Connect with us

Malappuram

വീടുകളില്‍ വിഷരഹിത പച്ചക്കറി പദ്ധതിയുമായി വേങ്ങര ഗേള്‍സ് സെക്കന്‍ഡറി സ്‌കൂള്‍

Published

|

Last Updated

വേങ്ങര: വീടുകളില്‍ വിഷരഹിത പച്ചക്കറി തോട്ടം എന്ന വേങ്ങര ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതി ശ്രദ്ധേയമാകുന്നു. സ്‌കൂള്‍ പരിസരത്തെ വീടുകളിലും മുഴുവന്‍ വിദ്യാര്‍ഥികളുടെയും വീടുകളിലും വിഷമടങ്ങാത്ത പച്ചക്കറി തോട്ടങ്ങള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ടം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതി പ്രകാരം നൂറ് വീട്ടമ്മാര്‍ക്കും ഇരുനൂറ് വിദ്യാര്‍ഥികള്‍ക്കും കാര്‍ഷിക ഗവേഷണ വിഭാഗം പ്രത്യേക പരിശീലനം നല്‍കുകയും കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെത്തിച്ച് നേരിട്ട് കൃഷി രീതി പരിചയപ്പെടുത്തുകയും ചെയ്തു. കൃഷി വകുപ്പ്, സ്‌പോണ്‍സര്‍മാര്‍ എന്നിവര്‍ മുഖേന ലഭ്യമാക്കിയ മുന്തിയ ഇനം പച്ചക്കറി വിത്തുകളും തൈകളും തൈകളും പദ്ധതി നടപ്പിലാക്കുന്ന ഭവനങ്ങള്‍ക്ക് നല്‍കി കൃഷി ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ വിപുലീകരണത്തിനായി കൃഷിവകുപ്പിന് പ്രൊജക്ടും സമര്‍പ്പിച്ചിട്ടുണ്ട്. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന എന് എസ് എസ് യൂണിറ്റാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ പ്ലാസ്റ്റിക് സൗഹൃദ പദ്ധതിയും ഏറെ വിജയം കണ്ടിരുന്നു. ഓരോ വിദ്യാര്‍ഥിയും വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം സ്‌കൂളിലെത്തിച്ച് സംസ്‌കരിക്കുന്നതിനായിരുന്നു പദ്ധതി. ഇവരില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.