Connect with us

Wayanad

ആദിവാസികള്‍ താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്ത തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ താലൂക്ക് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. ആദിവാസി മുന്നേറ്റ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം. പ്രകടനമായാണ് സമരക്കാര്‍ ധര്‍ണക്കെത്തിയത്. മൈസൂര്‍ റോഡില്‍ നിന്ന് പ്രകടനമായാണ് എത്തിയത്. സ്ത്രീകളടക്കമുള്ള ആയിരത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തു. സമരത്തില്‍ സര്‍ക്കാരിനോടുള്ള രോഷം പ്രകടമായിരുന്നു. 2006ലെ വനാവകാശ സംരക്ഷണ നിയമം നടപ്പിലാക്കുക, മുതുമല പഞ്ചായത്തിലെ ബെണ്ണ, മുതുകുളി, നാഗംപള്ളി തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങളെ കുടിയിറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് പത്ത് ഏക്കര്‍ ഭൂമി നല്‍കുക, ആദിവാസി ഗ്രാമങ്ങളിലെ റോഡ്, നടപ്പാത, കുടിവെള്ളം, വൈദ്യുതി, വീട് തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, ഗ്രാമങ്ങളില്‍ സ്‌കൂള്‍, അംഗന്‍വാടി, കമ്മ്യുണിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, കൈവശ ഭൂമിക്ക് പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. ബൊമ്മന്‍ അധ്യക്ഷത വഹിച്ചു. സുരേഷ്, മലൈചാമി, അഡ്വ. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സമരക്കാര്‍ തഹസില്‍ദാര്‍ ഇന്‍ചാര്‍ജ് ടി എസ് ഒ മുത്തുവിന് നിവേദനം നല്‍കി. ആറ് വര്‍ഷമായി ആദിവാസികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആവശ്യങ്ങളാണിത്. ഇതിന് ശാശ്വതപരിഹാരം കണ്ടിട്ടില്ലെങ്കില്‍ മരണംവരെ നിരാഹാര സമരം നടത്തുമെന്ന് ആദിവാസികള്‍ മുന്നറിയിപ്പ് നല്‍കി. ഡി വൈ എസ് പി ഗോപിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് താലൂക്ക് ഓഫീസിന് മുമ്പില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

Latest