Connect with us

Wayanad

മന്ത്രി ജയലക്ഷ്മി കനിഞ്ഞു; ഇനി ദേശീയ താരം മനീഷക്ക് ലക്ഷ്യത്തിലേക്ക് അമ്പെയ്യാം

Published

|

Last Updated

കല്‍പ്പറ്റ: ദേശീയ ഗെയിംസില്‍ പങ്കെടുക്കാനൊരുങ്ങുന്ന ആര്‍ച്ചറി താരം വയനാട് തലപ്പുഴ എടമന കോളനിയില്‍ താമസിക്കുന്ന മനീഷക്ക് സ്വന്തമായി അമ്പും വില്ലും വാങ്ങാന്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. ഇതുസംബന്ധിച്ച് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് രണ്ടാംവര്‍ഷ വിദ്യാര്‍ഥയായ മനീഷ ദേശീയ അമ്പെയ്ത്ത് മത്സരത്തില്‍ പങ്കെടുക്കുന്നതിന് എറണാകുളത്ത് ക്യാമ്പില്‍ തീവ്ര പരിശീലനത്തിലാണ്. കൂലിപ്പണിക്കാരനായ ബാലകൃഷ്ണന് മകളെ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് ഭാരിച്ച ചെലവ് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ആര്‍ച്ചറിയില്‍ ദേശീയതലത്തിലടക്കം മെഡലുകള്‍ വാരിക്കൂട്ടുമ്പോഴും മനീഷക്ക് സ്വന്തമായി അമ്പും വില്ലും സ്വപ്‌നമായിരുന്നു.
ദേശീയ ആര്‍ച്ചറി ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം, വ്യക്തിഗത മല്‍സരത്തില്‍ സില്‍വര്‍, ദേശീയ സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍, മിക്‌സ്ഡ് വിഭാഗത്തില്‍ സില്‍വര്‍, പഞ്ചാബില്‍ നടന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി അമ്പെയ്ത്തില്‍ സില്‍വര്‍, 2013ല്‍ കൈപ്പറമ്പില്‍ നടന്ന സംസ്ഥാന ആര്‍ച്ചറി സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം, സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം, ഇന്റര്‍ യൂണിവേഴ്‌സിറ്റി ടീം ഇനത്തില്‍ സില്‍വര്‍ മെഡല്‍ തുടങ്ങി ഒട്ടനവധി മെഡലുകള്‍ മനീഷയെ തേടിയെത്തിട്ടുണ്ട്.
2013 ല്‍ അസമില്‍ നടന്ന ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡലും ചണ്ഡീഗഢില്‍ നടന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരത്തില്‍ കലിക്കറ്റ് സര്‍വകലാശാലയ്ക്കായി വെള്ളിയും നേടിയിട്ടുണ്ട്.

Latest