ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ അഞ്ച് മെമ്പര്‍മാരെ അയോഗ്യരാക്കി

Posted on: December 17, 2014 12:54 pm | Last updated: December 17, 2014 at 12:54 pm

തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റടക്കം അഞ്ച് മെമ്പര്‍മാരെ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ കൂറുമാറ്റ നിരോധന ഉത്തരവ് പ്രകാരം അയോഗ്യരാക്കി.
അയോഗ്യരാക്കിയവര്‍ക്ക് ആറ് വര്‍ഷത്തേക്ക് മത്സരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് യു ഡി എഫ് ഭരിച്ചിരുന്ന ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് കെ പി ഷാഹിനയേയും വൈസ്പ്രസിഡന്റ് കെ പി ദേവദാസിനേയും ലീഗിലെ നാല് മെമ്പര്‍മാരായ പി നൗശാദലി, ഗ്രാമ പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റായിരുന്ന കെ കെ സുഹ്‌റ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ ടി ജമീല ഹുസൈന്‍, ഒന്നാം വാര്‍ഡ് മെമ്പര്‍ എം ഡില്‍ജ കോണ്‍ഗ്രസ് പ്രതിനിധിയും നിലവിലെ വൈസ് പ്രസിഡന്റുമായിരുന്ന കെ പി രഘുനാഥ് എന്നിവര്‍ ഇടതുപക്ഷ അഞ്ച് മെമ്പര്‍മാരുടെ സഹായത്തോടെ അവിശ്വാസത്തിലൂടെ പുറത്താക്കിയത്.
ഇതോടെ കെ പി ഷാഹിന കൂറുമാറ്റ നിരോധന ഉത്തരവ് പ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെ മുമ്പാകെ കഴിഞ്ഞ ഏപ്രില്‍ നാലിന് പരാതി നല്‍കുകയായിരുന്നു. ഈ പരാതി പരിഗണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ച് മെമ്പര്‍മാരേയും ഇന്നലെ അയോഗ്യരാക്കുകയായിരുന്നു.
ഇതോടെ ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ ജനകീയ മുന്നണിയുടെ ഭരണം അവസാനിച്ചു. എന്നാല്‍ ആകെ 18 മെമ്പര്‍മാരുളള ഗ്രാമപഞ്ചായത്തില്‍ അയോഗ്യരാക്കിയവര്‍ കൂടാതെ 13 മെമ്പര്‍മാരില്‍ അഞ്ച് ലീഗ് മെമ്പര്‍മാരും രണ്ട് കോണ്‍ഗ്രസ് മെമ്പര്‍മാരും മൂന്ന് സി പി എം മെമ്പര്‍മാരും രണ്ട് സി പി എം സ്വതന്ത്രരും ഒരു ബി ജെ പി മെമ്പറുമാണ് നിലവിലുളളത്.
നിലവിലെ ഭരണ സമിതി അയോഗ്യരായതോടെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിന് വേണ്ടി ഇനി ഇലക്ഷന്‍ കമ്മീഷന്റെ വിജ്ഞാപനത്തിന് കാത്തിരിക്കേണ്ടി വരും. അതേസമയം വിജ്ഞാപനം വരുന്നത് വരെ പ്രസിഡന്റിന്റെ ഇന്‍ചാര്‍ജ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പി ഫാത്തിമ ബീവിക്കാകാനാണ് സാധ്യത.
2010 ഒക്‌ടോബറില്‍ ഭരണത്തിലേറിയ യു ഡി എഫ് ഭരണ സമിതിക്ക് ഒമ്പത് ലീഗ് പ്രതിനിധികളും കോണ്‍ഗ്രസിന് മൂന്ന് പ്രതിനിധികളും സി പി എമ്മിന് സ്വതന്ത്രര്‍ ഉള്‍പെടെ അഞ്ച് പ്രതിനിധികളും ബി ജെ പിക്ക് ഒന്ന് പ്രതിനിധിയുമായിരുന്നു നിലവിലുണ്ടായിരുന്നത്. ചേലേമ്പ്ര പഞ്ചായത്തിലെ സമ്മര്‍ദ തന്ത്രങ്ങള്‍ മെനഞ്ഞിട്ടും വഴങ്ങാത്ത ലീഗ് നേതൃത്ത്വത്തിന് മുന്നില്‍ പരാജയപ്പെട്ടപ്പോഴാണ് മുസ്‌ലിം ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നൗശാദലിയടക്കമുളള ലീഗിന്റെ നാല് മെമ്പര്‍മാരും കോണ്‍ഗ്രസിന്റെ ഒരു മെമ്പറും ഇടതുപക്ഷത്തെ കൂട്ട് പിടിച്ച് ഗ്രാമപഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റായിരുന്ന കെ പി ഷാഹിനയേയും കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായിരുന്ന കെ പി ദേവദാസിനേയും അവിശ്വാസത്തിലൂടെ പുറത്താക്കിയത്. ഇതോടെ വളളിക്കുന്ന് നിയോജക മണ്ഡലം ലീഗ് വൈസ് പ്രസിഡന്റും മുന്‍ ജനറല്‍സെക്രട്ടറിയുമായിരുന്ന സി പി ശബീറലി അടക്കമളളവര്‍ ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരികയായിരുന്നു.
