വീട്ടിലേക്ക് മടങ്ങാന്‍ വെട്ടാവുന്ന വഴികള്‍

Posted on: December 20, 2014 6:00 am | Last updated: December 20, 2014 at 12:19 am

മതപരിവര്‍ത്തന യജ്ഞങ്ങളുടെ നൈരന്തര്യത്തിനാണ് സംഘ് പരിവാര്‍ സംഘടനകളുടെ ശ്രമം. ആഗ്രയില്‍ ഒന്ന് കഴിഞ്ഞു. അലിഗഢിലും ഉത്തര്‍പ്രദേശിലെ മറ്റിടങ്ങളിലും മതപരിവര്‍ത്തനയജ്ഞങ്ങള്‍ നടത്തുമെന്ന പ്രഖ്യാപനങ്ങളുണ്ടായിട്ടുണ്ട്. ആളൊന്നുക്കുള്ള പരിവര്‍ത്തനച്ചെലവ് ക്രിസ്ത്യന്‍, മുസ്‌ലിം ഇനം തിരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. ഈ ചെലവ് കണ്ടെത്താന്‍ പാകത്തിലുള്ള പിരിവുകള്‍ക്കും ആഹ്വാനം ചെയ്തിരിക്കുന്നു. അതിന് പിറകെയാണ് ക്രിസ്മസ് ദിനം അടല്‍ ബിഹാരി വാജ്പയിയുടെയും മദന്‍ മോഹന്‍ മാളവ്യയുടെയും ജന്മദിനമാണെന്നതിനാല്‍ അന്നേ ദിവസം ‘നല്ല ഭരണ’ ദിനമായി ആഘോഷിക്കാനും കേന്ദ്ര സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ വരുന്ന സ്‌കൂളുകളില്‍ അന്ന് ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നത്. സാധ്വി നിരഞ്ജന ജ്യോതി മുതല്‍ യോഗി ആദിത്യനാഥ് വരെയുള്ള ബി ജെ പിയിലെ തീവ്രവാദികള്‍ (തീവ്രമായി വാദിക്കുന്നവര്‍ എന്നേ അര്‍ഥമാക്കേണ്ടതുള്ളൂ) പിളര്‍ന്ന നാവുകള്‍ അടിക്കടി നീട്ടുന്നതും മിതവാദികളെന്ന് ബി ജെ പിക്കാര്‍ തന്നെ വിശേഷിപ്പിക്കുന്ന സുഷമാ സ്വരാജ് മുതല്‍ സദാനന്ദ ഗൗഡ വരെയുള്ളവര്‍ പിന്നണി പാടുന്നതും അകമ്പടിയായുണ്ട്. ആരും ലക്ഷ്മണ രേഖ കടക്കരുതെന്ന് ഉപദേശിച്ച്, അരങ്ങുകൊഴുക്കുന്നത് ആസ്വദിച്ചിരിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, പൂര്‍വകാല സ്മൃതിയോടെ.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍, ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള വഴിയൊരുങ്ങിയിരിക്കുന്നുവെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) അഭിപ്രായപ്പെട്ടിരുന്നു. ആര്‍ എസ് എസ്സിന്റെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് അടുത്തിടെ നടത്തിയ പ്രസംഗങ്ങളിലെല്ലാം ആവര്‍ത്തിച്ചത് ‘ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്രമാണ്’ എന്നാണ്. ഹിന്ദുക്കള്‍ക്കിടയില്‍ സമത്വമുണ്ടാക്കാന്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സാധിക്കണമെന്നും. എല്ലാ ഹിന്ദുക്കള്‍ക്കും ഒരിടത്തു നിന്ന് വെള്ളം കുടിക്കാന്‍ സാധിക്കണം. ഒരിടത്ത് പ്രാര്‍ഥിക്കാന്‍ കഴിയണം. പൊതു സംസ്‌കാരസ്ഥലവും വേണമെന്നാണ് മോഹന്‍ ഭാഗവത് വിശദീകരിക്കുന്നത്. ആവര്‍ത്തിക്കുന്ന ഈ വാക്കുകളില്‍ നിന്ന് വേണം മതപരിവര്‍ത്തനം, പ്രകോപനപരമായ പ്രസ്താവനകള്‍, ഭഗവദ് ഗീത ദേശീയ പുസ്തകമാക്കണമെന്ന അഭിപ്രായം, ക്രിസ്മസിന് ‘നല്ല ഭരണ’ ദിനം ആചരിക്കാനുള്ള തീരുമാനം എന്നിവയെ സമീപിക്കാന്‍.
ജനതയെ വര്‍ഗീയമായി വിഭജിക്കാനുള്ള സംഘ് പരിവാര്‍ ശ്രമങ്ങള്‍ നേരത്തെ തന്നെ ഫലം കണ്ട് തുടങ്ങിയിരുന്നുവെങ്കിലും ബി ജെ പിയെ ഒറ്റക്ക് അധികാരത്തിലെത്തിക്കാന്‍ പാകത്തില്‍ അതിനെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചിരുന്നില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നേടിയെടുത്ത കേവല ഭൂരിപക്ഷത്തിന് പോലും അവര്‍ കടപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയോടും മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറിനോടുമാണ്. അത്രത്തോളം പേരുദോഷം അവരുണ്ടാക്കിയിരുന്നില്ലായെങ്കില്‍, ഒറ്റക്ക് ഭൂരിപക്ഷമെന്നതിലേക്ക് എത്താന്‍ ബി ജെ പിക്ക് സാധിക്കുമായിരുന്നില്ല. കേന്ദ്രത്തില്‍ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലും ദുര്‍ബലമായിത്തീര്‍ന്ന കോണ്‍ഗ്രസ്, സമീപകാലത്ത് ഒരു വെല്ലുവിളിയായി മുന്നിലെത്തുമെന്ന് ആര്‍ എസ് എസ് പ്രതീക്ഷിക്കുന്നില്ല. ഉത്തര്‍ പ്രദേശിലും ബീഹാറിലും പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടികളാണ് പ്രധാന വെല്ലുവിളിയെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഉത്തര്‍ പ്രദേശിലും ബീഹാറിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കാന്‍ ബി ജെ പിക്ക് കഴിയാതിരുന്നത് ഓര്‍ക്കുക.
പിന്നാക്ക, ദളിത് വിഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കുക എന്നത് മാത്രമേ അധികാരത്തുടര്‍ച്ചക്ക് കരണീയമായുള്ളൂവെന്ന് ആര്‍ എസ് എസ് തിരിച്ചറിഞ്ഞിരിക്കുന്നു. പിന്നാക്കക്കാരനായ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കാനുള്ള തീരുമാനം പോലും ഇത്തരമൊരു അജണ്ട മുന്നില്‍ക്കണ്ടാണെന്ന് കരുതണം. ആര്‍ എസ് എസ്സിന് ഒരു ലക്ഷം ശാഖകളും ഒരു കോടി പ്രവര്‍ത്തകരും അഞ്ച് കൊല്ലം കൊണ്ട് പുതുതായുണ്ടാകണമെന്ന് കൂടി മോഹന്‍ ഭാഗവത് പറയുമ്പോള്‍, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘിന് പൂര്‍ണമായ നിയന്ത്രണമുള്ള ഭരണസംവിധാനവും സംഘ് പ്രവര്‍ത്തകരിലൂടെയുള്ള ഭരണനടത്തിപ്പുമാണ് ലക്ഷ്യമിടുന്നത്. പിന്നാക്ക – ദളിത് വിഭാഗങ്ങളുടെ പങ്കാളിത്തമില്ലാതെ ലക്ഷത്തിന്റെയും കോടിയുടെയും ലക്ഷ്യം സാധ്യമാകില്ല തന്നെ. 2002ലെ ഗുജറാത്ത് വംശഹത്യയുടെ ആസൂത്രണം സംഘ് പരിവാര്‍ സംഘടനകള്‍ക്കും മേല്‍നോട്ടം നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാറിനുമായിരുന്നുവെങ്കില്‍ നടത്തിപ്പിന് മുന്നില്‍ നിന്നവരില്‍ വലിയൊരു വിഭാഗം ദളിതുകളായിരുന്നു. ഗുജറാത്തിലെ ദളിത് വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി അന്നും ഇന്നും ഒട്ടും മെച്ചമല്ല, എങ്കിലും 2002ന് ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ ദളിത് വിഭാഗങ്ങളുടെ വലിയ പിന്തുണ ബി ജെ പിക്ക് ലഭിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.
