കാളികാവ് മേല്‍പ്പാലത്തിന് സുരക്ഷാ സംവിധാനം വരുന്നു

Posted on: December 20, 2014 9:21 am | Last updated: December 20, 2014 at 9:21 am

പത്തിരിപ്പാല: കാളികാവിലെ ഭാരതപ്പുഴ മേല്പാലത്തിന് സുരക്ഷാസംവിധാനം വരുന്നു. ഇതോടെ ഇവിടത്തെ മണ്ണെടുപ്പിനും മണലെടുപ്പിനും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കരുതുന്നത്.—മണലെടുപ്പുകാരും ഇഷ്ടികച്ചൂളക്കാരും പുഴ കൈയേറി അനധികൃതമായി നിര്‍മിച്ച വാഹനമോടാനുള്ള പാത അടച്ചുകൊണ്ടാണ് സംരക്ഷണഭിത്തി പണിയുന്നത്.—കലക്ടര്‍ ചെയര്‍മാനായ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ കഴിഞ്ഞ ദിവസം കാളികാവ് പുഴയോരം സന്ദര്‍ശിച്ച് വിശദ പരിശോധന നടത്തി.—
മൈനര്‍ ഇറിഗേഷന്‍ എക്‌സി എന്‍ജിനിയര്‍ ടി ആര്‍ നന്ദന്‍, അസി എന്‍ജിനിയര്‍ കെ. ദേവനാരായണന്‍, പൊതുമരാമത്ത് വകുപ്പ് അസി എക്‌സി. എന്‍ജിനിയര്‍ എം അശോക്കുമാര്‍, ജിയോളജിസ്റ്റ് എം സി കിഷോര്‍, ജില്ലാ പഞ്ചായത്തംഗം കെ വി ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.—
മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം എന്‍ ഗോകുല്‍ദാസ്, ബ്ലോക്കംഗം കെ രവീന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കാളികാവ് മേല്‍പാലത്തില്‍നിന്ന് മങ്കര പഞ്ചായത്ത് പൊതുശ്മശാനം വരെയുള്ള 250മീറ്റര്‍ ദൂരത്താണ് രണ്ടരമീറ്റര്‍ ഉയരത്തില്‍ കരിങ്കല്‍ സുരക്ഷാഭിത്തി നിര്‍മിക്കുക. പാലത്തിന്റെ അരികിലൂടെയുള്ള വാഹനഗതാഗതവഴിയില്‍ പടവുനിര്‍മിച്ച് വാഹനഗതാഗതം നിരോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.—റിവര്‍ മാനേജ്‌മെന്റ്കമ്മിറ്റി മണല്‍ലേലത്തുകയില്‍നിന്ന് സമാഹരിച്ച 45ലക്ഷംരൂപ ഇതിനായി അനുവദിച്ചെന്നും നിര്‍മാണം കാലവര്‍ഷത്തിനുമുമ്പ് പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അനധികൃത മണലെടുപ്പ് കാരണം മേല്‍പാലത്തിന്റെ സ്പാനുകളുടെ നിലനില്‍പ്പുവരെ ഭീഷണിയായ പശ്ചാത്തലത്തിലാണ് സംരക്ഷണസംവിധാന നടപടി ത്വരഗതിയിലാക്കിയത്. വാഹനങ്ങള്‍ പുഴയിലിറക്കി കഴുകുന്നത് തടയും.പഞ്ചായത്ത് പൊതുശ്മശാനത്തില്‍നിന്ന് പുഴയിലേക്ക് കല്‍പ്പടവ് നേരത്തേ നിര്‍മിച്ചിട്ടുണ്ട്. സുരക്ഷാഭിത്തി ഇതുമായി ബന്ധിപ്പിച്ച് ശവസംസ്‌കാരച്ചടങ്ങിനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും.