Connect with us

Kerala

മര്‍കസ് സമ്മേളനത്തിന് നാളെ തുടക്കം

Published

|

Last Updated

കോഴിക്കോട്: പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് മുന്നില്‍ നിന്ന് നയിച്ച ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 37-ാം വാര്‍ഷിക സമ്മേളനത്തിന് നാളെ തുടക്കമാകും. കാരന്തൂര്‍ മര്‍കസ് നഗറില്‍ വ്യാഴം മുതല്‍ ഞായര്‍ വരെ നടക്കുന്ന സമ്മേളനത്തിന് മുപ്പത് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതന്മാര്‍, ലോകപ്രശസ്ത പ്രതിനിധികള്‍, മന്ത്രിമാര്‍, കേന്ദ്ര സംസ്ഥാന രാഷ്ട്രീയ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
“രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം” എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമ്മേളനത്തിന് നാല് വേദികള്‍ സജീകരിച്ചിട്ടുണ്ട്. വിവിധ സെഷനുകളില്‍ ഒരേസമയം വ്യത്യസ്ത പരിപാടികള്‍ നടക്കും. ഇത്തവണ വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ജനലക്ഷങ്ങള്‍ക്ക് പരിപാടികള്‍ വീക്ഷിക്കുന്നതിനായി സ്‌ക്രീന്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
സ്വഗതസംഘം അധ്യക്ഷന്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ കഴിഞ്ഞ ദിവസം സമ്മേളനത്തിന് പതാക ഉയര്‍ത്തിയിരുന്നു. നാളെ വൈകീട്ട് നാലിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ കെ പി ഹംസ മുസ്്‌ലിയാര്‍ ചിത്താരി അധ്യക്ഷത വഹിക്കും. ജിദ്ദ സര്‍വകലാശാല പ്രൊഫസര്‍ ശൈഖ് അബ്ദുല്ല ഫദ്അഖ് മുഖ്യാതിഥിയാണ്. വൈകീട്ട് ഏഴിന് മര്‍കസ് നഗറില്‍ നടക്കുന്ന ആത്മീയ സംഗമത്തിന് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ആത്മീയ നേതാക്കളും സൂഫികളും പങ്കെടുക്കും.
പത്തൊമ്പതിന് വൈകീട്ട് മൂന്നിന് നോളജ് സിറ്റിയില്‍ പ്രവാസി സംഗമം നടക്കും. മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നോളജ് സിറ്റിയില്‍ യൂനാനി മെഡിക്കല്‍ കോളജിന്റെ ആദ്യ ബ്ലോക്ക് ഉദ്ഘാടനം ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിക്കും. ഇതേസമയം, മര്‍കസ് നഗറില്‍ ആദര്‍ശ സമ്മേളനം നടക്കും. ഖുര്‍ആന്‍ സമ്മേളനം ഉസ്‌ബെക്കിസ്ഥാനിലെ മുഫ്തി മുഹമ്മദ് സ്വാദിഖ് യൂസുഫ് ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഹാഫിളുകള്‍ക്കുള്ള സനദ്ദാനം വേള്‍ഡ് ഇസ്‌ലാമിക് ലീഗ് ഉപദേഷ്ടാവ് ഡോ. ഹാശിം മുഹമ്മദ് അലി മഹ്ദി നിര്‍വഹിക്കും.
ഇരുപതിന് രാവിലെ ഒമ്പതിന് വിദ്യാഭ്യാസ സംവാദം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഹരിതം കാര്‍ഷിക പദ്ധതി കൃഷിമന്ത്രി കെ പി മോഹനനും രണ്ട് മണിക്ക് ദേശീയ ചാരിറ്റി സെമിനാര്‍ ബീഹാര്‍ എം പി ചൗധരി മെഹ്ബൂബ് അലി ഖൈസറും ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് “എന്റെ മര്‍കസ്” സംഗമം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് നടക്കുന്ന ശൈഖ് മുഹമ്മദ് സായിദ് അന്താരാഷ്ട്ര സമാധാന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
21ന് രാവിലെ നടക്കുന്ന ദഅ്‌വ സമ്മേളനത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രായോഗിക രീതികള്‍ ചര്‍ച്ച ചെയ്യും. പത്ത് മണിക്ക് ദേശീയ ദഅ്‌വാ സംഗമം നടക്കും. ഉച്ചക്ക് പന്ത്രണ്ടിന് സഖാഫികള്‍കുള്ള സ്ഥാനവസ്ത്ര വിതരണം നടക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് ആഗോള പണ്ഡിത പ്രമുഖരുടെ സാന്നിധ്യത്തില്‍ നടക്കുന്ന സമാപന സമ്മേളനം യു എ ഇ മതകാര്യ വകുപ്പ് ഡയക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് മത്വര്‍ അല്‍ കഅബി ഉദ്ഘാടനം ചെയ്യും.