ഡി എം ഒക്ക് ഭീഷണി; എം എല്‍ എക്ക് സസ്‌പെന്‍ഷന്‍

Posted on: December 20, 2014 12:02 am | Last updated: December 20, 2014 at 12:11 am

കോട്ട (രാജസ്ഥാന്‍): ജില്ലാ മെഡിക്കല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ എം എല്‍ എയെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ കോട്ട (നോര്‍ത്ത്) മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന പ്രാഹ്ലാദ് ഗുഞ്ജാളിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പുരുഷ നഴ്‌സിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഗുഞ്ജാള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആര്‍ എന്‍ യാദവിനെ രൂക്ഷമായി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഗുഞ്ജാളിന്റെ ഫോണ്‍ സംഭാഷണം ഇന്റനെറ്റില്‍ വൈറലായിരുന്നു.
ബി ജെ പി പ്രവര്‍ത്തകന്റെ ബന്ധുവായ പുരുഷ നഴ്‌സിന് സ്ഥലം മാറ്റം അനുവദിക്കാത്തത് ചോദ്യം ചെയ്യുന്ന എം എല്‍ എ തീര്‍ത്തും മോശമായ പരാമര്‍ശങ്ങളാണ് നടത്തിയത്. മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് മെഡിക്കല്‍ ഓഫീസര്‍ രാജി വെക്കുക കൂടി ചെയ്തതോടെ രാജസ്ഥാനിലെ ബി ജെ പി സര്‍ക്കാറിന് വന്‍ നാണക്കേടുണ്ടാക്കുന്ന തരത്തിലേക്ക് വിവാദം വഴി മാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എം എല്‍ എയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ബി ജെ പി മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.