ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ എന്‍ട്രന്‍സ് കോച്ചിങ്

Posted on: December 20, 2014 12:25 pm | Last updated: December 20, 2014 at 12:25 pm

കാസര്‍കോട്: ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പബ്ലിക് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കോച്ചിംഗ് സ്‌കീം പീക്‌സ് പരിഷ്‌ക്കരിച്ച രീതിയില്‍ നടപ്പാക്കുന്നു. ഇതിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.peecs. kerala. gov.in എന്ന വെബ്‌സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഏത് പരിശീലന കേന്ദ്രത്തിലും രജിസ്‌ട്രേഷന്‍ നടത്താം.
രജിസ്‌ട്രേഷന്‍ ജനുവരി മൂന്നുമുതല്‍ ഐടി അറ്റ് സ്‌കൂള്‍ വിക്‌ടേര്‍സ് ചാനല്‍ വഴി ആരംഭിക്കും. നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ഓരോ സ്‌കൂളുകളെ പീക്‌സ് കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ലയില്‍ അഞ്ച് പരിശീലന കേന്ദ്രങ്ങളാണ് ഉണ്ടാവുക. ഈ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുത്ത 40 പേര്‍ക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാനുളള പരിശീലനമാണ് നല്‍കുക. ക്ലാസ്സുകള്‍ ഐ ടി അറ്റ് സ്‌കൂള്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴി എല്ലാവര്‍ക്കും ലഭ്യമാകുമെങ്കിലും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഒഎം ആര്‍ പരീക്ഷയും സംശയങ്ങള്‍ ദൂരീകരിക്കാനുളള അവസരവും ഉണ്ടാകും. അതിനായി ഈ കേന്ദ്രങ്ങളില്‍ വിദഗ്ധരായ അധ്യാപകരുടെ സേവനം ലഭ്യമാക്കും. എല്ലാ ശനിയാഴ്ചകളിലും ഒന്നിടവിട്ട ഞായറാഴ്ചകളിലും രാവിലെ 9.30 മുതല്‍ 11 വരെ ലൈവ് ടെലികാസ്റ്റിങ്ങും 11 മുതല്‍ 12 വരെ ചോദ്യപേപ്പര്‍ അവലോകനവും സംശയനിവാരണം തുടര്‍ന്ന് ഒ എം ആര്‍ പരീക്ഷ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രവേശന പരീക്ഷ നടക്കുന്ന ഏപ്രില്‍ വരെയാണ് പരിശീലനം.
നിയമസഭാ മണ്ഡലങ്ങളിലെ മള്‍ട്ടിമീഡിയ ലാബ് സൗകര്യങ്ങളുളള സ്‌കൂളുകളാണ് കേന്ദ്രങ്ങള്‍. ഉദിനൂര്‍, ഹോസ്ദുര്‍ഗ്, ഉദുമ, ചെര്‍ക്കള, കുമ്പള എന്നീ ജിഎച്ച്എസ്എസുകളാണ് പീക്‌സ് കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുളളത്. ഈമാസം 29ന് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ട്രയല്‍റണ്‍ നടത്തുമെന്ന് ഐടി അറ്റ് സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ എം പി രാജേഷ് അറിയിച്ചു.