775 അനധികൃത താമസക്കാരെ പിടികൂടി

Posted on: December 18, 2014 7:15 pm | Last updated: December 18, 2014 at 7:15 pm

ഷാര്‍ജ: 775 അനധികൃത താമസക്കാരെ പിടികൂടിയതായി ഷാര്‍ജ പോലീസ് വെളിപ്പെടുത്തി. നവംബര്‍ മാസത്തിലാണ് പോലീസിന്റെ പ്രത്യേക കാമ്പയിന്റെ ഭാഗമായി അനധികൃത താമസക്കാര്‍ പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി എത്തിയവരും സ്‌പോണ്‍സര്‍മാരില്‍ നിന്നു ഒളിച്ചോടിയവരും പിടികൂടിയവരില്‍ ഉള്‍പെടും. വിവിധ രാജ്യക്കാരായവര്‍ ഇവരിലുണ്ട്. പെട്ടെന്ന് പണമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളായ ചൂതാട്ടം, യാചന, തെരുവ് കച്ചവടം തുടങ്ങിയവയാണ് ഇവര്‍ നടത്തിയിരുന്നത്. വിശദമായ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഇത്തരക്കാര്‍ക്കെതിരായി പോലീസ് ശക്തമായ കാമ്പയിന്‍ ആരംഭിച്ചത്.
പിടിയിലായവരില്‍ ബഹുഭൂരിഭാഗവും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സൈറ്റുകള്‍, വര്‍ക്കഷോപ്പുകള്‍, കാലിയായ ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളെയാണ് താമസത്തിനായി ഉപയോഗിച്ചിരുന്നതെന്ന് ഷാര്‍ജ പോലീസ് കുറ്റാന്വേഷണ വിഭാഗം തലവന്‍ കേണല്‍ ജിഹാദ് സാഹു വ്യക്തമാക്കി.
അനധികൃതമായി താമസിക്കുന്നവരെ പൂര്‍ണമായും കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് കാമ്പയിന്‍ തുടരുന്നത്. കൂടുതല്‍ പേരെ കണ്ടെത്താന്‍ പരിശോധനകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.