ഡി എസ് എഫിന് വന്‍ താരനിര

Posted on: December 15, 2014 5:11 pm | Last updated: December 15, 2014 at 5:11 pm

ദുബൈ: ഷോപ്പിങ് ഫെസ്റ്റിവെലിന്റെ 20-ാം വാര്‍ഷികം പ്രമാണിച്ച് 20 താരങ്ങള്‍ അണിനിരക്കുന്ന ‘സെലിബ്രേഷന്‍ നൈറ്റ്‌സ്’ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അറബ് താരങ്ങള്‍ നേതൃത്വം നല്‍കുന്ന സംഗീതനിശകളില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം എന്നതാണ് സവിശേഷത.
പ്രമുഖ സഊദി പാട്ടുകാരന്‍ മുഹമ്മദ് അബ്ദു, ഇമാറാതി സൂപ്പര്‍സ്റ്റാര്‍ ഹുസ്സൈന്‍ അല്‍ ജാസ്മി, ഈജിപ്ഷ്യന്‍ പോപ്താരം അമര്‍ ദിയാബ്, ഇമാറാതി താരം അഹ്ലം, ലെബനീസ് ഗായികമാരായ നാന്‍സി അജ്‌റാം, എലീസ, ഇറാഖി ഗായകന്‍ മാജിദ് മൊഹന്ദിസ് തുടങ്ങിയവര്‍ ‘ആഘോഷരാവുകളി’ല്‍ അതിഥികളായെത്തും. പ്ലാറ്റിനം റെക്കോഡ്‌സ് എന്ന എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഡി എസ് എഫില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഡി എഫ് ആര്‍ ഇ. സി ഇ ഒ ലൈല മുഹമ്മദ് സുഹൈല്‍ വ്യക്തമാക്കി. മീഡിയ സിറ്റിയിലെ ആംഫി തിയേറ്ററിലായിരിക്കും പരിപാടികള്‍ അരങ്ങേറുക. പുതുവത്സര ദിനത്തിലാണ് ഡി എസ് എഫിന് തുടക്കമാകുക.