Connect with us

Kozhikode

മാലിന്യ സംസ്‌കരണത്തിന് സംവിധാനമൊരുക്കി മാതൃകയായി

Published

|

Last Updated

മര്‍കസ് നഗര്‍: ശാസ്ത്രീയമായ മാലിന്യസംസ്‌കരണത്തിന് സംവിധാനമൊരുക്കി മര്‍കസ് സമ്മേളനത്തിന്റെ മാതൃക. സമ്മേളന നഗരിയെ വൃത്തിയും വെടിപ്പുമുള്ളതുമാക്കി നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യുന്ന ആര്‍ സി എഫ് ഐ പരിസ്ഥിതി വളണ്ടിയര്‍മാര്‍ സേവനസന്നദ്ധത കൊണ്ട് മാതൃകയാകുകയാണ്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി നഗരിക്ക് അകത്തും പുറത്തുമായി 500 ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത 101 അംഗ വളണ്ടിയര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ബിന്നുകളില്‍ നിക്ഷേപിക്കുന്ന ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കാന്‍ മര്‍കസ് മാലിന്യസംസ്‌കരണ പ്ലാന്റില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് മാറ്റും. ശാസ്ത്രീയമായി തരംതിരിച്ച് പുനരുപയോഗവും പുനചംക്രമണവും സാധ്യമാക്കും വിധമാണ് മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനവും വളണ്ടിയര്‍ വിംഗിന്റെ സമര്‍പ്പണവും ക്രിസ്റ്റല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മന്‍സൂര്‍ ഹാജി ചെന്നൈ നിര്‍വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദേശം നല്‍കി. യുദ്ധമുഖത്ത് പോലും സസ്യജീവ ജാലങ്ങളെ മാനിക്കണമെന്ന പ്രവാചക സന്ദേശം ഉള്‍ക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് കാന്തപുരം പറഞ്ഞു. സീറോവെയ്സ്റ്റ് സംവിധാനം പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യസമ്മേളനമാണിതെന്ന് ആര്‍ സി എഫ് ഐ ജനറല്‍സെക്രട്ടറി ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി വളണ്ടിയര്‍മാര്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ചെയര്‍മാന്‍ പി സി ഇബ്രാഹിംമാസ്റ്റര്‍, ആര്‍ സി എഫ് ഐ മാനേജര്‍ റഷീദ് പുന്നശ്ശേരി, എന്‍ജിനീയര്‍ യൂസുഫ്, നൗഷാദ് മാസ്റ്റര്‍, ഫസല്‍ മാസ്റ്റര്‍ സംബന്ധിച്ചു.

Latest