ബംഗ്ലാദേശ് പ്രസിഡന്റ് ഡിസംബര്‍ 18ന് ഡല്‍ഹിയിലെത്തും

Posted on: December 15, 2014 8:58 pm | Last updated: December 16, 2014 at 12:26 am

bangladesh presidentന്യൂഡല്‍ഹി:ആറ് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഡിസംബര്‍ 18 ന് ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരുമായി ഹമീദ് കൂടിക്കാഴ്ച നടത്തും. ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ സെയിദ് മൊസം അലി ഉള്‍പ്പെടെയുള്ള സംഘം ഹമീദിനെ അനുഗമിക്കും.

ഇന്ത്യ-ബംഗ്ലാദേശ് ഭൂമി കൈമാറ്റ കരാര്‍ നടപ്പിലാകാന്‍ പോകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. ആസം, പശ്ചിമ ബംഗാള്‍, മേഖാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളാണ് കൈമാറ്റ കരാര്‍ പരിധിയില്‍ വരുക. ഈ പ്രദേശങ്ങളില്‍ 51,000 ആളുകളാണ് വസിക്കുന്നത്. അതിര്‍ത്തിക്കപ്പുറമുള്ള പ്രദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതു സംബന്ധിച്ച കരാറിനു തയാറാണെന്ന സൂചനകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയിരുന്നു.