താമരശ്ശേരി താലൂക്കാശുപത്രി ഇനി ഇ – ആശുപത്രി

Posted on: December 17, 2014 10:46 am | Last updated: December 17, 2014 at 10:46 am

താമരശ്ശേരി: ആവശ്യത്തിന് ജീവനക്കാരും മറ്റു സൗകര്യങ്ങളും ഇല്ലെങ്കിലും താമരശ്ശേരി താലൂക്കാശുപത്രി ഇനി മുതല്‍ ഇ- ആശുപത്രി. രോഗികളുടെ പൂര്‍ണ വിവരങ്ങളും കുറിപ്പുകളും ലാബ് റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ മുന്നിലെ കമ്പ്യൂട്ടറില്‍ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കമായി. ഒ പി കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതോടെ രോഗിയുടെ വിവരങ്ങള്‍ ഡോക്ടര്‍മാരുടെ കമ്പ്യൂട്ടറിലെത്തും. ഓരോ വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ട രോഗികളുടെ വിവരം കമ്പ്യൂട്ടറില്‍ തെളിയും. മരുന്ന് വിവരങ്ങള്‍ പേപ്പറില്‍ രേഖപ്പെടുത്തുന്നതിന് പകരം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. ഒ പി കൗണ്ടറില്‍നിന്ന് നല്‍കുന്ന ബാര്‍കോഡ് പ്രകാരമാണ് ചികിത്സയും മരുന്നും ലഭ്യമാക്കുക. ഈ ബാര്‍ കോഡ് കാണിച്ചാല്‍ ഫാര്‍മസിയില്‍ നിന്ന് മരുന്ന് ലഭിക്കും. ലാബ് പരിശോധനകള്‍ ആവശ്യമെങ്കില്‍ അതും കമ്പ്യൂട്ടര്‍ വഴി ലാബിലെത്തും. പണം അടക്കുന്നതോടെ റിസല്‍ട്ട് ഡോക്ടറുടെ കമ്പ്യൂട്ടറിലെത്തും. വീണ്ടും ചികിത്സ തേടിയെത്തുമ്പോഴും ഇതേ ബാര്‍കോഡ് നല്‍കിയാല്‍ പഴയ ചികിത്സാ വിവരങ്ങള്‍ ഉള്‍പ്പെടെ ഡോക്ടര്‍ക്ക് ലഭിക്കും.
സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. അത്യാഹിത ഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പെട്ടെന്ന് കാഷ്വാലിറ്റിയില്‍ എത്തിച്ചേരുന്നതിനും പൊതു വിവരങ്ങള്‍ അറിയിക്കുന്നതിനുമുള്ള പബ്ലിക് അറ്റന്‍ഡിംഗ് സിസ്റ്റവും മ്യൂസിക് തൊറാപ്പിയും നേരത്തെ സ്ഥാപിച്ചിരുന്നു.
വര്‍ഷങ്ങളായി അടച്ചിട്ട പേ വാര്‍ഡ് അറ്റകുറ്റപ്പണി നടത്തി രോഗികള്‍ക്ക് തുറന്നുകൊടുത്തു. എട്ട് മുറികളോടു കൂടിയ കെട്ടിടം കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്കു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
നവീകരിച്ച പേ വാര്‍ഡിന്റെയും കമ്പ്യൂട്ടര്‍ വത്കരണത്തിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുര്‍ റസാഖ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ആലി മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം ജമീല ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് മാസ്റ്റര്‍, കെ സി മാമു മാസ്റ്റര്‍, താലൂക്കാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി അബ്ദുര്‍റഷീദ് സംസാരിച്ചു.