ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപയാക്കി വര്‍ധിപ്പിച്ചു

Posted on: December 18, 2014 12:07 am | Last updated: December 18, 2014 at 12:07 am

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപയാക്കി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെകൂടി പങ്കാളിത്തത്തോടെ കൂടുതല്‍ ഓണറേറിയം ലഭ്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായും പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആശമാരുടെ ഈ വര്‍ഷത്തെ ഇന്‍സന്റീവും 2013-14 ലെ മൂന്ന് മാസത്തെ ഓണറേറിയവും ക്രിസ്തുമസിനു മുമ്പ് വിതരണം ചെയ്യും. 2014-15 ലെ ഓണറേറിയം ജനുവരി 30 നു മുമ്പ് ലഭ്യമാക്കും.
കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുന്ന അടുത്ത വര്‍ഷത്തെ പദ്ധതി രേഖയില്‍ ആശമാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടും. ആശമാരുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് എല്ലാ ജില്ലകളിലും ആശാ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.