രണ്ടാം ടെസ്റ്റ്: ഓസ്‌ട്രേലിയ 4ന് 221

Posted on: December 18, 2014 3:29 pm | Last updated: December 19, 2014 at 9:17 am

IND VS AUSബിസ്‌ബെയ്ന്‍: മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ഉമേഷ് യാദവിന്റെ പ്രകടന മികവില്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ആസ്‌ത്രേലിയ പതറുന്നു. വെളിച്ചക്കുറവ് മൂലം രണ്ടാം ദിനം നേരത്തെ കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ് ആസ്‌ത്രേലിയ. ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാന്‍ ഓസീസിന് ഇനി 187 റണ്‍സ് കൂടി വേണം. സ്‌കോര്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സ് 408, ആസ്‌ത്രേലിയ 4ന് 221.
ആദ്യ ഇലവനില്‍ ഇടം നേടിയ പേസര്‍ ഉമേഷ് യാദവിന്റെ മികച്ച പ്രകടനമാണ് ആസ്‌ത്രേലിയയെ തളച്ചത്. മികച്ച രീതിയിലായിരുന്നു ആസ്‌ത്രേലിയയുടെ തുടക്കം. എന്നാല്‍ കഴിഞ്ഞ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറെ (28 പന്തില്‍ 29) പുറത്താക്കി യാദവ് ആസ്‌ത്രേലിയക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. വാര്‍ണര്‍ അശ്വിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ആസ്‌ത്രേലിയയുടെ സ്‌കോര്‍ 8.3 ഓവറില്‍ 47. സ്‌കോര്‍ 98ല്‍ എത്തി നില്‍ക്കെ 25 റണ്‍സെടുത്ത വാട്‌സനെ അശ്വിനും പുറത്താക്കി. ധവാന് ക്യാച്ച് നല്‍കിയായിരുന്നു വാട്‌സന്റെ മടക്കം. മികച്ച രീതിയില്‍ സ്‌കോര്‍ ചലിപ്പിച്ച ഓപ്പണര്‍ ക്രിസ് റോജേഴ്‌സിനെ വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവ് ആസ്‌ത്രേലിയക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. 79 പന്തില്‍ പത്ത് ബൗണ്ടറി സഹിതം 55 റണ്‍സെടുത്ത റോജേഴ്‌സ് ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 32 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷാണ് ഒടുവില്‍ പുറത്തായ ബാറ്റ്‌സ്മാന്‍. ഉമേഷിന്റെ പന്തില്‍ അശ്വിന് ക്യാച്ച്. 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഏഴ് റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍.
നേരത്തെ നാലിന് 311 എന്ന നിലയില്‍ രണ്ടാംദിനം കളി പുനരാരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 408 റണ്‍സില്‍ അവസാനിച്ചു. 97 റണ്‍സ് ചേര്‍ക്കുന്നതിനിടയിലാണ് ശേഷിച്ച ആറ് വിക്കറ്റും നഷ്ടമായത്. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടി ഹെയ്‌സല്‍വുഡാണ് ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പ്പിച്ചത്. നഥാന്‍ ലയോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിക്കറ്റിന് പിന്നിലെ ബ്രാഡ് ഹാഡിന്റെ പ്രകടനവും മികവുറ്റതായിരുന്നു. ആറ് പേരാണ് ബ്രാഡിന്റെ ക്യാച്ചിലൂടെ പുറത്താക്കിയത്. ആദ്യ ദിനം 75 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ആദ്യം പുറത്തായത്. സ്‌കോര്‍ 321ല്‍ എത്തി നില്‍ക്കെ ഹേയ്‌സല്‍വുഡിന്റെ പന്തില്‍ ഹാഡിന് ക്യാച്ച്. തൊട്ടുപിന്നാലെ രോഹിത് ശര്‍മയും (32) വീണു. വാട്‌സന്റെ പന്തില്‍ സ്മിത്തിന് ക്യാച്ച്. പിന്നീട് അശ്വിനും ധോണിയും ചേര്‍ന്ന് ചെറിയൊരു രക്ഷാപ്രവര്‍ത്തനം. അശ്വിന്‍ (35), ക്യാപ്റ്റന്‍ ധോണി (32) റണ്‍സെടുത്തു. ഉമേഷ് യാദവ് (ഒമ്പത്), വരുണ്‍ ആരോണ്‍ (നാല്) എന്നിവരാണ് പുറത്തായ മറ്റ് ബറ്റ്‌സ്മാന്‍മാര്‍. ഇശാന്ത് ശര്‍മ ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദ്യദിനം മുരളി വിജയ്‌യുടെ സെഞ്ച്വറി (144) യുടെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് മൂന്നാം ദിനത്തിന്റെ ആദ്യസെഷനില്‍ തന്നെ ആസ്‌ത്രേലിയയെ പുറത്താക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. എങ്കില്‍ ഇന്ത്യക്ക് ശക്തമായ മേല്‍ക്കെ നേടാനാകും.

ALSO READ  ജയത്തോടെ തുടങ്ങി വിൻഡീസ്