ആഗോളവത്കരണം പ്രാദേശിക അസ്തിത്വം നഷ്ടപ്പെടുത്തുന്നു: എസ് പി ഉദയകുമാര്‍

Posted on: December 18, 2014 12:12 pm | Last updated: December 18, 2014 at 12:12 pm

udayakumarമണ്ണാര്‍ക്കാട്: രാജ്യത്ത് നടപ്പിലാക്കി വരുന്ന ആഗോള വല്‍ക്കരണം പ്രാദേശിക അസ്ഥിത്വം നഷ്ടപ്പെടുത്തുന്നുവെന്ന് കൂടംകുളം ആണവ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ഡോ എസ് പി ഉദയകുമാര്‍ അഭിപ്രായപ്പെട്ടു. മണ്ണാര്‍ക്കാട് കല്ലടി കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ അട്ടപ്പാടി സുസ്ഥിര വികസനവും അതിജീവനവും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു.—
അട്ടപ്പാടിയിലെ ആദിവാസികളും ദേശീയ സമൂഹത്തിന്റെ ഭാഗമാണെന്നും അവരുടെ ജീവിതക്രമം തുടര്‍ന്നുകൊണ്ടുപോവാനുളള അവസരമാണ് വേണ്ടതെന്നും ആദിവാസി പ്രശ്‌നങ്ങള്‍ മാനവികമായി കൈകാര്യം ചെയ്യണമെന്നും ഉദയകുമാര്‍ അഭിപ്രായപ്പെട്ടു. അട്ടപ്പാടിയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആദിവാസി ഗോത്ര മഹാസ നേതാവ് സി കെ ജാനു പറഞ്ഞു.
കോടികള്‍ അനുവദിച്ച് നടത്തുന്ന പദ്ധതികളൊന്നും തന്നെ കാര്യക്ഷമമല്ല. പദ്ധതി നടത്തിപ്പില്‍ ആദിവാസികളുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആദിവാസികളെ രണ്ടാം പൗരന്‍മാരായി കാണുന്ന ഭരണകൂടത്തിന്റെ നിലപാടുകള്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്നും ജാനു അഭിപ്രായപ്പെട്ടു. ജി പി രാമചന്ദ്രന്‍ മോഡറേറ്ററായിരുന്നു. ദളിത് സാഹിത്യകാരന്‍ കെ.—കെ കൊച്ച്, ഗീതാനന്ദന്‍, ശശി പന്തളം സംസാരിച്ചു. ദ്വിദിന സെമിനാറില്‍ രാവിലെ നടന്ന വിവിധ സെഷനുകളില്‍ പ്രൊ ഡോ എന്‍ അജിത്ത്കുമാറും ഡോ സുരേഷ് ബാബു ക്ലാസെടുത്തു.