ഗ്രാമീണ മേഖലയില്‍ വികസനം എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി

Posted on: December 15, 2014 11:02 am | Last updated: December 15, 2014 at 11:02 am

വെള്ളമുണ്ട: ഗ്രാമീണ മേഖലയില്‍ വികസനം എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമതത്ത് മന്ത്രി പി കെ ഇബ്‌റാഹീം കുഞ്ഞ്. ഏറ്റവും വേഗത്തില്‍ ജനകീയ പദ്ധതി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളിലെ പോലെ ഒന്നും രണ്ടും പ്രാവശ്യം തറക്കല്ലിടല്‍ മാത്രം നടത്തുകയും പ്രവര്‍ത്തികള്‍ തുടങ്ങാതിരിക്കുകയും ചെയ്യുന്ന പ്രവണതക്ക് അവസാനം കുറിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനാലാണ് പാലം, റോഡ് തുടങ്ങിയ എല്ലാ വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും പ്രവര്‍ത്തികള്‍ തുടങ്ങിയതിന് ശേഷം മാത്രമെ കല്ലിടല്‍ കര്‍മ്മം നടത്തുകയും ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. തറക്കല്ലിടലില്‍ ഒതുക്കി നാടിന്റെ വികസനങ്ങള്‍ തടയുന്ന സ്ഥിതിക്ക് മാറ്റം വരുത്താന്‍ യു ഡി എഫിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ വികസന നയം മറ്റു സംസ്ഥാനങ്ങല്‍ക്ക് മാതൃകയായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
നിരവില്‍പുഴ, ഐ സി കടവ് പാലങ്ങളുടെ ഉദ്ഘാടനവും പൊള്ളംപാറ പാലത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിരവില്‍പുഴയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ബിന്ദുബാബു, ചിന്നമ്മ ജോസ്, ടി മുഹമ്മദ്, ഇ കെ കുഞ്ഞാമന്‍, ടി മൊയ്തു, റംലാ ജമാല്‍, ആഇശ അബൂബക്കര്‍, ഗീതാബാബു, പി കെ ചന്തു, വി പോക്കര്‍, ജലീല്‍ മാസ്റ്റര്‍, പടയന്‍ അബ്ദുല്ല, കെ കെ അഹമ്മദ്ഹാജി, പി എ മൊയ്തുട്ടി സംബന്ധിച്ചു. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കെ വി ആസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ദിവാകരന്‍ സ്വാഗതവും അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം പി അംബിക നന്ദിയും പറഞ്ഞു.