നില്‍പ്പുസമരം ഒത്തു തീര്‍ക്കും: മുഖ്യമന്ത്രി

Posted on: December 16, 2014 8:10 pm | Last updated: December 17, 2014 at 10:13 am

oommenchandyതിരുവനന്തപുരം: ആദിവാസികള്‍ അഞ്ച് മാസമായി തുടരുന്ന നില്‍പ്പുസമരം ഒത്തുതീര്‍ക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ആദിവാസികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നല്‍കിയ ഉറപ്പ്. ആദിവാസി ഗ്രാമ പഞ്ചായത്ത് നിയമം ഉള്‍പ്പെടെ ആദിവാസികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും നടപ്പാക്കുന്നതിന് തത്വത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ്.
സുപ്രീം കോടതി അനുമതി നല്‍കിയ 19,000 ഏക്കര്‍ വനഭൂമിയും ആദിവാസികള്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന വനം മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം പുറത്തുവന്നതിനുശേഷം സമരത്തിന്റെ ഭാവി തീരുമാനിക്കുമെന്ന് ഗോത്രമഹാസഭാ നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, പി കെ ജയലക്ഷ്മി, എ പി ആനില്‍കുമാര്‍ തുടങ്ങിയവരും ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ സി കെ ജാനു, എം ഗീതാനന്ദന്‍, മാമന്‍മാസ്റ്റര്‍ തുടങ്ങിയവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.