ഐ പി എല്‍: യുവ്‌രാജ്, സഹീര്‍, പൂജാര എന്നിവരെ ഒഴിവാക്കി

Posted on: December 19, 2014 9:23 am | Last updated: December 19, 2014 at 9:23 am

iplമുംബൈ: അടുത്ത സീസണിലെ ഐ പി എല്‍ ടൂര്‍ണമെന്റിനുള്ള എട്ട് ടീമുകള്‍ 123 കളിക്കാരെ നിലനിര്‍ത്തി. 79 ഇന്ത്യന്‍ കളിക്കാരും 44 വിദേശ താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിനെ വിജയ് മല്യയുടെ ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് കൈവിട്ടു. 14 കോടി രൂപക്കാണ് വിജയ് മല്യ കഴിഞ്ഞ സീസണില്‍ യുവരാജ് സിംഗിനെ സ്വന്തമാക്കിയത്. ഐ പി എല്ലിന് മുമ്പായി ലേലത്തിനെത്തുന്നവരുടെ കൂട്ടത്തിലായി ഇതോടെ യുവരാജ് സിംഗ്. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന്റെ രണ്ടാമത്തെ ടോപ് സ്‌കോററായിരുന്നു യുവരാജ്. 376 റണ്‍സാണ് യുവി അടിച്ചുകൂട്ടിയത്. ലോകകപ്പിനുള്ള മുപ്പതംഗ ടീമിലും ഇടം കണ്ടെത്താനും യുവരാജിന് കഴിഞ്ഞിരുന്നില്ല. ആല്‍ബി മോര്‍ക്കല്‍, മുത്തയ്യ മുരളീധരന്‍, ശതബ് ജക്കാത്തി എന്നിവരെയും ബാംഗ്ലൂര്‍ ഒഴിവാക്കിയിട്ടുണ്ട്. സര്‍റൈസേഴ്‌സ് ഹൈദരാബാദ്, ആരോണ്‍ ഫിഞ്ച്, ബ്രണ്ടന്‍ ടെയ്‌ലര്‍, ഡാരന്‍ സമ്മി, ഇര്‍ഫാന്‍ പത്താന്‍ എന്നിവരെ ഒഴിവാക്കി. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് വെറ്ററന്‍ പേസര്‍ സഹീര്‍ ഖാന്‍, മൈക്കല്‍ ഹസ്സി, പ്രവീണ്‍ കുമാര്‍, പ്രഗ്യാന്‍ ഓജ, എന്നിവരെ ഒഴിവാക്കി. ഡല്‍ഹി ഡെയര്‍ ഡെവില്‍സ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെയും കെവിന്‍ പീറ്റേഴ്‌സണിനെയും ലക്ഷ്മി രത്തന്‍ ശുക്ലയെയും മുരളി വിജയ്, രാഹുല്‍ ശര്‍മ, റോസ് ടെയ്‌ലര്‍, വൈയ്ന്‍ പാര്‍നല്‍, രാഹുല്‍ ശര്‍മ എന്നിവരെയും കൈവിട്ടു. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെയും എല്‍ ബാലാജിയെയും മുരളി കാര്‍ത്തിക്കിനെയും ഒഴിവാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സാണ് ഏറ്റവും കുറച്ച് കളിക്കാരെ ഒഴിവാക്കിയ ടീം. അങ്കുഷ് ബെയ്ന്‍സിനെയും ബ്രാഡ് ഹോഡ്ജിനെയുമാണ് ഇവര്‍ ഒഴിവാക്കിയത്.
ഒത്തുകളി വിവാദത്തില്‍ ആരോപണ വിധേയമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ക്യാപ്റ്റന്‍ ധോണി, ആശിഷ് നെഹ്‌റ, ഡ്വെയ്ന്‍ സ്മിത്ത്, ഡുപ്ലസിസ്, മോഹിത് ശര്‍മ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, ബ്രണ്ടന്‍ മക്കെല്ലം തുടങ്ങിവരെ നിലനിര്‍ത്തി. ബെന്‍ ഹില്‍ഫനോസ്, ജോണ്‍ ഹേസ്റ്റിംഗ്‌സ്, വിജയ് ശങ്കര്‍, ഡേവിഡ് ഹസി എന്നിവരെ പുറത്താക്കി.

ALSO READ  ഐ പി എല്‍: സൂപ്പർ ഓവറിൽ ഡൽഹി