ലഖ്‌വിക്ക് ജാമ്യം: കോടതി വിധിക്കെതിരെ പാക് സര്‍ക്കാര്‍ അപ്പീലിന്

Posted on: December 19, 2014 11:37 am | Last updated: December 19, 2014 at 10:52 pm

LAQVI.ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയായ ലശ്കറെ ത്വയ്യിബ ഓപറേഷന്‍സ് കമാന്‍ഡര്‍ സക്കീര്‍ റഹ്മാന്‍ ലഖ്‌വിക്ക് പാക്കിസ്ഥാനിലെ തീവ്രവാദവിരുദ്ധ കോടതി ജാമ്യം അനുവദിച്ചതിനെതിരെ പാക് സര്‍ക്കാര്‍ അപ്പീല്‍ പോകും. കോടതി വധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്ന് പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പ്രോസിക്യൂട്ടര്‍ അസ്ഹര്‍ ചൗദരി അറിയിച്ചു.
ലഖ്‌വിക്ക് ജാമ്യം അനുവദിച്ചതില്‍ ഇന്ത്യയും പ്രതിഷേധം അറിയിച്ചു. കോടതി നടപടി ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പാകിസ്ഥാന്‍ ഇന്ത്യക്ക് നല്‍കിയ ഉറപ്പുകള്‍ ലംഘക്കപ്പെട്ടെന്ന് വിദേശകാര്യ വക്താവ് സെയ്യിദ് അകബറുദ്ദീന്‍ പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണ കേസില്‍ ആരോപണവിധേയരായ ഏഴ് പാക് പൗരന്മാരില്‍ ഒരാളാണ് ലഖ്‌വി. ലഖ്‌വി ഉള്‍പ്പെടെ ആറ് പേര്‍ ബുധനാഴ്ചയാണ് ജാമ്യം നല്‍കിയത്. ജാമ്യം നല്‍കരുതെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ് ഐ എ) പ്രോസിക്യൂട്ടര്‍ വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മുംബൈ ഭീകരാക്രമണ കേസില്‍ അറസ്റ്റിലായ ലഖ്‌വി ഉള്‍പ്പെടെയുള്ള ഏഴ് പേരെ റാവല്‍പിണ്ടിയിലെ ആദിയാല ജയിലിലാണ് പാര്‍പ്പിച്ചത്.
പെഷാവറിലെ സൈനിക സ്‌കൂളില്‍ ചൊവ്വാഴ്ച നടന്ന തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെയാണ് ലഖ്‌വി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചത്.