Connect with us

Ongoing News

കണ്‍സ്യൂമര്‍ ഫെഡിലെ പ്രതിസന്ധി മന്ത്രിയും സമ്മതിച്ചു

Published

|

Last Updated

തിരുവനന്തപുരം; സംസ്ഥാനത്ത് സഹകരണ വകുപ്പിന് കീഴിലുള്ള കണ്‍സ്യൂമര്‍ഫെഡ് നന്മ, നീതി, ത്രിവേണി സ്റ്റോറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ വിപണി ഇടപെടലിന് പ്രതിസന്ധിയുണ്ടായിട്ടുള്ളതായും മന്ത്രി നിയമസഭയെ അറിയിച്ചു. ത്രിവേണി സ്റ്റോറുകളുടെ പ്രവര്‍ത്തന ഫണ്ട് നിലനിര്‍ത്തി വ്യാപാരം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ചില തടസ്സങ്ങള്‍ ഉണ്ടായി. അതിനാല്‍ ചില നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകാതായിട്ടുണ്ട്.

കണ്‍സ്യൂമര്‍ ഫെഡറേഷന്‍ സംസ്ഥാനത്തെ സഹകരണ ബേങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ കുടിശ്ശികയായതിനാല്‍ ബേങ്കുകള്‍ പുതിയ വായ്പകള്‍ ലഭ്യമാക്കുന്നില്ല. മാത്രമല്ല ത്രിവേണി സ്റ്റോറുകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന വിതരണക്കാര്‍ക്ക് യഥാസമയം തുക നല്‍കാനാകാത്തതും വിതരണക്കാര്‍ സാധനങ്ങള്‍ മതിയായ അളവില്‍ യഥാസമയം എത്തിക്കാത്തതും കണ്‍സ്യൂമര്‍ ഫെഡറേഷന്റെ വിപണി ഇടപെടലിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ത്രിവേണി സ്റ്റോറുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ പൂട്ടിത്തുടങ്ങി. സഹകരണമന്ത്രിയുടെ നാടായ തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളിലായി എട്ട് ത്രിവേണി സ്റ്റോറുകളും രണ്ട് ഗോഡൗണുകളും ഇതിനോടകം പൂട്ടി. പത്തനംതിട്ടയിലെ ഏനാത്ത്, കൊല്ലത്ത് കരുനാഗപ്പള്ളി, പരവൂര്‍, തൃശൂരില്‍ കൂര്‍ക്കഞ്ചേരി, ചാലക്കുടി, തിരുവനന്തപുരത്ത് പാറശാല, ബാലരാമപുരം, വെള്ളറട, പാങ്ങോട് എന്നിവിടങ്ങളിലെ ത്രിവേണി സ്റ്റോറുകളാണ് സാമ്പത്തിക നിയന്ത്രണത്തിന്റെ പേരില്‍ പൂട്ടിയത്. ഇവിടെയുണ്ടായിരുന്ന ശേഷിച്ച സ്റ്റോക്കും ജീവനക്കാരെയും തൊട്ടടുത്തുള്ള വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി.
അമ്പതിനായിരം രൂപവരെ കെട്ടിട വാടക നല്‍കി പ്രവര്‍ത്തിച്ചിരുന്ന സ്റ്റോറുകളില്‍ ആയിരത്തില്‍ താഴെയായിരുന്നു പ്രതിദിന വിറ്റുവരവ്. പൂട്ടിയ സ്റ്റോറുകളില്‍ പലതും അനാവശ്യമായി വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തുടങ്ങിയവയായിരുന്നു. ചാലക്കുടിയിലെ ത്രിവേണി സ്റ്റോറും ഉടന്‍ പൂട്ടുമെന്ന സ്ഥിതിയിലാണ്. കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് വായ്പകള്‍ നല്‍കിയത് സംസ്ഥാന സഹകരണ ബേങ്കിന്റെ നഷ്ടം വര്‍ധിപ്പിക്കും. എന്നാല്‍ ഈ നഷ്ടം ബേങ്കിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ലെന്നും നഷ്ടം പരിഹരിക്കുന്നതിന് സഹകരണ സ്ഥാപനങ്ങള്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയ വായ്പയിന്മേലുള്ള കുടിശ്ശിക ഈടാക്കുന്നതിന് ബേങ്ക് ആര്‍ബിട്രേഷന്‍ പ്രകാരമുള്ള സെക്യൂരിറ്റികള്‍ സ്വീകരിച്ചുവരികയാണെന്നും സഹകരണ മന്ത്രി പറഞ്ഞു.
സഹകരണ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും വിപണി ഇടപെടലിനും ലോണ്‍ സംഖ്യകളുടെ തിരിച്ചടവിനും പണം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വിപണി ഇടപെടലിന്റെ ഭാഗമായി മുന്‍ സര്‍ക്കാറിന്റെ കാലത്ത് കൊടുത്തു തീര്‍ക്കേണ്ടിയിരുന്ന ബാധ്യത 255.03 കോടി രൂപ ഉള്‍പ്പെടെ ലഭ്യമാക്കാതിരുന്നത് കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.
ബാധ്യത ഉള്‍പ്പെടെ 229.50 കോടി രൂപ ഈ സര്‍ക്കാറിന്റെ കാലയളവില്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഫെഡറേഷന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് 50 കോടി രൂപയുടെ എന്‍ സി ഡി സി ധനസഹായവും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Latest