Connect with us

National

ഝാര്‍ഖണ്ഡിലും കാശ്മീരിലും വോട്ടെടുപ്പ് പൂര്‍ത്തിയായി

Published

|

Last Updated

ന്യൂഡല്‍ഹി: കാല്‍ നൂറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ വോട്ട് രേഖപ്പെടുത്തി ജമ്മു കാശ്മീരിലും ഝാര്‍ഖണ്ഡിലും നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. അഞ്ചാമത്തെയും അവസാനത്തെയും വോട്ടെടുപ്പില്‍ വന്‍ ജനമൊഴുക്കാണ് ഇരു സംസ്ഥാനങ്ങളിലെയും പോളിംഗ് സ്റ്റേഷനുകളിലേക്കുണ്ടായത്. മുന്‍കാല പോളിംഗ് റെക്കോര്‍ഡുകള്‍ ഭേദിച്ച് ഝാര്‍ഖണ്ഡില്‍ അവസാന ഘട്ടത്തില്‍ 71 ശതമാനം വോട്ട് രേഖപ്പെടുത്തി. 2004ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ 54.2 ശതമാനം പോളിംഗാണ് പഴങ്കഥയായത്. ജമ്മു കാശ്മീരിലെത് ചരിത്രപരവും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിനോദ് സുസ്തി പറഞ്ഞു. 76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. അതേസമയം, എല്ലാ ഘട്ടങ്ങളിലെയും വോട്ടിംഗ് നില ഝാര്‍ഖണ്ഡില്‍ 71.25 ശതമാനവും ജമ്മു കാശ്മീരില്‍ 66.03 ശതമാനവുമാണ്.
25 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വോട്ടിംഗാണ് ഇത്. പൂര്‍ണമായും സമാധാനപരമായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ്. 2008ലെയും 2002ലെയും വോട്ടെടുപ്പില്‍ യഥാക്രമം 61.42 ശതമാനവും 43.09 ശതമാനവുമായിരുന്നു ജമ്മു കാശ്മീരിലെ വോട്ടിംഗ് നില. ജമ്മു കാശ്മീരിലെ 20ഉം ഝാര്‍ഖണ്ഡിലെ 16ഉം മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഝാര്‍ഖണ്ഡില്‍ ഏഴ് മണിക്കും കാശ്മീരില്‍ എട്ട് മണിക്കും വോട്ടെടുപ്പ് ആരംഭിച്ചു. മൂന്ന് മണിക്ക് അവസാനിച്ചു.
തന്ത്രപ്രധാനമായ കാശ്മീരില്‍ നാഷനല്‍ കോണ്‍ഫറന്‍സും പ്രതിപക്ഷമായ പി ഡി പിയുമാണ് പ്രധാന പോരാട്ടം. ബി ജെ പിയും കോണ്‍ഗ്രസും വന്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് ജമ്മു മേഖലയില്‍ ബ ജെ പി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വിവാദ വിഷയങ്ങള്‍ ഒഴിവാക്കി വികസനത്തനിലൂന്നിയ പ്രചാരണം നടത്തിയ ബി ജെ പി കാശ്മീര്‍ താഴ്‌വരയിലും സ്വാധീനം ചെലുത്തുമോയെന്ന് സംസ്ഥാനത്തെ പരമ്പരാഗത പാര്‍ട്ടികള്‍ ഭയക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് ഈ വര്‍ഷം സംഭവബഹുലമാണെന്ന് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിനോദ് സുസ്തി പറഞ്ഞു. അതിനിടെ വിവിധ ചാനലുകള്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. ഝാര്‍ഖ
ണ്ഡില്‍ ബി ജെ പി ഭരണം പിടിക്കുമെന്ന് കാശ്മീരില്‍ തൂക്കുസഭ വരുമെന്നുമാണ് പ്രവചനം.

Latest