Connect with us

Kozhikode

കൗണ്‍സിലര്‍ ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ മതില്‍ പൊളിച്ചതായ പരാതിയില്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ കേസ്.
കോട്ടൂളി വാര്‍ഡില്‍ നിന്നുള്ള സി പി എം കൗണ്‍സിലറായ കെ രവീന്ദ്രനും നാട്ടുകാര്‍ക്കുമെതിരെയാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്. മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസറുടെ പരാതിയിലാണ് കേസ്. പൊതുമുതല്‍ നശിപ്പിച്ചെന്നും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നിന്നുവെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന വാട്ടര്‍ അതോറിറ്റി ഓഫീസ് മാര്‍ച്ചിനോടനുബന്ധിച്ചാണ് പോലീസ് നടപടിയുണ്ടായത്. കോട്ടൂളി പള്ളിമലക്കുന്നില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് സി പി എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. ബക്കറ്റും മറ്റ് പാത്രങ്ങളുമായിട്ടായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനെത്തിയത്. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ഹമീദിന്റെ ക്യാബിനിനകത്തേക്ക് ഇരച്ചുകയറി സമരക്കാര്‍ മുദ്രാവാക്യം വിളിച്ചു. ഏറെ നേരം കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തു. രണ്ടാഴ്ചക്കകം പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരക്കാര്‍ പരിഞ്ഞുപോയത്. സി പി എം കോട്ടൂളി വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കൗണ്‍സിലറെ കൂടാതെ പള്ളിമലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സനല്‍കുമാര്‍, എം വി മണി,കെ വി പ്രമോദ്, പിങ്കി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

Latest