Connect with us

Kozhikode

ഒഴിവാക്കലുകള്‍ തുറന്നുകാട്ടുന്ന 'പൊളിച്ചെഴുത്ത് 'തിയേറ്റര്‍ ശ്രദ്ധേയമാകുന്നു

Published

|

Last Updated

മര്‍കസ് നഗര്‍: ശാസ്ത്ര, സാങ്കേതിക രംഗത്ത് നിര്‍ണായക സംഭാവനകള്‍ ചെയ്ത പല മുസ്‌ലിം നേതാക്കളും ചരിത്രത്തിന്റെ അളവുകോലില്‍ തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. മനഃപൂര്‍വവും അല്ലാതെയുമുള്ള ഇത്തരം ഒഴിവാക്കലുകള്‍ തുറന്നുകാട്ടുന്ന, മര്‍കസ് അന്താരാഷ്ട്രാ എക്‌സ്‌പോയിലെ “പൊളിച്ചെഴുത്ത് ” തിയേറ്റര്‍ ശ്രദ്ധേയമാകുന്നു. യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും വന്ന ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ അസ്ഥിവാരം എവിടെയെന്ന് അന്വേഷിക്കുന്ന ഈ സയന്‍സ് തിയേറ്റര്‍ ഇമാം ഗസ്സാലി, ഇബ്‌നു സീന, അല്‍ ബറാദി തുടങ്ങിയ മുസ്‌ലിം ശാസ്ത്രജ്ഞരുടെയും പണ്ഡിതന്‍മാരുടെയും ശാസ്ത്ര സംഭാവനകളെ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. ശാസ്ത്ര ലോകവുമായി മുസ്‌ലിംകള്‍ പുലര്‍ത്തിപ്പോന്ന ഊഷ്മളമായ ബന്ധത്തിന്റെ ചരിത്രം കൂടിയാണ് മര്‍കസ് ഒയാസീസ് വിദ്യാര്‍ഥികളുടെ ഈ തിയേറ്ററില്‍ അനാവരണം ചെയ്തരിക്കുന്നത്.
കൂടാതെ വിജ്ഞാനവും വിസ്മയവും കൗതുകവും നിറഞ്ഞ നിരവധി സ്റ്റാളുകളാണ് മര്‍കസ് 37 ാം സമ്മേളനത്തിന്റെ ഭാഗമായുള്ള എക്‌സപോയില്‍ ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ കാലപ്പഴക്കവും ആധുനികതയും സമന്വയിപ്പിച്ച് 73 സ്റ്റാളുകളിലായാണ് വിസ്മയ പ്രദര്‍ശനം.
മെഡിക്കല്‍ സ്റ്റാളുകള്‍, കാര്‍ഷിക, പുരാവസ്തു സ്റ്റാളുകള്‍, ഐ ടി അനുബന്ധ സ്റ്റാളുകള്‍, മര്‍കസിന്റെ കീഴിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ നിര്‍മിതികളുടെ പ്രദര്‍ശനം, മെഡിക്കല്‍ തിയേറ്റര്‍, ആധുനിക ഗൃഹോപകരണങ്ങളുടെയും ടൈലുകളുടെയും വാഹനങ്ങളുടെയും പ്രദര്‍ശനം, മേഖല ശാസ്ത്ര കേന്ദ്രത്തിന്റെ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശനം, കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടന്ന കേരളയാത്രയിലെ അവിസ്മരണീയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഫോട്ടോ പ്രദര്‍ശനം, മര്‍കസിന്റെ കീഴില്‍ രാജ്യത്ത് തന്നെ ശ്രദ്ധേയമായി മാറാന്‍ പോകുന്ന നോളജ് സിറ്റിയെ സംബന്ധിച്ച വിശദീകരണങ്ങള്‍ അടങ്ങിയ ഫോട്ടോ, പൂര്‍വ രേഖ പ്രദര്‍ശനം എന്നിവ ഇവയില്‍ ചിലത് മാത്രമാണ്.
പ്രദര്‍ശന നഗരയിലെ താരമായി ലോകത്തെ ഏറ്റവും ചെറിയ പശു മാണിക്യവും ഇവിടെയുണ്ട്. വെച്ചൂര്‍ ഇനത്തില്‍പ്പെട്ട മാണിക്യം അടുത്തിടെയാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. അത്തോളിയിലെ കാമധേനു നാച്ച്വറല്‍ ഫാമിന്റെ ഉടമസ്ഥതയിലുള്ള മാണിക്യം പശുവിനെ കൂടാതെ അപൂര്‍വയിനത്തില്‍പ്പെട്ട വിവിധ തരം പശുക്കളും ആടുകളും പ്രദര്‍ശനത്തിനുണ്ട്.
25 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി നടക്കുന്ന ഊദ് എക്‌സ്‌പോ ആധുനിക കൃഷിരീതിയില്‍ എങ്ങനെ ലഭാകരമാക്കാം എന്ന് തുറന്നുകാട്ടുന്നു. ഊദ് ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം ഊദ് കൃഷിരീതിയെക്കുറിച്ചുള്ള ക്ലാസുകള്‍, സംശയ നിവാരണത്തിനായി വിദഗ്ധരുടെ ക്ലാസുകള്‍, ലോകത്തിലെ അപൂര്‍വ ഇനം അഗര്‍വുഡ് പ്രൊഡക്ടുകള്‍, ഒലീവ് ചെടികളുടെ പ്രദര്‍ശനവും വില്‍പ്പനയും പ്രദര്‍ശനത്തിനുണ്ട്. ഊദ് പ്രദര്‍ശനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫസര്‍മാരും സയിന്റിസ്റ്റുകളും അഗ്രികള്‍ച്ചറല്‍ പ്രൊഫഷണലുകളും ബിസിനസ് മേധാവികളും പങ്കെടുക്കുന്ന സെമിനാറുകളും നടക്കുന്നുണ്ട്. നിര്‍മാണ രംഗത്തെ ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും പരിചയപ്പെടുത്തി മര്‍കസ് ഐ ടി സി വിദ്യാര്‍ഥികളുടെ പ്രദര്‍ശനവും ആകര്‍ഷണീയമാണ്.

---- facebook comment plugin here -----

Latest