ഉത്തര്‍ പ്രദേശില്‍ പലവിധത്തില്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളുടെയും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുടെയും പാര്‍ശ്വഫലമായി, പിന്നാക്ക – ദളിത് വിഭാഗങ്ങളിലേക്ക് ബി ജെ പിക്ക് കടന്നുകയറാമെന്ന് ആര്‍ എസ് എസ് കണക്ക് കൂട്ടുന്നു. ഈ കടന്നുകയറ്റത്തിന് ശേഷമേ സംഘിന് സ്വാധീനമുറപ്പിക്കാനാകൂ. വടക്ക് – കിഴക്കന്‍ മേഖലയിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ ബി ജെ പിക്ക് വേരോട്ടമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കാം. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഹിന്ദു മതത്തില്‍ ചേര്‍ക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളും ഈ അജന്‍ഡയുടെ ഭാഗം തന്നെയാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്താകെ നടക്കുന്നുവെന്ന് ആക്ഷേപിക്കുകയും അതിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് മിഷനറിമാരെ ആക്രമിക്കുകയും ചെയ്ത സംഘ് പരിവാര്‍ ഇപ്പോള്‍ നടത്തുന്നത് നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ഉള്ള പരിവര്‍ത്തനമാണ്. ആഗ്രയിലെ ചേരികളില്‍ പാര്‍ത്തിരുന്ന ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും കുടിയേറിയ മുസ്‌ലിംകളെ ബി പി എല്‍ കാര്‍ഡും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കണമെന്ന്, അന്നോളം അവര്‍ കാണാത്ത ‘ഉന്നതര്‍’ സംഘമായി എത്തി ആവശ്യപ്പെട്ടപ്പോള്‍ ചേരിവാസികളായ ഈ ദരിദ്രര്‍ക്ക് മറുത്ത് പറയാനായില്ല. മറുത്ത് പറഞ്ഞാല്‍ ചേരിയിലെ മേല്‍ക്കൂര പോലും ഇല്ലാതാകുമോ എന്ന് ഭയന്നുവെന്ന് ‘പരിവര്‍ത്തന ചടങ്ങി’ല്‍ പങ്കെടുത്ത സ്ത്രീകള്‍ പറയുന്നുണ്ട്. ഇത്തരം പരിവര്‍ത്തന യജ്ഞങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് സംഘ് സംഘടനകള്‍ ഇപ്പോള്‍ പറയുന്നത്.
