ഗോപകുമാര്‍ ഭാര്‍ഗവന് ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ലീഡര്‍ അവാര്‍ഡ്

Posted on: December 16, 2014 8:00 pm | Last updated: December 16, 2014 at 8:37 pm

ദുബൈ: ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ പുലര്‍ത്തിയ മികവിനും നൂതനാശയങ്ങള്‍ക്കും മാതൃകാപരമായ നേതൃത്വം നല്‍കിയതിനും യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവന് വേള്‍ഡ് മാര്‍ക്കറ്റിംഗ് കോണ്‍ഗ്രസിന്റെ പുരസ്‌കാരം ലഭിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി. വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറ് മാര്‍ക്കറ്റിംഗ് ലീഡര്‍മാരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
മാര്‍ക്കറ്റിംഗ് രംഗത്തെ ആഗോളപ്രശസ്തരായ വ്യക്്തിത്വങ്ങള്‍ ഉള്‍പെട്ട ഒരു സമിതി, പ്രമുഖ ബ്രാന്‍ഡുകളുടെയും സ്ഥാപനങ്ങളുടെയും മാര്‍ക്കറ്റിംഗ് വിദഗ്ദരെ വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത നൂറുപേരുടെ സംഭാവനകള്‍ വിശകലനം ചെയ്താണ് ജേതാക്കളെ നിര്‍ണയിച്ചത്. 32 രാജ്യങ്ങളിലായി 725-ല്‍ പരം ശാഖകളും 79 ലക്ഷം ഉപഭോക്താക്കളുമായി മൂന്നു ദശകങ്ങള്‍ പിന്നിട്ട യു എ ഇ എക്‌സ്‌ചേഞ്ചിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ഗോപകുമാര്‍ നല്‍കിയ സംഭാവനകളാണ് പ്രധാനമായും പരിഗണിക്കപ്പെട്ടത്. നേരത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിലും മറ്റും ദശകങ്ങള്‍ നീണ്ട പരിചയ സമ്പത്തുണ്ട് ഗോപകുമാറിന്.
വ്യവസായ വാണിജ്യ താല്‍പര്യങ്ങള്‍ക്കും ഉപരിയായി മനുഷ്യത്വ പൂര്‍ണമായ സമീപനത്തോടെ സേവനം തുടരുന്ന യു എ ഇ എക്‌സ്‌ചേഞ്ചിലെ ഒരു ദശകത്തെ തന്റെ തൊഴില്‍ ജീവിതവും സൗഹൃദാന്തരീക്ഷവുമാണ് ഈ പുരസ്‌കാരത്തിന് തന്നെ അര്‍ഹനാക്കിയതെന്ന് ഗോപകുമാര്‍ ഭാര്‍ഗവന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കുറ്റമറ്റ സേവനവും, സമൂഹത്തോട് പൊതുപ്രതിബദ്ധതയും ഉറപ്പിക്കുന്ന നിരവധി പദ്ധതികള്‍ യു എ ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ കൃതാര്‍ഥതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.