എയര്‍സെല്‍ – മാക്‌സിസ് ഇടപാട്: ചിദംബരത്തെ ചോദ്യം ചെയ്തു

Posted on: December 17, 2014 12:15 am | Last updated: December 17, 2014 at 12:15 am

ന്യൂഡല്‍ഹി: വിവാദമായ 2006ലെ 3500 കോടിയുടെ എയര്‍സെല്‍ – മാക്‌സിസ് ഇടപാടിന് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ (എഫ് ഐ പി ബി) ബോര്‍ഡ് അനുമതി നല്‍കിയത് സംബന്ധിച്ച കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ സി ബി ഐ ചോദ്യം ചെയ്തു. ധനമന്ത്രി എന്ന നിലക്ക് 600 കോടി വരെ രൂപയുടെ ഇടപാടുകള്‍ക്ക് അനുമതി നല്‍കാനേ അധികാരമുള്ളതിനാലാണ് ചോദ്യം ചെയ്തതെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
600 കോടിക്ക് മുകളിലുള്ള ഇടപാടുകള്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിക്ക് മുമ്പാകെ പരിഗണനക്ക് വിടണമെന്നും, പ്രധാനമന്ത്രി തലവനായ കമ്മിറ്റിയാണ് ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കേണ്ടതെന്നുമാണ് നിയമം.
തന്റെ മുന്നില്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഫയലില്‍ സാധാരണ പോലെ താന്‍ ഒപ്പു വെക്കുകയായിരുന്നു എന്ന മുന്‍ വിശദീകരണം തന്നെ ആവര്‍ത്തിക്കുകയായിരുന്നു ചോദ്യം ചെയ്യലില്‍ ചിദംബരം. എഫ് ഐ പി ബി യുടെയും സാമ്പത്തിക മന്ത്രാലയത്തിലെ സെക്രട്ടറിയുടെയും അഡീഷനല്‍ സെക്രട്ടറിയുടെയും ശുപാര്‍ശക്കനുസരിച്ചാണ് താന്‍ അനുമതി നല്‍കിയതെന്നും ഫയലുകള്‍ സത്യം പുറത്ത് കൊണ്ട് വരുമെന്നും ചിദംബരം പറഞ്ഞു.