ആനുകൂല്യങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് മത പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്ന ആക്ഷേപം ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കു നേര്‍ക്ക് നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് വിദ്യാഭ്യാസത്തിനും സാമൂഹിക ഉന്നമനത്തിനും അവസരമുണ്ടാക്കാന്‍ യത്‌നിക്കുകയും അതുവഴി മതത്തിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയുമാണ് മിഷനറി പ്രവര്‍ത്തകര്‍ സാധാരണനിലയില്‍ ചെയ്യാറ്. സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് പണം നല്‍കാനും അവര്‍ മടികാട്ടാറില്ല. ഇതൊക്കെ പ്രലോഭിപ്പിച്ച് പരിവര്‍ത്തനം സാധ്യമാക്കുന്നുവെന്ന നിര്‍വചനത്തില്‍ വേണമെങ്കില്‍പ്പെടുത്താം. പക്ഷേ, അവരാരും സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പരിവര്‍ത്തിപ്പിക്കാന്‍ ഇറങ്ങിയതായി കേട്ടിട്ടില്ല. ഇവിടെ സംഘ് പരിവാര്‍ സംഘടനകള്‍ അധികാരത്തിലുള്ള സ്വാധീനം ഉയര്‍ത്തിക്കാട്ടി, ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അധികാരത്തിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി ദ്രോഹിക്കാന്‍ സാധിക്കുമെന്ന് പരോക്ഷമായി ഭീഷണിപ്പെടുത്തുക കൂടിയാണ് ഈ സംഘടനകള്‍ ചെയ്യുന്നത്. പ്രലോഭനം മാത്രമല്ല, ഭീഷണിയും ‘വീട്ടിലേക്കുള്ള മടക്കം’ എന്ന് സംഘ് പരിവാര്‍ വിശേഷിപ്പിക്കുന്ന ഈ പരിവര്‍ത്തന പ്രഹസനത്തിന് പിറകിലുണ്ടെന്ന് ചുരുക്കം.
ക്രിസ്തുമതത്തിലേക്കും ഇസ്‌ലാമിലേക്കുമുള്ള പരിവര്‍ത്തനങ്ങളില്‍, ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന ജാതിസമ്പ്രദായവും അതിന്റെ ഭാഗമായുള്ള അയിത്തം പോലുള്ള ദുരാചാരങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആ അവസ്ഥ മാറിയിരിക്കുന്നു, ഹിന്ദുമതം ഏവര്‍ക്കും സ്വീകാര്യമായ, തുല്യത പ്രദാനം ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നുവെന്ന തോന്നല്‍, പിന്നാക്ക – ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ജനിപ്പിക്കുന്നതിന് വേണ്ടിക്കൂടിയാണ് ആഘോഷത്തോടെയുള്ള പരിവര്‍ത്തനയജ്ഞങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നതും അതിന് വലിയ പ്രചാരം നല്‍കുന്നതും. ക്രിസ്മസ് ദിനം വാജ്പയിയുടെയും മദന്‍ മോഹന്‍ മാളവ്യയുടെയും ജന്മദിനമെന്ന നിലക്ക് ‘നല്ല ഭരണ’ ദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ നല്‍കുന്ന സന്ദേശം, ഇതര മത വിഭാഗങ്ങളെ ഏത് വിധത്തില്‍ പരിഗണിക്കാനാണ് മോദി സര്‍ക്കാറും സംഘ് പരിവാറും നിശ്ചയിച്ചിരിക്കുന്നത് എന്നതാണ്. വിശുദ്ധദിനങ്ങള്‍ പോലും നിയന്ത്രിക്കപ്പെടുന്ന മതവിഭാഗമായി മാറ്റുക എന്നാല്‍, അപ്രഖ്യാപിതമായ അയിത്തം കല്‍പ്പിക്കുക എന്നാണ് അര്‍ഥം. സാമൂഹികമായി ഇകഴ്ത്തപ്പെടുന്ന ഒരു വിഭാഗത്തില്‍ തുടര്‍ന്ന് പോകേണ്ടതുണ്ടോ എന്നും അവിടേക്ക് പരിവര്‍ത്തനം ചെയ്യേണ്ടതുണ്ടോ എന്നും ആലോചിക്കാന്‍ പ്രേരിപ്പിക്കുകയും.
