നിയമസഭയില്‍ ഇന്നലെ

Posted on: December 16, 2014 9:22 am | Last updated: December 16, 2014 at 9:23 am

niyamasabhaപോലീസ് സര്‍വീസിലെ 976 പേര്‍
ക്രിമിനല്‍ കേസിലകപ്പെട്ടവര്‍
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരും കുറ്റവിമുക്തരായിട്ടുള്ളവരുമായ 976 പേര്‍ പൊലീസ് സര്‍വീസില്‍ തുടരുന്നുണ്ട്. പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുന്നവരേയും അതിനു നിര്‍ദേശം നല്‍കുന്നവരേയും മാറ്റിനിര്‍ത്തുന്നതിനുള്ള നടപടി നടന്നുവരുന്നതായി എം എം ആരിഫ്, പി ടി എ റഹീം, ആര്‍ രാജേഷ്, കെ വി അബ്ദുല്‍ ഖാദര്‍ എന്നിവരെ രമേശ് ചെന്നിത്തല അറിയിച്ചു. 2014 ഡിസംബര്‍ എട്ടിലെ കണക്കുപ്രകാരം 71 വിദേശികള്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും മന്ത്രി. ശിക്ഷാകാലവധി കഴിഞ്ഞ് മോചനം കാത്തുകഴിയുന്ന മൂന്നു വിദേശികളും സംസ്ഥാനത്തെ ജയിലുകളിലുണ്ട്.

ജനസമ്പര്‍ക്കം:
ചികിത്സാതുക
കുടിശ്ശിക 8.10 കോടി
ജനസമ്പര്‍ക്കപരിപാടിയില്‍ അപേക്ഷകര്‍ക്കനുവദിച്ച ചികിത്സാ ധനസഹായത്തില്‍ സംസ്ഥാനത്ത് 81,0,24000 രൂപ ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അപേക്ഷകരുടെ ബാഹുല്യവും ഫണ്ടിന്റെ ലഭ്യതക്കുറവും കാരണം ഗുണഭോക്താക്കള്‍ക്കു തുക ലഭ്യമാക്കാന്‍ കാലതാമസം നേടിരുന്നുണ്ട്. ഏറ്റവുമധികം തുക വിതരണം ചെയ്യാനുള്ളത് കൊല്ലത്താണ്. 2.94 കോടി രൂപ.
ആലപ്പുഴയില്‍ 2.5 കോടി രൂപയും കാസര്‍ഗോഡ് 1.5 കോടിയും വിതരണം ചെയ്യാന്‍ ബാക്കിയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 22,39,000 രൂപയും ഇടുക്കിയില്‍ 84,2,800 രൂപയും കോഴിക്കോട് 9,19,000 രൂപയും വിതരണം ചെയ്യാനുണ്ട്. കണ്ണൂരില്‍ സ്‌ക്രീനിംഗ് കമ്മറ്റി കൂടിയശേഷം മാത്രമേ വിതരണം ചെയ്യാന്‍ ബാക്കിയുള്ള തുകയുടെ കണക്കുകള്‍ ലഭ്യമാകൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3616564590 രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. ഇതില്‍ 3323841800 രൂപ ജില്ലാ കലക്ടര്‍മാര്‍ക്കായി അനുവദിച്ചതാണ്.
വിജിലന്‍സ് മാന്വല്‍
പരിഷ്‌കരിക്കാന്‍
നടപടി തുടങ്ങി
അഴിമതിയാരോപണങ്ങളും കൃത്യവിലോപങ്ങളും അന്വേഷിക്കുന്നതിന് വിജിലന്‍സ് മാന്വല്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.
ലളിതകുമാരിയും യു പി സര്‍ക്കാറും തമ്മിലുള്ള കേസില്‍ സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മാന്വല്‍ പരിഷ്‌കരിക്കുന്നത്. ഇതുവരെ സിറാജുദ്ദീനും മദ്രാസ് സ്റ്റേറ്റും തമ്മിലുള്ള കേസിന്റെ അടിസ്ഥാനത്തിലുള്ള മാന്വല്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. ജി സുധാകരന്‍, കോടിയേരിബാലകൃഷ്ണന്‍, ബാബു എം പാലിശ്ശേരി, സാജുപോള്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
റോഡ് സുരക്ഷാ ബില്‍:
ചട്ടങ്ങള്‍ രൂപപ്പെടുത്താനാകില്ല
കേന്ദ്ര റോഡ് സുരക്ഷാ ബില്‍ ഇപ്പോഴത്തെ നിലയില്‍ നിയമമായി വരികയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയില്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ നിയമം നിലവില്‍ വരുന്നതോടുകൂടി യൂനിഫൈഡ് ഡ്രൈവിംഗ് ലൈസന്‍സ് സമ്പ്രദായം മുഖേന ഇപ്പോള്‍ ലൈസന്‍സ് നേടിയിട്ടുള്ളവരും രണ്ടുവര്‍ഷത്തിനുള്ളില്‍ പുതിയ ലൈസന്‍സ് നേടിയിരിക്കണം. ഇതു നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുമെന്നും സി മമ്മൂട്ടി, എന്‍ എ നെല്ലിക്കുന്ന്, പി ഉബൈദുല്ല, കെ എന്‍ എ ഖാദര്‍ എന്നിവരെ മന്ത്രി അറിയിച്ചു.
നിതാഖത്ത്: 320 പേര്‍ക്ക് വായ്പ ലഭ്യമാക്കി
നിതാഖത്ത് നിയമത്തെ തുടര്‍ന്ന് സഊദിയില്‍ നിന്ന ്‌ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുടെ പുനരധിവാസ പദ്ധതിയില്‍ നോര്‍ക്ക വഴി ആരംഭിച്ച സ്വയം തൊഴില്‍ വായ്പ പദ്ധതിയില്‍ ലഭിച്ച 19,690 അപേക്ഷകളില്‍ 320 പേര്‍ക്ക് വായ്പ ലഭ്യമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് കഴിഞ്ഞ ഒക്ടോബര്‍ 31 വരെ 104.29 കോടി രൂപയുടെ പരസ്യം പി ആര്‍ഡി വഴി അച്ചടി, ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയതായി കെ സി ജോസഫ് കെ എസ് സലീഖയെ അറിയിച്ചു.
2011ല്‍ 36.17 കോടി, 2012ല്‍ 26.48 കോടി, 2013ല്‍ 24.02 കോടി, 2014 17.61 കോടി യാണ് പരസ്യം നല്‍കിയത്. മതസാമുദായിക ,രാഷ്ട്രീയ, ചാരിറ്റബിള്‍ സംഘടനകളുമായി ബന്ധപ്പെട്ട കമ്മിറ്റികളില്‍ സര്‍ക്കാര്‍ പൊതുമേഖല എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അംഗമാകുന്നതും ഭാരവാഹികളാകുന്നതും വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കുന്ന കാര്യം പരിഗണനയിലില്ല. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചില ജാതി സാമുദായിക സംഘടനകള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ടി എ അഹ്മദ് കബീറിനെ അറിയിച്ചു.
കെ എസ് ആര്‍ ടി സി നിരക്ക്
വര്‍ധനയുണ്ടാകുമെന്ന് മന്ത്രി
സെസ് ഏര്‍പ്പെടുത്തുന്നതോടെ കെ എസ്ആര്‍ ടി സിയില്‍ സ്വകാര്യ ബസുകളേക്കാള്‍ നിരക്കു വര്‍ധിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 25 രൂപമുതലുള്ള ടിക്കറ്റുകള്‍ക്കാണ് സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തുന്നതെന്നും ചിറ്റയം ഗോപകുമാര്‍, ഇ ചന്ദ്രശേഖരന്‍, വി ശശി എന്നിവരെ മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വനംവകുപ്പിന്റെ കണക്കുപ്രകാരം 691 നാട്ടാനകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതില്‍ 51 എണ്ണം 60 വയസ്സ് കഴിഞ്ഞവയാണ്. 60 വയസ്സ് കഴിഞ്ഞ നാട്ടാനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്ന കേന്ദ്ര നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും ബാബു എം പാലിശ്ശേരിയെ മന്ത്രി അറിയിച്ചു. വനം വന്യജീവി വകുപ്പിന്റെ കണക്കനുസരിച്ച് 8006.48 കിലോഗ്രാം ആനക്കൊമ്പ് സ്റ്റോക്കുണ്ടെന്നു ബാബു എം പാലിശ്ശേരിയെ മന്ത്രി അറിയിച്ചു. തരുവനന്തപുരം ഫോറസ്റ്റ് ആസ്ഥാനത്ത് മാത്രം 3497 കിലോഗ്രാം ആനക്കൊമ്പ് സ്റ്റോക്കുണ്ട്.

