അരീക്കോട് സഹകരണ ബേങ്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ആരോപണം

Posted on: December 18, 2014 12:15 pm | Last updated: December 18, 2014 at 12:15 pm

മലപ്പുറം: അരീക്കോട് സര്‍വീസ് സഹകരണ ബേങ്കില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. ബേങ്കിലെ നിത്യപിരിവുമായി ബന്ധപ്പെട്ട് കെട്ടിട പുനരുദ്ധാരണം, നിയമനം, കാര്‍ഷികവായ്പാ വിതരണം, ബേങ്കിലെ തിരിമറിയും ക്രമക്കേടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹകരണ മന്ത്രിക്കും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബേങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതെന്ന് അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി പി സഫറുല്ല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിത്യപിരിവുമായി ബന്ധപ്പെട്ട് നിവിലുള്ള ആള്‍ വിദേശത്ത് പോയപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനെ നിയമിച്ചത് നിയമാനുസൃമല്ല. ജോയിന്റ് രജിസ്ട്രാറുടെ അനുമതി വാങ്ങിയിട്ടില്ല. ബേങ്ക് പുനരുദ്ധാരണത്തിന് വേണ്ടി 36,93,131 രൂപയാണ് എസ്റ്റിമേറ്റ്. എന്നാല്‍ 48,63,247 രൂപക്ക് കരാര്‍ നല്‍കിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ടെന്‍ഡര്‍ നെഗോസിയേഷന്‍ സുതാര്യമല്ലെന്നും കരാര്‍ തുക എത്രയെന്ന് ഭരണ സമിതിയോ ഉപസമിതിയോ രേഖപ്പെടുത്താത്തതും ആംഗീകൃത പ്ലാന്‍ എസ്റ്റിമേറ്റില്‍ നിന്നും വ്യതിചലിച്ചാണ് പ്രവൃത്തി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക വായ്പകള്‍ നല്‍കിയത് മതിയായ രേഖകള്‍ നല്‍കാതെയാണ്. ഒരു ഹെക്ടര്‍ വാഴകൃഷിക്ക് 3,50,001 രൂപയും തെങ്ങിന് ഒരു ലക്ഷം രൂപയുമാണ്.
എന്നാല്‍ രജിസ്ട്രാര്‍ പരിശോധനയില്‍ ലോണ്‍ നല്‍കിയത് മതിയായ ഭൂമിയില്ലാതെയാണെന്ന് കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രമോഷന്‍ നേടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമന നടപടി സ്വീകരിക്കണമെന്നും വ്യാപകമായ പണം തിരിമറി നടത്തി ലക്ഷങ്ങള്‍ വെട്ടിച്ചും മറ്റും കൊള്ള നടത്തിയ അരീക്കോട് സര്‍വീസ് സഹകരണ ബേങ്ക് ഭരണസമിതിക്കും ജീവനക്കാര്‍ക്കുമെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രക്ഷോപം നടത്തുമെന്നന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേലനത്തില്‍ അരീക്കോട് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്റ് വി മുഹമ്മദ് ബിച്ചാന്‍, ജന. സെക്രട്ടറി ഉമ്മര്‍ വെള്ളേരി, പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ കാരാട്ടില്‍ എന്നിവരും സംബന്ധിച്ചു.