ഇതര മത വിഭാഗങ്ങളുടെ കാര്യത്തിലും സമാനമായ നിയന്ത്രണങ്ങള്‍ വൈകാതെ കൊണ്ടുവന്നേക്കാം. ഹിന്ദുക്കള്‍ക്കാണ് രാജ്യത്ത് മേല്‍ക്കോയ്മ എന്ന് സ്ഥാപിച്ചെടുക്കുകയും ഒരേ പരിഗണന എല്ലാ ജാതി വിഭാഗങ്ങള്‍ക്കും ഉറപ്പാക്കുന്നുവെന്ന് നടിക്കുകയും ചെയ്യുന്നതിലൂടെ വര്‍ഗീയമായ ധ്രുവീകരണം കൂടുതല്‍ ആഴത്തിലാക്കാനാകുമെന്നും ‘ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്ര’മെന്ന ലക്ഷ്യത്തിലേക്ക് നടക്കാന്‍ തുടങ്ങാമെന്നും ആര്‍ എസ് എസ് കണക്ക് കൂട്ടുന്നുണ്ടാകണം. അതിന്റെ ചിഹ്നങ്ങള്‍ നിശ്ചയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഭഗവത്ഗീതയെ ദേശീയ പുസ്തകമാക്കണമെന്ന നിര്‍ദേശം. അതിന്റെ ആക്രമണോത്സുകത ആവര്‍ത്തിച്ച്, ധ്രുവീകരണത്തിന്റെ വേഗം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദു ശൗര്യത്തിന്റെയും അഭിമാനത്തിന്റെയും ഫലമായാണെന്ന പറച്ചിലുകള്‍.
ലക്ഷ്ണരേഖ ലംഘിക്കരുതെന്ന് ഉപദേശിച്ചും പ്രതിഷേധങ്ങളുണ്ടാകുമ്പോള്‍ നിയന്ത്രണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചും ഭരണകൂടം എല്ലാവിഭാഗങ്ങളുടെയും വിശ്വാസ – സംസ്‌കാരധാരകളെ തുല്യമായി കാണുന്നുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഒരു ഭാഗത്തുകൂടെ വിഷം വമിപ്പിക്കുകയും മറുഭാഗത്തുകൂടെ അല്‍പ്പം ജീവവായു നല്‍കി ആശ്വസിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണിത്. വിഷമില്ലാത്ത അന്തരീക്ഷം വേണമെങ്കില്‍ സംഘ് പരിവാറിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന ചിന്തയിലേക്ക് വിവിധ വിഭാഗങ്ങളെ എത്തിക്കാനുള്ള മാര്‍ഗം. സവര്‍ണ ഹിന്ദുത്വത്തിന്റെ കൂടാരത്തിന് പുറത്ത് തമ്പടിക്കുകയല്ലാതെ, മറ്റ് മാര്‍ഗമില്ലെന്ന തോന്നലിലേക്ക് രാജ്യത്തെ ദളിത് – പിന്നാക്ക വിഭാഗങ്ങളെ എത്തിക്കാനുള്ള മാര്‍ഗവും ഇതിലൂടെ തെളിയുമെന്ന് സംഘ് പരിവാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ‘വീട്ടിലേക്ക് മടങ്ങാ’നായി സംഘടിപ്പിക്കപ്പെടുന്ന യജ്ഞങ്ങളെ എതിര്‍ക്കാന്‍ ഏതെങ്കിലും വിഭാഗം തുനിഞ്ഞാല്‍, അതിലൂടെ സൃഷ്ടിക്കപ്പെടാനിടയുള്ള സംഘര്‍ഷം വലിയൊരവസരമാകും സംഘ് പരിവാറിന് തുറന്ന് കൊടുക്കുക. ഗുജറാത്തിലേതിന് സമാനമായ ലാഭവിഹിതം രാജ്യത്ത് ഉറപ്പാക്കുകയും ചെയ്‌തേക്കാം. അത്തരമൊരു സാഹചര്യം തടയാന്‍ പാര്‍ലിമെന്റിനുള്ളിലെ പ്രതിപക്ഷക്കൂട്ടായ്മ കൊണ്ട് മാത്രം സാധിക്കില്ലെന്നതും അതിനപ്പുറത്തേക്കുള്ള കൂട്ടായ്മ മരീചികയാണെന്നതുമാണ് ദുരവസ്ഥ.