ഗ്യാസ് സിലിണ്ടര്‍ കയറ്റിയ കാര്‍ അപകടത്തില്‍പെട്ടു

Posted on: December 15, 2014 5:00 pm | Last updated: December 15, 2014 at 5:17 pm

അബുദാബി: 22 പാചക വാതക സിലിണ്ടറുകളുമായി പോകുകയായിരുന്ന കാര്‍ അപടത്തില്‍പെട്ടെങ്കിലും ഭാഗ്യത്തിന് പൊട്ടിത്തെറിയില്ലാതെ രക്ഷപ്പെട്ടു. അബുദാബി ദുബൈ റോഡില്‍ ഗന്‍തൂത്തിനടുത്തായിരുന്നു ശനിയാഴ്ച ഉച്ചക്ക് ശേഷം അപകടം. അപകടത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ പ്രവചനാതീതമായ നാശനഷ്ടമാവുമായിരുന്നു ജീവനും സ്വത്തിനും സംഭവിക്കുകയെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. 34 കാരനായ ഏഷ്യക്കാരനാണ് സുരക്ഷിതമല്ലാത്ത രീതിയില്‍ കാറില്‍ സിലിണ്ടര്‍ കയറ്റിയത്. സുരക്ഷിതത്വം ഉറപ്പാക്കാതെ വാഹനങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ കടത്തുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുമെന്ന് ഓര്‍ക്കണമെന്ന് അബുദാബി പോലീസ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കേണല്‍ ഹമാദ് നാസര്‍ അല്‍ ബലൂഷി അഭിപ്രായപ്പെട്ടു. ലൈസന്‍സില്ലാതെ സഞ്ചരിക്കുന്ന ഇത്തരം വാഹനങ്ങള്‍ ടൈംബോബിന് സമാനമാണെന്നും അല്‍ ബലൂശി അഭിപ്രായപ്പെട്ടു.