അബ്‌സല്യൂട്ട് ബാര്‍ബക്യു റസ്‌റ്റോറന്റ് തുടങ്ങി

Posted on: December 19, 2014 7:20 pm | Last updated: December 19, 2014 at 7:20 pm

ദുബൈ: ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അബ്‌സല്യൂട്ട്(എബീസ്) ബാര്‍ബക്യൂസിന്റെ നാലാമത് ശാഖ ദുബൈയില്‍ ആരംഭിച്ചതായി എം ഡി ഷാജിര്‍ പറമ്പത്തും ജനറല്‍ മാനേജര്‍ റസീം പറമ്പിലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മീഡിയ സിറ്റിക്ക് സമീപം മെട്രോ ലൈനിനോട് ചേര്‍ന്നുള്ള സിഡ്ര ടവറിലാണ് റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയ ബ്രാന്റാണ് എബീസ്. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നീ മൂന്നു ശാഖകള്‍ക്ക് പുറമേ ഇന്ത്യക്ക് പുറത്തുള്ള ആദ്യ ശാഖയാണ് ദുബൈയില്‍ ആരംഭിച്ചിരിക്കുന്നത്.
174 പേര്‍ക്ക് ഒരേ സമയം സുഖപ്രദമായി ഭക്ഷണം രുചിക്കാനുള്ള സൗകര്യമാണ് റെസ്റ്റോറന്റില്‍ ഒരുക്കിയിട്ടുള്ളത്. ദുബൈയില്‍ ജീവിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ടാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നതെങ്കിലും വന്‍തോതില്‍ യൂറോപ്യന്‍ പൗരന്മാരും റെസ്റ്റോറന്റിലേക്ക് എത്തുന്നുണ്ട്. ഇതിനകത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേകം രൂപകല്‍പന ചെയ്ത അന്തരീക്ഷമാണ് രുചിയുള്ള ഭക്ഷണത്തോടൊപ്പം ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. സാധാരണ ദിനങ്ങളില്‍ ബഫറ്റ് ലഞ്ചിന് 55 ദിര്‍ഹവും ഡിന്നറിന് 70 ദിര്‍ഹവുമാണ് ഈടാക്കുക. അവധി ദിനങ്ങളില്‍ ഈ തുകയില്‍ ചെറിയൊരു വര്‍ധനവ് വരും. വെള്ളിയാഴ്ച ലഞ്ചിന് 75 ദിര്‍ഹമാണ് ഈടാക്കുക. ഡിന്നറിന് 80 ദിര്‍ഹമായിരിക്കും.
മറ്റ് റെസ്റ്റോറന്റുകളെ അപേക്ഷിച്ച് എല്ലാ അര്‍ഥത്തിലും താങ്ങാവുന്ന തുകയാണ് ഭക്ഷണത്തിന് ഈടാക്കുന്നതെന്നും ഇരുവരും പറഞ്ഞു. ഇന്ത്യന്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജയകണ്ണന്‍, ദീപാശിഷ് മിശ്ര പങ്കെടുത്തു.