പീഡനക്കേസുകള്‍ 47198; കൊലപാതകങ്ങള്‍ 436
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 47,198 സ്ത്രീ പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ഉള്‍പ്പെടുന്ന 4157 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഈ കാലയളവില്‍ 354 സ്ത്രീകളും, 82 പെണ്‍കുട്ടികളും കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും. കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 14,480 മോഷണകേസുകളും, 2,800 കവര്‍ച്ചകളും, 2284 പിടിച്ചുപടി, 10189 ഭവനഭേദന കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കാലയളവില്‍ 1258 കൊലപാതങ്ങളും നടന്നിരുന്നു. ഇതില്‍ രണ്ടുകേസുകള്‍ സി ബി ഐക്ക് വിട്ടിട്ടുണ്ട്. ഒരു കേസ് കൈമാറി വിജ്ഞാപനം പുറപ്പെടിവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത 4,434 വ്യാപരികള്‍ക്കെതിരെ നടപടി കൈക്കൊണ്ടിട്ടുണ്ട്. ഇവരില്‍ നിന്ന് പിഴയിനത്തില്‍ 7,52,600 രൂപ ഈടാക്കിയിട്ടുണ്ട്.
പട്ടികജാതി ക്ഷേമ
സഹകരണ സംഘം:
ഓഹരി മൂലധന
നിക്ഷേപം വര്‍ധിപ്പിക്കും
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി ക്ഷേമസഹകരണ സംഘങ്ങള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ ഓഹരി മൂലധന നിക്ഷേപമായി നല്‍കി വരുന്ന രണ്ടുലക്ഷം രൂപ എന്നത് നാലുലക്ഷമായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എ പി അനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു.