ അവര്‍ക്ക് താത്പര്യമുള്ള ഏതെങ്കിലും ഭാഗം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്‌തേക്കാമെന്ന ആശങ്കയും വേണ്ട. പിന്നെ മനുഷ്യനല്ലേ, ആര്‍ക്കും എപ്പോഴെങ്കിലും നാവ് പിഴച്ചുകൂടെന്നുമില്ലല്ലോ? പിന്നെ അത് പിടിച്ചാവും അഭ്യാസം. എന്തിന് വയ്യാവേലി വലിച്ച് വെക്കുന്നു. കിടക്കട്ടെ സര്‍പ്പം പോലൊരു രേഖ!.-പത്രക്കുറിപ്പ്.
അടച്ച്പൂട്ടിയ 418 ബാറുകള്‍ തുറക്കേണ്ടതില്ലെന്ന സുധീരന്റെ കര്‍ക്കശ നിലപാടിനെ കടത്തിവെട്ടിയായിരുന്നല്ലോ മുഖ്യമന്ത്രിയുടെ മദ്യനയപ്രഖ്യാപനം. യു ഡി എഫ് മാത്രമല്ല, സംസ്ഥാന ജനതയാകെ അമ്പരന്ന് പോയി. തുടര്‍ന്നാണ് ഘടകകക്ഷികള്‍ പ്രത്യേകം പ്രത്യേകമായും യു ഡി എഫ് കൂട്ടായും മദ്യനയം ചര്‍ച്ചചെയ്തത്. ‘എല്ലാവര്‍ക്കും സമ്മതമെങ്കില്‍ തങ്ങള്‍ക്കും സമ്മതമെന്ന് യു ഡി എഫ് തീരുമാനിച്ചു. അപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രായോഗികതാ വാദം സംബന്ധിച്ച് പഠിക്കാന്‍ രണ്ട് സെക്രട്ടറിമാരെ നിയോഗിച്ചത്. രണ്ട് ദിവസംകൊണ്ട് അവര്‍ കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു. കുടുംബങ്ങളില്‍ ഞായറാഴ്ച സ്വസ്ഥത കൈവരട്ടെയെന്നാഗ്രഹിച്ച് മുഖ്യമന്ത്രി മുന്‍വെച്ച ‘ഞായറാഴ്ച ഡ്രൈ ഡേ’ ആക്കണമെന്ന നിര്‍ദേശം പോലും വിലപ്പോയില്ല. മാര്‍ച്ച് മാസം പൂട്ടിയ 418 ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കും, ദേശീയ പാതകളിലേയും സംസ്ഥാന പാതകളിലേയും ഓരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസിന്റെ 10 ശതമാനം (16എണ്ണം) വില്‍പന ശാലകള്‍ ജനുവരി ഒന്നിന് പൂട്ടും. ബാറുകളുടെ പ്രവര്‍ത്തന സമയം നിലവിലുള്ള 15 മണിക്കൂര്‍ എന്നത് 12 മണിക്കൂറാക്കി കുറക്കും. കൂടുതല്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള തീരുമാനം ആളുകളെ മദ്യപാനത്തിലേക്കാണ് നയിക്കുക എന്നത് പോലും ആരും മുഖവിലക്കെടുത്തില്ല.
പുതിയ പ്രായോഗികതാ വാദത്തോടെ മദ്യനയം മദ്യലോബികളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടു. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മന്ത്രിമാരില്‍ ചിലര്‍ക്ക് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ കോടികള്‍ കോഴ നല്‍കിയെന്ന ആരോപണം തുമ്പില്ലാതാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം തുടരുന്നുണ്ട്. വരും ദിവസങ്ങളില്‍ മദ്യനയം അരങ്ങ് വാഴും. കെ പി സി സിയും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള ബന്ധം വഷളാകുമെന്ന് തീര്‍ച്ചയാണ്. ഏതായാലും മദ്യ നയത്തിന്റെ കാര്യത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അനുഭവമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.