ഇതോടെ സംസ്ഥാന കമ്മറ്റി കൂറുമാറിയ നാല് ലീഗ് മെമ്പര്‍മാരേയും ഇതിന് നേതൃത്വം നല്‍കിയ നാല് ലീഗ് നേതാക്കളേയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരന്നു.
അതേസമയം മെമ്പര്‍മാരുടെ കൂറുമാറ്റത്തിനെതിനെതിരെ പുറത്താക്കപ്പെട്ട പ്രസിഡന്റ് കെ പി ഷാഹിന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് കാരണമായി കൂറുമാറിയ മെമ്പര്‍മാരെ പ്രതിനിധീകരിച്ച് പി നൗശാദലി യുടേയും കെ പി രഘുനാഥിന്റേയും വിചാരണ കഴിഞ്ഞിരുന്നു.
കൂടാതെ വിപ്പ് നല്‍കിയ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദിന്റേയും കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞിന്റേയും സാക്ഷി മൊഴി ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തെളിവെടുപ്പും വിചാരണയും സാക്ഷി വിസ്താരവും പൂര്‍ത്തീകരിച്ച് വിധി പറയാന്‍ 10 തവണ മാറ്റി വച്ച കേസില്‍ ഇന്നലെയാണ് വിധി പറഞ്ഞത്.
എന്നാല്‍ ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായ ഗ്രാമപഞ്ചായത്ത് ഭരണം സുഗമമായ പോവണമെങ്കില്‍ ഇലക്ഷന്‍ കമ്മീഷന്‍ വിധി വരണമെന്നായിരുന്നു ഇരു മുന്നണിയുടേയും അടക്കം പറച്ചില്‍. ഇതിനിടയിലാണ് ഇന്നലെ വിധി വന്നത്.
അതേസമയം കഴിഞ്ഞ മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാലയാളവ് മുതല്‍ ചേലേമ്പ്രയില്‍ ഉടലെടുത്ത ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ് കെ പി ഷാഹിനക്കെതിരില്‍ അന്നത്തെ മുസ്‌ലിം ലീഗ് പ്രസിഡന്റായിരുന്ന പി നൗശാദലിയുടെ നേതൃത്വത്തില്‍ പരസ്യമായി ഒരു വിഭാഗം രംഗത്തെത്തിയത്. നിരവധി തവണ ജില്ലാ നേതൃത്വം ഇടപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും അവസാനം മുസ്‌ലിം ലീഗിന്റെ മെമ്പര്‍മാരും സി പി എം കാണ്ട് വന്ന അവിശ്വാസത്തിനെ പിന്തുണച്ചത്.
ഇതോടെ നാല് മെമ്പര്‍മാരേയും വളളിക്കുന്ന് നിയോജക മണ്‍ഡലം മുന്‍ സെക്രട്ടറിയായിരുന്ന സി പി ശബീറലിയടക്കമുളള നാല് പ്രവര്‍ത്തകരേയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
പിന്നീട് സി പി എമ്മും യു ഡി എഫില്‍ നിന്ന് പുറത്താക്കിയ മെമ്പര്‍മാരും സി പി ശബീറലിയടക്കമുളളമുളള വരും ചേര്‍ന്ന് ചേലേമ്പ്രയില്‍ ജനകീയ വികസന മുന്നണിയെന്ന പേരില്‍ പുതിയ മുന്നണിക്ക് രൂപം നല്‍കുകയായിരുന്നു.