ആദിവാസി ഗ്രാമസഭാ നിയമത്തില്‍ വയനാടിനെ ഉള്‍പ്പെടുത്താന്‍ ധാരണ: മന്ത്രി ജയലക്ഷ്മി

Posted on: December 19, 2014 12:26 pm | Last updated: December 19, 2014 at 12:26 pm

pk jayalakshmiകല്‍പ്പറ്റ: ആദിവാസി ഗ്രാമസഭാ നിയമം (പെസ്സ) നടപ്പാക്കുമ്പോള്‍ വയനാട് ജില്ലയിലെ ഭൂരിപക്ഷ പട്ടികവര്‍ഗ്ഗ മേഖലകളെ ഉള്‍പ്പെടുത്താന്‍ ധാരണയായതായി പട്ടികവര്‍ഗ്ഗക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.
നില്‍പ്പ് സമരം ഒത്തുതീര്‍പ്പാക്കിക്കൊണ്ട് ആദിവാസി ഗോത്രമഹാ സഭ നേതാക്കളായ സി.കെ. ജാനു, ഗീതാനന്ദന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ നിയമപ്രകാരം പട്ടികപ്രദേശങ്ങളിലെ ഗ്രാമസഭകള്‍ക്കാണ് ആ പ്രദേശത്തെ പട്ടികവര്‍ഗ്ഗക്കാരുടെ സര്‍വതോന്മുഖമായ വികസനത്തിനായി നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും അംഗീകാരം നല്‍കുന്നതിനുള്ള അധികാരം.
പട്ടികപ്രദേശങ്ങളിലെ ഗ്രാമസഭകള്‍ ഓരോ തലത്തിലും സ്വതന്ത്രവും പൊതുപഞ്ചായത്തുകളുടെ അധികാര ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും നിയമം വിഭാവനംചെയ്യുന്നു. ആറാം പട്ടികപ്രദേശങ്ങളിലേതുപോലെ പൂര്‍ണ്ണ സ്വയംഭരണാധികാരമുള്ള പഞ്ചായത്തുകളുടെ വിവിധ തലങ്ങളുടെ രൂപീകരണവും പെസ്സ പ്രകാരം ബാധകമാകും.
നില്‍പ്പ് സമരം ഒത്തുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ് പെസ്സ നടപ്പാക്കാന്‍ തീരുമാനമായത്. നില്‍പ്പ് സമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്.
മുത്തങ്ങ സമരത്തെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട ആദിവാസികളുടെ പുനരധിവാസത്തിനായി ഒരേക്കര്‍ വീതം ഭൂമിയും, ഭവന നിര്‍മ്മാണ ധനസഹായവും അനുവദിക്കും.
ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞു. ഇപ്രകാരം 447 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണത്തിന് രണ്ടര ലക്ഷം രൂപ വീതം ധനസഹായം നല്‍കും. മുത്തങ്ങ ഭൂസമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരോടൊപ്പമുണ്ടായിരുന്ന 44 കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. ഇനിയും അര്‍ഹതയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും (സി ബി ഐ കേസ് ഒഴികെ) പിന്‍വലിക്കും.
സിക്കിള്‍സെല്‍ (അരിവാള്‍) രോഗബാധിതരായ ആദിവാസികള്‍ക്ക് ഇപ്പോള്‍ ആയിരം രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇവ കൂടാതെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരേക്കര്‍ വീതം ഭൂമിയും വീടും നല്‍കും. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞു. 2015 മാര്‍ച്ച് 31ന് മുമ്പ് ഭൂമി വിതരണം പൂര്‍ത്തിയാക്കുന്നതിന് വയനാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും അംഗീകരിച്ച വാസയോഗ്യമായ 7693 ഹെക്ടര്‍ ഭൂമി ആദിവാസികള്‍ക്ക് വിതരണംചെയ്യാന്‍ വിജ്ഞാപനം ഇറക്കും. വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത ഏകദേശം 1500 ഹെക്ടര്‍ ഭൂമി ആദിവാസി പ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി വാസയോഗ്യമാണെന്ന് കണ്ടെത്തിയാല്‍ ആ ഭൂമി ആദിവാസികള്‍ക്ക് വിതരണംചെയ്യും.
വനാവകാശം കൊടുത്തതിന്റെ പേരില്‍ ആദിവാസികളല്ലാത്തവര്‍ കൈയ്യേറിയതിനെ തുടര്‍ന്ന് ആദിവാസികള്‍ക്ക് കുറവ് വന്ന ഭൂമി കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.
ആദിവാസികളല്ലാത്തവര്‍ കൈയ്യേറിയതുമൂലവും അല്ലാതെയും ആദിവാസി ജനവിഭാഗത്തിന് നഷ്ടപ്പെട്ട 400 ഹെക്ടര്‍ ഭൂമിക്കുപകരം ഭൂമി സംസ്ഥാന ഗവണ്മെന്റ് നല്‍കും.
വിതരണത്തിന് അനുയോജ്യമെന്ന് കണ്ടെത്തുന്ന ഭൂമി വിജ്ഞാപനം ചെയ്ത് ഭൂരഹിത പട്ടികവര്‍ഗ്ഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ച് നിയമാനുസൃതം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കലും, അപ്രകാരം യോഗ്യമെന്ന് കണ്ടെത്തുന്ന ഭൂമി അളന്ന് പ്ലോട്ട് തിരിച്ച് അതിര് കല്ല് ഇടുന്നതിന് സ്‌പെഷ്യല്‍ സര്‍വേ ടീമിനെ നിയോഗിക്കും.