Connect with us

Ongoing News

പി എസ് സി ഒഴിവുകള്‍ ഈ മാസം 31നകം റിപ്പോര്‍ട്ട് ചെയ്യണം

Published

|

Last Updated

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ക്ക് പുറമെ അടുത്ത വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളും ഈ മാസം 31 നകം തന്നെ നിര്‍ബന്ധമായും പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
നിയമസഭയില്‍ ടി വി രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സര്‍വീസില്‍ നിയമന നിരോധനമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഏതെങ്കിലും തസ്തികകളില്‍ പി എസ് സി ലിസ്റ്റ് നിലവിലുണ്ടായിരിക്കെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും. 2015 മെയ് വരെയുള്ള എല്‍ ഡി ക്ലാര്‍ക്ക് ഒഴിവുകളും ഈ മാസം 31 നകം തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സര്‍ക്കാറിന് കീഴിലെ കമ്പനി, ബോര്‍ഡ്, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാരണം ചൂണ്ടിക്കാട്ടി ചില ഉദ്യോഗസ്ഥര്‍ക്ക് ഷോക്കോസ് നോട്ടീസും നല്‍കിയിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ്, എല്‍ ഡി ക്ലാര്‍ക്ക് നിയമന നടപടികള്‍ ത്വരിതപ്പെടുത്തും. അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം വൈകിയ ഉദ്യോഗാര്‍ഥികള്‍ക്ക് വേഗം നിയമനം ലഭ്യമാക്കും. സര്‍വകലാശാലകളിലെ നിയമനം പി എസ് സിക്ക് വിടണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇക്കാര്യം തത്വത്തില്‍ തീരുമാനമായെങ്കിലും തുടര്‍നടപടിയെടുത്തിരുന്നില്ല. ഇതും ആലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest