കൊയിലേരി പാലം നിര്‍മാണം അന്തിമ ഘട്ടത്തില്‍

Posted on: December 18, 2014 12:17 pm | Last updated: December 18, 2014 at 12:17 pm

കൊയിലേരി: വര്‍ഷങ്ങളായി കൊയിലേരിയിലെ ജനങ്ങള്‍ കാത്തിരുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.
വലിയ വാഹനങ്ങള്‍ക്ക് കൂടി കടന്നു പോകാവുന്ന രീതിയിലാണ് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നബാര്‍ഡ് സ്‌കീമില്‍ ഒമ്പത് കോടി രൂപയാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 6 കോടിരൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിര്‍മ്മാണവും കൊയിലേരി-കമ്മന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന 4.8 കിലോ മീറ്റര്‍ നീളത്തിലുള്ള അപ്രോച്ച് റോഡിന്റെ ഒന്നാംഘട്ട മെറ്റലിംഗ് പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയത്. അപ്രോച്ച് റോഡിന്റെ രണ്ടാംഘട്ട മെറ്റലിംഗ്, ടാറിംഗ് തുടങ്ങിയവ ഉടന്‍ പൂര്‍ത്തിയാകും.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുര സാഗര്‍ ഡാം, കുറുവാദ്വീപ് എന്നിവയെ ബന്ധിപ്പിക്കുന്ന കൊയിലേരി പാലം ടൂറിസം മേഖലയ്ക്ക് ഉണര്‍വേകും. കൂടാതെ മാനന്തവാടി ടൗണില്‍ എത്താതെതന്നെ കുറ്റിയാടി ഭാഗത്തുള്ളവര്‍ക്ക് കുറുവാദ്വീപ്, വള്ളിയൂര്‍ക്കാവ്, പുല്‍പ്പള്ളി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനാകും. അപകട സാധ്യതകള്‍ കുറയ്ക്കുന്നതിന് ഗാര്‍ഡ് സ്റ്റോണുകളും പാരപ്പറ്റുകളും സുരക്ഷാ ഭിത്തികളും തയ്യാറാക്കിയിട്ടുണ്ട്. 2015 മാര്‍ച്ചിനകം പാലം ഗതാഗത യോഗ്യമാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.കൊയിലേരി പാലം യാഥാര്‍ഥ്യമാകുന്നതോടെ ഒരു നാടിന്റെ ഏറെ നാളുകളായുള്ള സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതോടൊപ്പം ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും.