കൊച്ചിയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക സംവിധാനം രൂപവത്കരിക്കും

Posted on: December 17, 2014 12:29 am | Last updated: December 16, 2014 at 11:29 pm

തിരുവനന്തപുരം: കൊച്ചിനഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉപരിതല-ജലഗതാഗതമാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിനായി പ്രത്യേക സംവിധാനം രൂപവത്കരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയോട് അനുബന്ധിച്ചാണ് ഈ പദ്ധതിയും വിഭാവനം ചെയ്തിട്ടുള്ളത്. എറണാകുളത്തേയും സമീപജില്ലകളായ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നീ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ജലഗതാഗതസംവിധാനം തുടങ്ങുന്നത് സംബന്ധിച്ച വിശദമായി പദ്ധതിറിപ്പോര്‍ട്ട് തയാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും ഹൈബി ഈഡന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
ജെട്ടികളുടെ വികസനം, വേഗതയാര്‍ന്ന ബോട്ടുകള്‍ ഓടിക്കുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫ്രഞ്ച് ഗതാഗത ഏജന്‍സിയായ എ എഫ് ടിയും ജര്‍മനിയില്‍ നിന്നുള്ള കെ എഫ് ഡബ്ല്യു എന്ന കമ്പനിയും പദ്ധതിക്ക് സാമ്പത്തികേതര സാങ്കേതിക സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കെ എഫ് ഡബ്ല്യുവുമായി കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡ് ചര്‍ച്ച നടത്തുകയും 80 ദശലക്ഷം യൂറോയുടെ സാമ്പത്തികസഹായം നല്‍കാമെന്ന് ധാരണയാകുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് അന്തര്‍ജലഗതാഗത സംവിധാനങ്ങളള്‍ സംബന്ധിച്ച പദ്ധതി തയാറാക്കി സര്‍ക്കാറിനും കൊച്ചിന്‍ മെട്രോ കമ്പനിക്കും സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.