കൂട്ട മതപരിവര്‍ത്തന ചടങ്ങ്: രാജ്യസഭ ഇളകിമറിഞ്ഞു

Posted on: December 16, 2014 4:04 am | Last updated: December 16, 2014 at 10:05 am

rajya_2245153fന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തനത്തെയും അയോധ്യ വിഷയത്തെ സംബന്ധിച്ച് ബി ജെ പി. എം പി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പ്രസ്താവനയെയും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. കേന്ദ്ര മന്ത്രി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയെങ്കിലും ഭരണഘടനയുടെ മതേതരത്വ സവിശേഷത നശിപ്പിക്കാനുള്ള മത്സരത്തിലാണ് ബി ജെ പി. എം പിമാരെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചയുണ്ടാകണം. ജ്യോതി വിവാദത്തെ തുടര്‍ന്ന് സഭക്ക് മോദി ഉറപ്പുനല്‍കിയെങ്കിലും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന നിലയിലാണ് ബി ജെ പി അംഗങ്ങള്‍ പെരുമാറുന്നതെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
രാജ്യസഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരിയെ കണ്ട് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതായി യെച്ചൂരി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി സഭക്ക് ഉറപ്പുനല്‍കണമെന്ന് സി പി ഐ നേതാവ് ഡി രാജ പറഞ്ഞു. രാജ്യസഭ വെറും സംസാരത്തിനുള്ള ഇടമല്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. ജ്യോതി വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഉറപ്പ് വേണ്ട ഫലം ചെയ്തില്ല. ഭരണഘടനയുടെ അടിസ്ഥാന ഘടന നശിപ്പിക്കുന്ന പാര്‍ട്ടി എം പിമാരുടെ പെരുമാറ്റത്തില്‍ പ്രധാനമന്ത്രി ഉത്തരം പറയേണ്ടതുണ്ട്. യെച്ചൂരി അഭിപ്രായപ്പെട്ടു.
വികസന വിഷയങ്ങള്‍ ഏറ്റുപിടിച്ചാണ് ബി ജെ പി അധികാരത്തിലെത്തിയതെന്നും ലക്ഷ്യത്തില്‍ നിന്ന് വഴിതെറ്റരുതെന്നും എന്‍ ഡി എ സഖ്യത്തിലുള്ള ആര്‍ പി ഐയുടെ നേതാവ് രാംദാസ് അത്താവ്‌ലെ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ വിശാലവും വികസനോന്മുഖവുമായ പ്രതിച്ഛായ ബി ജെ പിയുടെ വിജയത്തിന് കാരണമായിട്ടുണ്ട്. സ്വന്തം ആഗ്രഹപ്രകാരമുള്ള മതംമാറ്റം വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാല്‍, മതംമാറ്റം സര്‍ക്കാറിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഉപേക്ഷിക്കേണ്ടതാണ്. അത്താവ്‌ലെ പറഞ്ഞു.