Connect with us

Articles

കേരളത്തില്‍ ഒരു യൂനാനി മെഡി. കോളജ്

Published

|

Last Updated

ചരിത്രത്തില്‍ നിരവധി സവിശേഷതകളോടെ രേഖപ്പെടുത്തപ്പെടുന്ന ഒരു ചടങ്ങിനാണ് ഇന്ന് മര്‍കസ് നോളജ് സിറ്റി സാക്ഷ്യം വഹിക്കുന്നത്. കേരളത്തിന്റെ ആതുര സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും പുതിയൊരു അധ്യായത്തിന് കൂടി തുടക്കമാകുന്നു. സംസ്ഥാനത്തെ പ്രഥമ യൂനാനി മെഡിക്കല്‍ കോളജിന്റെ ആദ്യ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് നടക്കുമ്പോള്‍ നോളജ് സിറ്റിയില്‍ പ്രവര്‍ത്തനസജ്ജമായ ആദ്യ കെട്ടിടം എന്ന പ്രേത്യകതയും അതിനുണ്ട്.
യൂനാനി വൈദ്യശാസ്ത്രത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. മനുഷ്യന്റെ പ്രകൃതിയോട് ഏറ്റവും അനുയോജ്യമായ ഒരു ചികിത്സാ സമ്പ്രദായമാണിത്. സകല ശാസ്ത്രങ്ങളുടെയും തത്വചിന്തയുടെയും മക്കയെന്ന് അറിയപ്പെടുന്ന ഗ്രീക്കില്‍ (യുനാന്‍) നിന്നാണ് ഈ വൈദ്യശാസ്ത്രം പിറവിയെടുക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെ വൈദ്യശാസ്ത്ര – അടിസ്ഥാന തത്വമായ ചതുര്‍ദോഷത്തില്‍ അധിഷ്ഠിതമാണ് യൂനാനി വൈദ്യശാസ്ത്രം (Four elements—earth, air, fire and water). അടിമുടി തെറ്റാതെ ഈ അടിസ്ഥാന തത്വത്തില്‍ നിലനില്‍ക്കുന്ന ഒരേയൊരു ചികിത്സാരീതി യൂനാനി മാത്രമാണ്.
ഗ്രീക്കില്‍ നിന്നും തുടങ്ങിയതിനാലായിരിക്കണം ഇതിന് യൂനാനി എന്ന പേര് ലഭിച്ചത്. ലോകത്തെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ അതാത് രാജ്യങ്ങളിലെ വൈദ്യകുലപതികള്‍ ഈ ചികിത്സാ സമ്പ്രദായത്തെ പരിപോഷിപ്പിച്ചു. ഇതില്‍ ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയത് അറബികള്‍ ആയിരുന്നു. അതുകൊണ്ടായിരിക്കാം ഈ ശാസ്ത്രത്തെ ഇന്നും പലരും ഇസ്‌ലാമിക് മെഡിസിന്‍ എന്ന പേരില്‍ പരിചയപ്പെടുത്തുന്നത്. പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ കാലഘട്ടത്തിലാണ് യൂനാനി ചികിത്സാ രീതി ഇന്ത്യയിലേക്ക് വരുന്നത്.
ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയുടെ തനതായ പല പൈതൃകങ്ങളും നാശോന്മുഖമായപ്പോള്‍ യൂനാനി ചികിത്സാരീതിയും പിറകോട്ടടിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ ഉറ്റമിത്രവുമായിരുന്ന ഹകീം അജ്മല്‍ ഖാന്‍ ആണ് ഇന്ത്യയില്‍ ഈ ശാഖക്ക് ഒരു പുനരുദ്ധാരണവും മേല്‍വിലാസവും നേടിക്കൊടുത്തത്. 1901 ല്‍ അജ്മല്‍ ഖാന്‍ സ്ഥാപിച്ച‘അജ്മല്‍ ഖാന്‍ ത്വിബ്ബിയ്യ കോളജ് ഇതിന് ഉത്തമ ഉദാഹരണമാണ്.
ഇന്ന് ഇന്ത്യയില്‍ അമ്പതോളം യൂനാനി മെഡിക്കല്‍ കോളജുകളിലായി ബിരുദവും ബിരുദാനന്തര ബിരുദവും വ്യവസ്ഥാപിതമായി നല്‍കുന്നു. കേരളവും ഗുജറാത്തുമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും യൂനാനി മെഡിക്കല്‍ കോളജുകളുണ്ട്. കേരളത്തില്‍ ഇന്ന് ഏകദേശം 50 ല്‍പരം യൂനാനി ഡോക്ടര്‍മാരും 100 ഓളം ബിരുദവിദ്യാര്‍ഥികളും ഈ ശാഖയിലുണ്ട്. NRHM (National Rural Health Mission) -ന്റേയും സംസ്ഥാന സര്‍ക്കാറിന്റേയും കീഴില്‍ കേരളത്തിന്റെ പലഭാഗങ്ങളിലും യൂനാനി ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു.
വികസനത്തിന്റെ കേരള മോഡല്‍ പക്ഷേ, യൂനാനിയുടെ കാര്യത്തില്‍ നേരെ തിരിച്ചായതിന് നിരവധി കാരണങ്ങളുണ്ടാകാം. കേരളത്തിനൊരു യൂനാനി മെഡിക്കല്‍ കോളജ് എന്ന കാലങ്ങളായുള്ള സ്വപ്‌നമാണ് മര്‍കസ് നോളജ് സിറ്റിയിലൂടെ ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. സമാന്തര വൈദ്യശാസ്ത്ര രംഗത്ത് ഇതിനകം സ്വീകാര്യത വര്‍ധിച്ച യൂനാനി ഗവേഷണത്തിനും ചികിത്സക്കുമായി മികച്ച സൗകര്യങ്ങളും വിദഗ്ദ സേവനങ്ങളുമായാണ് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് നോളജ് സിറ്റിയില്‍ സ്ഥാപിതമാകുന്നത്.
അടുത്ത അധ്യയന വര്‍ഷം തന്നെ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിക്കാനാണ് പദ്ധതി. യൂനാനി പഠനത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥക്കാണ് ഇതോടെ മാറ്റം വരുന്നത്. രാജ്യത്തോടും ജനങ്ങളോടുമൊപ്പം 37 വര്‍ഷമായി നിലകൊള്ളുന്ന മര്‍കസിന്റെ ഈ പുതിയ കാല്‍വെപ്പ് കേരളത്തിന്റെ ആതുരസേവന രംഗത്ത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നതില്‍ സംശയമില്ല; അതാണ് ചരിത്രവും.