ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം

Posted on: December 18, 2014 12:01 am | Last updated: December 18, 2014 at 12:13 am

കൊച്ചി: ചെന്നെയിന്‍ എഫ് സിയെ മറകടന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് കൊച്ചിയില്‍ ഉജ്ജ്വല സ്വീകരണം. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലും ടീമംഗങ്ങളുടെ താമസസ്ഥലമായ മരടിലെ ക്രൗണ്‍പ്ലാസയിലുമാണ് ടീം അധികൃതരും ആരാധകരും ചേര്‍ന്ന് സ്വീകരണമൊരുക്കിയത്.
ഇന്നലെ രാവിലെ ചെന്നൈയില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ ടീമംഗങ്ങളെ കാത്ത് നൂറ് കണക്കിന് ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമിന്റെ വിജയശില്‍പ്പി പിയേഴ്‌സണ്‍ ആദ്യ സംഘത്തിനൊപ്പമില്ലാതിരുന്നതു ആരാധകരെ തെല്ലു നിരാശയിലാഴ്ത്തി. ചെന്നെക്കെതിരെ രണ്ടാംപാദ സെമി മത്സരത്തിനിറങ്ങുമ്പോള്‍ ടീമിനു ഏറെ സമ്മര്‍ദമുണ്ടായിരുന്നതായി ടീം മാനേജര്‍ ഡേവിഡ് ജെയിംസ് മാധ്യമങ്ങളോടു പറഞ്ഞു. പ്രതിരോധത്തിലൂന്നിയായിരുന്നു ചെന്നൈ കേരളത്തിനെതിരെ കളിച്ചത്. ആദ്യ പകുതിയില്‍ കേരളവും ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചു. സെമിയിലെ പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകാനായിരിക്കും ഫൈനലില്‍ ടീം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പാശേരിയില്‍ നിന്ന് ടീമിന്റെ താമസ സ്ഥലമായ മരട് ക്രൗണ്‍പ്ലാസയിലെത്തിയപ്പോള്‍ കേക്ക് മുറിച്ചാണ് ടീമംഗങ്ങളെ അധികൃതര്‍ സ്വീകരിച്ചത്. മാനേജര്‍ ഡേവിഡ് ജെയിംസും കോച്ച് മോര്‍ഗനും ചേര്‍ന്നാണ് ആദ്യം കേക്ക് മുറിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും ടീമിനൊപ്പം നിന്ന കേരളത്തിലെ ആരാധകര്‍ക്ക് സെമി വിജയം സമ്മാനിക്കുന്നതായും ആദ്യ സെമിയില്‍ ഗോള്‍ നേടാനായതില്‍ സന്തോഷമുണ്ടെന്നും മലയാളി താരം സുശാന്ത് മാത്യു പറഞ്ഞു.