Connect with us

Kerala

മദ്യ നയം: മന്ത്രിസഭ തീരുമാനിക്കും

Published

|

Last Updated

തിരുവനന്തപുരം: മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടുകളെ തള്ളി തീരുമാനം മന്ത്രിസഭക്ക് വിടാന്‍ യു ഡി എഫ് തീരുമാനം. ഇക്കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാന്‍ മുന്നണിയോഗം കാബിനെറ്റിനെ ചുമതലപ്പെടുത്തി.

മദ്യനയത്തില്‍ അടിസ്ഥാനമാറ്റം വരുത്താതെ മുന്നോട്ടുപോകുമെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി, മദ്യനിരോധത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍, ടൂറിസം മേഖലയിലെ പരാതികള്‍, ഹൈക്കോടതി ഇടപെടല്‍ എന്നിവ കണക്കിലെടുത്ത് പ്രായോഗിക മാറ്റം അനിവാര്യമാണെന്ന് വിശദീകരിച്ചു. ഡ്രൈ ഡേ പ്രഖ്യാപനം പിന്‍വലിക്കുക, വൈന്‍, പുതിയ ബിയര്‍ പാര്‍ലറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക, ക്ലബുകളുടെ ലൈസന്‍സ് സംബന്ധിച്ച് അമന്തിമ തീരുമാനമെടുക്കുക ഉള്‍പ്പടെ തീരുമാനമെടുക്കാതെ മാറ്റിവെച്ച കാര്യങ്ങളിലും മന്ത്രിസഭ തീരുമാനമെടുക്കും. മദ്യനയത്തെ തുടര്‍ന്ന് ടൂറിസം, തൊഴില്‍ മേഖലകളില്‍ ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടൂറിസം, തൊഴില്‍ വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതുകൂടി പരിഗണിച്ചായിരിക്കും മന്ത്രിസഭ തീരുമാനമെടുക്കുക.
അതേസമയം, ഈ തീരുമാനത്തോട് കെ പി സി സി പ്രസിഡന്റ് പൂര്‍ണമായി യോജിച്ചില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ട് മേഖലയില്‍ ഒതുക്കാതെ ഇക്കാര്യത്തില്‍ കുറേക്കൂടി സമഗ്രമായ പഠനം വേണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. മദ്യനയത്തിലെ ഒരു തീരുമാനവും മാറ്റനാകില്ല. മദ്യനിരോധത്തെ തുടര്‍ന്ന് സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ ഉള്‍പ്പടെ എല്ലാവശങ്ങളും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, അതുവരെ തീരുമാനം നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്. കേരള േകാണ്‍ഗ്രസ്-എം, ആര്‍ എസ് പി, ജെ എസ് എസ്, സി എം പി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ പാര്‍ട്ടികള്‍ ഈ നിര്‍ദേശത്തെ അംഗീകരിച്ചു. മദ്യനിരോധനത്തില്‍ ഉറച്ചുനിന്നുള്ള സമീപനമാണ് മുസ്‌ലീം ലീഗ് പ്രകടിപ്പിച്ചത്. പ്രായോഗിക മാറ്റംവരുത്തുന്നതിനോട് കേരളാ കോണ്‍ഗ്രസ്- ബിയും എതിര്‍പ്പുന്നയിച്ചു. ചിലര്‍ ഒരുമാറ്റവും വേണ്ടെന്ന് പറഞ്ഞപ്പോള്‍ മറ്റുചിലര്‍ ചില നീക്കുപോക്കുകള്‍ ആകാമെന്നും അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രാന്വേഷണം വേണമെന്ന സുധീരന്റെ ആവശ്യം പരിഗണിച്ചാല്‍ മദ്യനയത്തില്‍ ഇനിയും കാലതാമസം നേരിടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സുധീരന്‍ ഉന്നയിച്ച ആവശ്യവും മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇത്തരം പ്രയോഗിക സമീപനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ മന്ത്രിസഭയുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന യോഗത്തിന്റെ വിലയിരുത്തലിനെയും വി എം സുധീരന്‍ എതിര്‍ത്തു.
ദേശീയ പാതയിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂര്‍ണമായും അടച്ചുപൂട്ടണമെന്ന കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി. ഏകദേശം 150 ഔട്ട്‌ലെറ്റുകള്‍ ദേശീയപാതക്ക് അരുകിലുണ്ട്. ഇവ ഒറ്റയടിക്ക് അടച്ചുപൂട്ടാനാകില്ല. അതേസമയം, ഒരോ വര്‍ഷവും പത്ത് ശതമാനം ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പത്ത് ശതമാനം ഔട്ട്‌ലെറ്റുകള്‍ ദേശീയപാതക്ക് ഇരുവശത്തുമുള്ളവയാക്കി, ഘട്ടംഘട്ടമായി അടച്ചുപൂട്ടണമെന്ന നിര്‍ദേശം അംഗീകരിക്കപ്പെട്ടു. ഇക്കാര്യം കോടതിയെ അറിയിക്കും.
ഞായറാഴ്ച ഡ്രൈ ഡേ ആക്കിയത് ഒഴിവാക്കാന്‍ തത്വത്തില്‍ ധാരണയായെന്നാണ് സൂചന. ഒപ്പം കോടതി നിര്‍ദേശിച്ച ബാറുകള്‍ക്കും ലൈസന്‍സ് നല്‍കും. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചില്‍ സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളിയ കോടതി രൂക്ഷമായ വിമര്‍ശവും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest