Connect with us

Editorial

മദ്യനയത്തില്‍ അട്ടിമറി

Published

|

Last Updated

ബാര്‍കോഴ ആയുധമാക്കി മദ്യമാഫിയ നടത്തിയ സമ്മര്‍ദ തന്ത്രം ഫലിച്ചുവെന്നാണ് മദ്യനയത്തില്‍ ഭേദഗതി വരുത്താനുള്ള യു ഡി എഫ് നേതൃയോഗ തീരുമാനം ബോധ്യപ്പെടുത്തുന്നത്. യോഗതീരുമാനങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ മുഖ്യമന്ത്രി, ഏതെല്ലാം വിഷയങ്ങളിലാണ് മാറ്റങ്ങള്‍ വേണ്ടതെന്ന് മന്ത്രി സഭയാണ് തീരുമാനിക്കുകയെന്നാണ് പറയുന്നതെങ്കിലും ഇതുസംബന്ധിച്ചു നേതൃത്വം ചില ധാരണകളിലെത്തിയതായാണ് വിവരം. ബിയര്‍- വൈന്‍ ലൈസന്‍സ്, ഞായറാഴ്ചകളിലെ മദ്യനിരോധം, മദ്യവിതരണത്തിന് ഒരു ദിവസത്തെ ലൈന്‍സന്‍സ്, ടൂറിസം മേഖലയെ ഒഴിവാക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ധാരണയുണ്ടായത്.്യൂഞായറാഴ്ചത്തെ മദ്യനിരോധം ഒഴിവാക്കി മറ്റു ദിവസങ്ങളിലെ ബാറുകളുടെ സമയം രണ്ട് മണിക്കൂര്‍ വീതം കുറക്കാനാണ് തീരുമാനം. ഇതുവഴി ഒരാഴ്ചയില്‍ ബാര്‍ പ്രവര്‍ത്തിക്കുന്ന മൊത്തം സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കാണിച്ച് നയത്തില്‍ കാതലായ മാറ്റം വരുത്തിയിട്ടില്ലെന്ന് അവകാശപ്പെടാനും ഞായറാഴ്ചകളില്‍ യഥേഷ്ടം മദ്യം വിളമ്പാനുമാകും. മദ്യനയം ആവഷ്‌കരിച്ച ഘട്ടത്തില്‍ ബിയര്‍ വൈന്‍ പാര്‍ലറുകളുടെ കാര്യം തീരുമാനിച്ചിരുന്നില്ല. കോഴ കൈപ്പറ്റിയതിനാല്‍ താമസിയാതെ നയത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് ബോധ്യമുള്ളതു കൊണ്ടായിരിക്കണം അന്ന് ഇക്കാര്യം മനഃപൂര്‍വം വിട്ടുകളഞ്ഞത്.
ഘടകകക്ഷി നേതാക്കള്‍ തത്വത്തില്‍ അംഗീകരം നല്‍കിക്കഴിഞ്ഞ ഭേദഗതികള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കുന്നതോടെ യു ഡി എഫ് നടപ്പാക്കിയ മദ്യനയം പ്രഹസനമായി മാറും. മദ്യനയത്തില്‍ മാറ്റം അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ നിന്ന് മാണിയുടെ കേരള കോണ്‍ഗ്രസ് പിന്നാക്കം പോകുകയും മുസ്‌ലിം ലീഗിന്റെ എതിര്‍പ്പ് കേവലം പ്രസ്താവനയിലൊതുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ മദ്യനയം അട്ടിമറിക്കാനുള്ള നീക്കത്തിന് മന്ത്രിസഭയില്‍ എതിര്‍പ്പുണ്ടാകുകയില്ലെന്ന് വ്യക്തവുമാണ്.
ജനവികാരം കണക്കിലെടുത്തും വി എം സുധീരന്റെ കടുംപിടുത്തത്തെ തുടര്‍ന്നും നടപ്പാക്കിയ മദ്യനയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് അടിക്കടി പ്രസ്താവിച്ചിരുന്ന മുഖ്യമന്ത്രിയുടെ സ്വരത്തില്‍ മാറ്റം കണ്ടുതുടങ്ങിയത് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ കോഴ ആരോപണത്തോടെയാണെന്നത് ശ്രദ്ധേയമാണ്. ബിജു രമേശിനെ പിന്തുണച്ച് അരൂര്‍ റസിഡന്‍സ് ബാറുടമ മനോഹരനും മറ്റുചിലരും രംഗത്ത് വരികയുമുണ്ടായി. സര്‍ക്കാറിനെ മൊത്തം പ്രതിസന്ധിയിലാക്കുന്ന നിലയിലേക്ക് പ്രശ്‌നം രൂക്ഷമായപ്പോള്‍ പൊടുന്നനെ ബാറുടമകള്‍ നിലപാട് മാറ്റുന്നതാണ് പിന്നീട് കണ്ടത്. ബിജു രമേശിനെ പിന്തുണച്ചു താന്‍ സംസാരിച്ചത് മദ്യലഹരിയിലായിരുന്നുവെന്നും ആരോപണത്തില്‍ കഴമ്പില്ലെന്ന് പിന്നീട് മനസ്സിലായെന്നും മനോഹരന്‍ തിരുത്തിപ്പറഞ്ഞു. ബിജു രമേശാകട്ടെ തന്റെ ആരോപണം ആവര്‍ത്തിച്ചു കൊണ്ടിരുന്നെങ്കിലും വിജിലന്‍സിന് ഗൗരവമുള്ള തെളിവുകളൊന്നും നല്‍കാതെ ചില ബേങ്ക് സ്‌റ്റേറ്റുമെന്റുകള്‍ നല്‍കി കാര്യം അവസാനിപ്പിക്കുകയുമുണ്ടായി. സര്‍ക്കാറും ബാര്‍ ഉടമകളും തമ്മിലുള്ള ഒത്തുകളിയാണിതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. കെ പി സി സി അധ്യക്ഷനെ തള്ളി മദ്യനയം ഭേദഗതി ചെയ്യാനുള്ള തീരുമാനം ഇതിനെ ബലപ്പെടുത്തുകയാണ്.
ടൂറിസം മേഖലയില്‍ നിന്നുള്ള പ്രതിഷേധം, തൊഴിലാളികളുടെ പ്രശ്‌നം തുടങ്ങി നയംമാറ്റത്തിന് സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍ ബാലിശമാണ്. മദ്യനിരോധം പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഇതൊന്നും നേതൃത്വത്തിനറിയാതെയല്ല. മദ്യമാഫിയ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ മുമ്പാകെ ഉന്നയിച്ചിട്ടുമുണ്ട്. അന്ന് അതെല്ലാം അവഗണിക്കാന്‍ തന്റേടം കാണിച്ച യു ഡി എഫ്, മദ്യം വിളമ്പിയില്ലെങ്കില്‍ വിനോദ സഞ്ചാരികള്‍ കേരളത്തെ ഉപേക്ഷിക്കുമെന്ന ബാര്‍ ഉടമകളുടെ പൊള്ളയായ വാചകങ്ങള്‍ ഇപ്പോള്‍ ഏറ്റുപിടിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാക്കാകുന്നതേയുള്ളു. മദ്യനയം മൂലം തൊഴില്‍, ടൂറിസം മേഖലയിലുണ്ടായിട്ടുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ തൊഴില്‍, ടൂറിസം സെക്രട്ടറിമാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മദ്യനയത്തില്‍ സര്‍ക്കാര്‍ നടത്തിയ അട്ടിമറികളുടെ സാഹചര്യത്തില്‍ പ്രസ്തുത പഠന റിപ്പോര്‍ട്ടിന്റെ സ്വഭാവമെന്തായിരിക്കുമെന്ന് ഇപ്പോഴേ ഊഹിക്കാകുന്നതാണ്.
മദ്യനിരോധത്തിന്റെ ഭാഗമായി ബാറുകള്‍ക്ക് അനുമതി നിഷേധിച്ചതും ബീവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ കുറച്ചുകൊണ്ട് വരാനുള്ള തീരുമാനവും ജനങ്ങളില്‍ വലിയ പതീക്ഷ സൃഷ്ടിച്ചിരുന്നതാണ്. പുതിയ നയം നടപ്പിലായതോടെ ഗാര്‍ഹികപീഡനവും അക്രമവും അപകടങ്ങളും കുറഞ്ഞതായി കണക്കുകളുടെ പിന്‍ബലത്തോടെ സര്‍ക്കാര്‍ നിയമസഭയില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഇത്തരം അനിഷ്ട സംഭവങ്ങള്‍ പൂര്‍വോപരി വര്‍ധിക്കുകയായിരിക്കും, പ്രായോഗിക മാറ്റമെന്ന പുകമറയില്‍ മദ്യനയം അട്ടിമറിക്കുന്നതോടെ സംഭവിക്കാനിരിക്കുന്നത്.

---- facebook comment plugin here -----