ഈ മാസത്തോടെ പ്ലാന്‍ ഫണ്ടിന്റെ 60 ശതമാനം ചെലവഴിക്കണം: കലക്ടര്‍

Posted on: December 17, 2014 10:52 am | Last updated: December 17, 2014 at 10:52 am

ca lathaകോഴിക്കോട്: ഈ മാസം അവസാനത്തോടെ പ്ലാന്‍ ഫണ്ടിന്റെ 60 ശതമാനമെങ്കിലും വിനിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത കാണിക്കണമെന്ന് ജില്ലാ കലക്ടര്‍ സി എ ലത. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികളില്‍ 33 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയ ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. ഭേദഗതി പദ്ധതികളും പുതിയ പദ്ധതികളും യഥാസമയം പൂര്‍ത്തിയാക്കണം. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നതും 20 ശതമാനത്തില്‍ താഴെ മാത്രം ഫണ്ട് വിനിയോഗിച്ചതുമായ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍വഹണത്തിലെ പോരായ്മകള്‍ ഉടനടി പരിഹരിച്ച് ഫണ്ട് വിനിയോഗം ഊര്‍ജിതമാക്കണം. സ്പില്‍ഓവര്‍ പദ്ധതികളുടെ നിര്‍വഹണം പുര്‍ത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2015 ജനുവരി 31 വരെ ദീര്‍ഘിപ്പിക്കുന്നതിന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യും.
പദ്ധതി പ്രവര്‍ത്തനങ്ങളില്‍ 40 ശതമാനത്തിന് മുകളില്‍ ഫണ്ട് വിനിയോഗിച്ച കീഴരിയൂര്‍, അരിക്കുളം, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകളെയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച കുന്നുമ്മല്‍, കോഴിക്കോട്, കുന്ദമംഗലം ബ്ലോക്കുകളെയും യോഗം അഭിനന്ദിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ വ്യക്തിഗത പദ്ധതികളുടെ നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, വൈസ് പ്രസിഡന്റ് ആര്‍ ശശി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം എ രമേഷ് കുമാര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, കോര്‍പറേഷന്‍- മുന്‍സിപ്പല്‍- ഗ്രാമപഞ്ചായത്ത് അധികൃതര്‍ പങ്കെടുത്തു.