കോലളമ്പ് നിക്ഷേപ തട്ടിപ്പ്; ലോക്കര്‍ പരിശോധനയില്‍ 150 പവന്‍ സ്വര്‍ണം കണ്ടെടുത്തു

Posted on: December 19, 2014 12:21 pm | Last updated: December 19, 2014 at 12:21 pm

ചങ്ങരംകുളം: കോലളമ്പ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ക്രെംബ്രാഞ്ച് സംഘം നടത്തിയ ലോക്കര്‍ പരിശോധനയില്‍ 150 പവനോളം സ്വര്‍ണം കണ്ടെടുത്തു.
നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കൊഴിക്കര സ്വദേശി സക്കീറിന്റെ ഉടമസ്ഥതയിലുള്ള ബേങ്ക് ലോക്കറിലാണ് പരിശോധന നടത്തിയത്. ചങ്ങരംകുളത്തെ സൗത്ത് ഇന്ത്യന്‍ ബേങ്കിന്റെ എന്‍ ആര്‍ ഐ ബ്രാഞ്ചിന്റെ ലോക്കറിലാണ് ഇന്നലെ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. പി ഡി പ്രശോഭിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.
അഞ്ച് കിലോയോളം സ്വര്‍ണം ഈലോക്കറില്‍ സൂക്ഷിച്ചിരിക്കുന്നതായി നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പത്തുമണിക്ക് ശേഷം ആരംഭിച്ച ലോക്കര്‍ പരിശോധന മൂന്നുമണിയോടെയാണ് പൂര്‍ത്തിയായത്. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ബേങ്ക് ലോക്കര്‍ പരിശോധന നടത്തിയത്.
രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ചങ്ങരംകുളത്തെ എസ് ബി ടി ശാഖയിലെ സക്കീറിന്റെ ഉടമസ്ഥതയിലുള്ള ലോക്കറിലും അന്വേഷണ സംഘം പരിശോധന നടത്തിയരുന്നു. എസ് ബി ടി ലോക്കറില്‍ നിന്നും നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല. ഇതിനുപുറമെ വിവിധ സ്ഥലങ്ങളിലായി സക്കീറിന്റെ കൈവശമുള്ള സ്ഥലങ്ങളും കെട്ടിങ്ങളും കണ്ടെടുക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അന്വേഷണം സംബന്ധിച്ച പുരോഗതികളെകുറിച്ചും കണ്ടെത്തലുകളെ കുറിച്ചും വ്യക്തമാക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ നിക്ഷേപിക്കുവാനാണെന്ന് ധരിപ്പിച്ച് രണ്ടായിരം കോടിയോളം രൂപ വിദേശത്തും സ്വദേശത്തും നിന്നായി നിക്ഷേപകരില്‍ നിന്നും സമാഹരിച്ച് തട്ടിപ്പ് നടത്തിയ സംഭവമാണ് കോലളമ്പ് നിക്ഷേപത്തട്ടിപ്പ് കേസ്.
മുഖ്യപ്രതി സക്കീര്‍ ഹുസൈന്‍ മൂന്നു ഇടനിലക്കാരെ വെച്ചായിരുന്നു നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ചിരുന്നത്. ഒരു ലക്ഷം രൂപക്ക് മാസത്തില്‍ അയ്യായിരം രൂപ ലാഭവിഹിതം നല്‍കുമെന്ന് പറഞ്ഞ് നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നാണ് വന്‍ തുക തട്ടിപ്പ് സംഘം കൈക്കലാക്കിയത്. തുടക്കത്തില്‍ പലര്‍ക്കും ലാഭ വിഹിതങ്ങള്‍ കൈമാറിയെങ്കിലും പിന്നീട് ലാഭവും മുതലും ലഭിക്കാതായതോടെ നിക്ഷേപകര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. സമ്പാദ്യം പൂര്‍ണമായും ഫണ്ടില്‍ നിക്ഷേപിച്ച നൂറുകണക്കിന് കുടുംബങ്ങളാണ് തട്ടിപ്പിനെ തുടര്‍ന്ന് വഴിയാധാരമായത്.
സംഭവത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയതോടെ ചിലര്‍ ആത്മഹത്യ ചെയ്യുകയും ചില ഇടനിലക്കാര്‍ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശത്ത് ജയിലുകളില്‍ അകപ്പെടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനാകാതെയും മുഖ്യപ്രതികളിലേക്ക് ആഴത്തില്‍ അന്വേഷണമെത്തിക്കാനാകാതെയും ഇഴഞ്ഞ് നീങ്ങുകയാണ് അന്വേഷണ സംഘം.