സമ്മേളനം ഇന്നു മുതല്‍; ഇനി ശ്രദ്ധ മര്‍കസില്‍

Posted on: December 18, 2014 12:18 am | Last updated: December 19, 2014 at 12:17 am

markazകോഴിക്കോട്; ചരിത്രം പുതിയ താളൊരുക്കി കാത്തിരിക്കുന്ന ആഗോള മുസ്‌ലിം സംഗമത്തിന് ഇന്ന് കൊടിയേറ്റം. ഇനി നാല് നാള്‍ മര്‍കസ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. ഒരു ജനതയുടെ കാത്തിരിപ്പ് തീരുകയാണ് ഇന്ന്. 37 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ നേരടയാളമാകും ഈ സമ്മേളനം. മതവും രാഷ്ട്രീയവും വിദ്യാഭ്യാസ സാമൂഹിക പ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്ന സംഗമത്തില്‍ പങ്കെടുക്കാന്‍ മുപ്പത് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖരെത്തും. രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം എന്നതാണ് സമ്മേളനത്തിന്റെ തലക്കെട്ട്. വൈകുന്നേരം നാലിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി അധ്യക്ഷനാകും. ജിദ്ദ സര്‍വകലാശാല പ്രൊഫസര്‍ ശൈഖ് അബ്ദുല്ല ഫദ്അഖ് ആണ് മുഖ്യാതിഥി. ലക്ഷദ്വീപ് എം പി. പി പി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുക്കും.

വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനമാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ആത്മീയനായകരുടെ സാന്നിധ്യം ആത്മനിര്‍വൃതി തേടിയെത്തുന്ന പതിനായിരങ്ങള്‍ക്ക് അനുഗ്രഹമാകും.
രാജ്യത്തിനകത്തും പുറത്ത് നിന്നുമുള്ള പണ്ഡിതര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും പുറമെ കേന്ദ്ര-സംസ്ഥാനമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സമ്മേളനത്തിനെത്തും. നാളെ വൈകുന്നേരം മൂന്നിന് കൈതപ്പൊയിലിലെ മര്‍കസ് നോളജ്‌സിറ്റിയില്‍ നടക്കുന്ന പ്രവാസി സംഗമം സംസ്ഥാന നഗരകാര്യ ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. നോളജ്‌സിറ്റിയില്‍ പ്രവൃത്തി പൂര്‍ത്തിയായ യൂനാനി മെഡിക്കല്‍ കോളജിന്റെ ആദ്യ ബ്ലോക്ക് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഇതേസമയം തന്നെ കാരന്തൂരിലെ മര്‍കസ് നഗറില്‍ ആദര്‍ശ സമ്മേളനവും തുടര്‍ന്ന് ഖുര്‍ആന്‍ സമ്മേളനവും നടക്കും. ഖുര്‍ആന്‍ സമ്മേളനം ഉസ്ബക്കിസ്ഥാനിലെ മുഫ്തി മുഹമ്മദ് സ്വാദിഖ് യൂസുഫ് ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഹാഫിളുകള്‍ക്കുള്ള സനദ്ദാനം വേള്‍ഡ് ഇസ്‌ലാമിക് ലീഗ് ഉപദേഷ്ടാവ് ഡോ. ഹാശിം മുഹമ്മദ് അലി മഹ്ദി നിര്‍വഹിക്കും.
ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന വിദ്യാഭ്യാസ സംവാദം ഇ ടി മുഹമ്മദ് ബഷീര്‍ എം പി യും മര്‍കസ് ‘ഹരിതം’ കാര്‍ഷിക പദ്ധതി കൃഷിമന്ത്രി കെ പി മോഹനനും ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് നടക്കുന്ന ദേശീയ ചാരിറ്റി സെമിനാര്‍ ബീഹാര്‍ എം പി ചൗധരി മെഹ്ബൂബ് അലി ഖൈസര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ‘എന്റെ മര്‍കസ്’ സംഗമം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് നടക്കുന്ന ശൈഖ് മുഹമ്മദ് സായിദ് അന്താരാഷ്ട്ര സമാധാന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. 21 ന് ഞായറാഴ്ച രാവിലെ നടക്കുന്ന ദഅ്‌വ സമ്മേളനത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രായോഗിക രീതികള്‍ ചര്‍ച്ച ചെയ്യപ്പെടും.
പത്ത് മണിക്ക് ദേശീയ ദഅ്‌വാ സംഗമവും ഉച്ചക്ക് പന്ത്രണ്ടിന് മര്‍കസില്‍ നിന്ന് ഈ വര്‍ഷം ബിരുദമെടുക്കുന്ന സഖാഫികള്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണവും നടക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് ആഗോള പണ്ഡിത പ്രമുഖരുടെ സാന്നിധ്യത്തില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനം യു എ ഇ മതകാര്യ വകുപ്പ് ഡയക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് മത്വര്‍ അല്‍ കഅബി ഉദ്ഘാടനം ചെയ്യും.