Connect with us

Wayanad

കുറ്റാന്വേഷണ പരിശോധനക്കിടെ വന്‍ കവര്‍ച്ചാ സംഘം വലയിലായി

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: വന്‍ കവര്‍ച്ചാസംഘം പിടിയിലായി. ഗൂഡല്ലൂര്‍, സുല്‍ത്താന്‍ബത്തേരി, നിലമ്പൂര്‍ എന്നീ സ്റ്റേഷനുകള്‍ ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ കുറ്റാന്വേഷണ പരിശോധനയിലാണ് സംഘം പിടിയിലായത്.
പെരിന്തല്‍മണ്ണ മക്കരപ്പറമ്പിനടുത്ത വറ്റല്ലൂര്‍ സ്വദേശി പുളിയമഠത്തില്‍ അബ്ദുല്‍ ലത്തീഫ് (23), അബ്ദുള്‍ കരീം (31) എന്നിവരാണ് പൊലീസിന്റെ അന്വേഷണത്തില്‍ വലയിലായത്. ആള്‍ട്ടോ കാറിലോ, 800 കാറിലോ ചുറ്റിസഞ്ചരിച്ച് സ്ഥലം വിശദമായി മനസ്സിലാക്കിയാണ് പകല്‍ രാത്രി വ്യത്യസ്തമില്ലാതെ ഈ രണ്ടംഗസംഘം കവര്‍ച്ച നടത്തിയിരുന്നത്. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ പ്രദേശത്തും, ബത്തേരിയിലും, നിലമ്പൂര്‍ പ്രദേശത്തും ഈ കവര്‍ച്ചസംഘം പിടിമുറുക്കിയിട്ട് ഒരു വര്‍ഷത്തിലേറെയായി. പ്രതികളെ പിടികൂടാന്‍ വേണ്ടി പൊലീസ് മറ്റ് സംസ്ഥാനങ്ങളില്‍ വരെ അന്വേഷണം നടത്തിയിരുന്നെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഗൂഡല്ലൂര്‍, നിലമ്പൂര്‍ സ്റ്റേഷനുകളുമായി കേന്ദ്രീകരിച്ചുകൊണ്ട് ബത്തേരി പൊലീസ് അന്വേഷണം നടത്തുകയും മൂന്ന് സ്റ്റേഷനുകളുമൊന്നിച്ച് അന്വേഷണം ശക്തമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വെച്ചാണ് പ്രതികളില്‍ ഒരാളായ കരീമിനെ പിടികൂടിയത്.
രണ്ടംഗസംഘം ചീരാല്‍ കുടുക്കി രാജപ്പന്‍ മാസ്റ്റര്‍, കല്ലുമുക്കിലെ അഭിഭാഷകനായ സജി, കോളിയാടിക്ക് സമീപം കഴമ്പിലാന്‍ മേക്കാട്ട് വര്‍ഗീസ്, റിട്ട. എ ഡി എം മാത്യു, പട്ടരുപടി പ്രഭാകരന്‍, തൊട്ടുവെട്ടിസക്കീര്‍ തുടങ്ങിയവരുടെ വീട്ടില്‍ നിന്നുള്‍പ്പെടെ നിരവധി വീടുകളില്‍ നിന്നും സ്വര്‍ണാഭരണങ്ങളും, വിലപിടിപ്പുള്ള ലാപ്‌ടോപ്പുകളും, ക്യാമറകളും, മൊബൈല്‍ ഫോണുകളും കവര്‍ച്ച നടത്തിയ കേസിലെ പ്രതികളാണിവര്‍.
ഗൂഡല്ലൂരിനടുത്ത പാറ്റാശ്ശേരി പുരയിടത്തില്‍ നിന്നും അഞ്ച് ക്വിന്റല്‍ കുരുമുളക് കവര്‍ച്ച നടത്തിയതും ഈ സംഘമാണെന്ന് പൊലീസ് അറിയിച്ചു. നിലമ്പൂര്‍, മഞ്ചേരി ഭാഗങ്ങളിലും സംഘം കവര്‍ച്ചകള്‍ സംഘം നടത്തിയിട്ടുണ്ട്. ഇരുവരെയും പൊലീസ് തെളിവെടുപ്പിനായി ബത്തേരിയിലേക്ക് കൊണ്ടുവന്നു. ബത്തേരിയിലെ അക്ബര്‍ ട്രാവല്‍സിലും, മറ്റൊരു ബാങ്കിലും തെളിവെടുപ്പ് നടത്തി. പ്രതികളെ ചോദ്യം ചെയ്തു കഴിഞ്ഞാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്ന് പോലീസ് വ്യക്തമാക്കി.

Latest