സെന്നിംഗ്‌സ് ശസ്ത്രക്രിയാ: അപൂര്‍വ നേട്ടവുമായി മിംസ്

Posted on: December 19, 2014 12:19 pm | Last updated: December 19, 2014 at 12:19 pm

കോഴിക്കോട്: കുഞ്ഞുങ്ങളുടെ ഹൃദ്രോഗ ചികിത്സാരംഗത്ത് കുതിച്ചുചാട്ടമായി സെന്നിംഗ്‌സ് ശസ്ത്രക്രിയ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. അതീവ സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ നിര്‍വഹിക്കുന്ന ഉത്തര കേരളത്തിലെ ആദ്യ ആശുപത്രിയാണ് മിംസ്. ട്രാന്‍സ്‌പൊസിഷന്‍ ഓഫ് ഗ്രേറ്റ് ആര്‍ട്ടറീസ് എന്ന ഗുരുതരമായ ജന്മനാലുള്ള ഹൃദ്രോഗം ബാധിച്ച കാസര്‍കോട് കുശാല്‍ നഗര്‍ സ്വദേശി ജലീലിന്റെ ഒരു വയസ്സുള്ള മകള്‍ ഫാത്തിമത്ത് ഷാനിബയെയാണ് സെന്നിംഗ് ശസ്ത്രക്രിയയിലൂടെ മിംസ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജലീലിന് ശസ്ത്രക്രിയക്ക് വേണ്ട പണം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. പല ആശുപത്രികളെയും സമീപിച്ച് ഒടുവില്‍ മിംസിലെത്തിച്ചേര്‍ന്ന ഈ കുടുംബത്തിന്റെ ദൈന്യത മനസ്സിലാക്കി മിംസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.
പീഡിയാട്രിക് കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റുകളായ ഡോ. രേണു പി കുറുപ്പ്, ഡോ. രമാദേവി എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധനക്ക് ശേഷമാണ് ഫാത്തിമത്ത് ഷാനിബയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വെല്ലുവിളിയായിരുന്നു എന്ന് ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. ബെനഡിക്ട് രാജ് പറഞ്ഞു. ജനിച്ച് 21 ദിവസത്തിനകം നിര്‍വഹിക്കേണ്ടിയിരുന്ന ശസ്ത്രക്രിയയാണ് ഒരു വര്‍ഷത്തിന് ശേഷം ചെയ്യേണ്ടിവന്നത്. ഈ ശസ്ത്രക്രിയക്ക് അത്യാധുനികമായ സൗകര്യങ്ങള്‍ക്ക് പുറമെ വിദഗ്ധ പരിശീലനം നേടിയ ഡോക്ടറും മറ്റ് ജീവനക്കാരും അനിവാര്യമാണെന്നും ഡോക്ടര്‍ ബെനഡിക്ട് രാജ് പറഞ്ഞു.